എവറസ്റ്റ് കീഴടക്കി പട്ടാമ്പിക്കാരൻ; പ്രവാസിക്ക് അപൂർവ്വ നേട്ടം

എവറസ്റ്റ് കൊടുമുടി കീഴടക്കിയ പാലക്കാട് പട്ടാമ്പിക്കാരനെ പരിചയപ്പെടാം. പ്രവാസിയായ അബ്ദുല്‍ നാസറാണ് കേരളത്തിന് അഭിമാനമായത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയും ആദ്യ പ്രവാസിമലയാളിയുമാണ് അബ്ദുല്‍ നാസര്‍.  

പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ ഗ്രാമത്തിലെ അബ്ദുല്‍നാസര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത് 29 ദിവസം കൊണ്ടാണ്. എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തിയ ആദ്യ പ്രവാസി മലയാളിയാണ് അബ്ദുല്‍നാസര്‍. സാഹസീകത വിവരിക്കാനാവില്ല. 26 പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേര്‍ക്ക് ലക്ഷ്യത്തിലെത്തും മുന്‍പേ ജീവന്‍നഷ്ടപ്പെട്ടെങ്കിലും അപകടകരമായ സാഹചര്യത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ചു അബ്ദുല്‍ നാസര്‍.

  തുടര്‍ച്ചയായി 17 മണിക്കൂര്‍ 3.8 കിലോമീറ്റര്‍ ദൂരത്തില്‍ കടലില്‍ നീന്തുകയും 180കിലോമീറ്റില്‍ സൈക്ലിംഗ് നടത്തുകയും 42 കിലോമീറ്ററില്‍ ഓടുകയും ചെയ്തതിന് അയേണ്‍മാന്‍ ബഹുമതി മുന്‍പ് ലഭിച്ചിട്ടുണ്ട്. പാരീസുള്‍പ്പടെ ഏഴോളം രാജ്യങ്ങളില്‍ മാരത്തണുകളില്‍ പങ്കെടുത്തു. ദി റോഡ് ലെസ് ട്രാവല്‍ഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. എവറസ്റ്റിന് ശേഷം ഇനിയെന്തെന്ന് 42 കാരനായ അബ്ദുല്‍ നാസര്‍ ചിന്തിക്കുകയാണ്.  

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നാസറിന് ഖത്തര്‍ പെട്രോളിയത്തിലാണ് ജോലി.