മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്ല്യാണം നടത്തി ഒരച്ഛന്‍; സ്വത്തും എഴുതിനല്‍കി

kottayam-wedding
SHARE

ജീവിതം ചിലസമയം സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ അത്ഭുതമായി മാറാറുണ്ട്. അത്തരത്തിൽ അത്ഭുതമെന്ന് തോന്നുന്ന ഒരു കല്യാണം കഴിഞ്ഞ ദിവസം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ നടന്നു. മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അച്ഛന്റെ സ്നേഹമാണ് തിരുനക്കരക്കാർ ഈ വിവാഹത്തിൽ കണ്ടത്. 

ആറു വർഷം മുൻപാണ് തിരുനക്കര സ്വദേശി ഷാജിയുടെ മകൻ ഒരു പെൺകുട്ടിയെ പ്രണയിച്ച്, ഇരുവരും നാടുവിടുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് രണ്ട് പേരും കോടതിയിൽ ഹാജരായി. പ്രായപൂർത്തിയാകാത്തതിനെത്തുടർന്ന് കോടതി ഇരുവരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടു. വിവാഹപ്രായമെത്തുമ്പോൾ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് വീട്ടുകാരും പരസ്പരം സമ്മതിച്ചു. പെൺകുട്ടി സ്വന്തം വീട്ടിലും ആൺകുട്ടി ഹോസ്റ്റലിലുമായി പഠനം തുടർന്നു.

ഇതിന്റെ ഇടയ്ക്ക് ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ പ്രണയിച്ചു. ഇതോടെ ഷാജി മകനെയും ഗൾഫിലെ ജോലി സ്ഥലത്ത് ഒപ്പം കൂട്ടി. എന്നാൽ കഴിഞ്ഞ വർഷം നാട്ടിലെത്തിയ മകൻ ആദ്യ കാമുകിയെ മറന്ന് രണ്ടാമത്തെയാളെ വിവാഹം കഴിച്ചു. ഇതറിഞ്ഞ ഷാജി മകനെ തള്ളിപ്പറഞ്ഞു, ഇക്കാലമത്രയും മകനെ മാത്രം മനസിൽ കൊണ്ടു നടന്ന് കാത്തിരുന്ന പെൺകുട്ടിയുടെ പേരിൽ മകനുള്ള സ്വത്തുകളെല്ലാം എഴുതിവെച്ചു. കഴിഞ്ഞദിവസം ആർഭാടത്തോടെ പെൺകുട്ടിയുടെ വിവാഹവും നടത്തി. 

MORE IN SPOTLIGHT
SHOW MORE