താലോലിക്കാന്‍ കൈകളില്ലാത്ത ആ അമ്മ; ‘ഷോക്കടിപ്പിച്ച’ വിഷ്വല്‍: ക്യാമറാമാന്‍റെ അനുഭവം

mother-without-hand
SHARE

മാതൃദിനത്തില്‍ മനോരമ ന്യൂസ് ക്യാമറാമാന്‍ മഹേഷ് പോലൂര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്ളില്‍ നോവായി കയറിക്കൂടിയ ഒരമ്മയെയും കുഞ്ഞിനെയും ഓര്‍ത്തെടുക്കുന്നു


വലതു കയ്യിൽ ക്യാമറ മുറുകെ പിടിച്ച്... നെഞ്ചോടു ചേർത്ത്, ഒരു ഉത്തരേന്ത്യൻ യാത്ര ഞാൻ സ്വപ്നം കാണുന്നു. അന്ന് രണ്ടു കൈകളും ഉയർത്തിക്കാണിച്ച് പൊട്ടിച്ചിരിക്കുമായിരിക്കും ആ അമ്മ... 11 വർഷത്തെ പഴക്കമുണ്ട് എന്‍റെ ക്യാമറയില്‍ പതിഞ്ഞ ആ അമ്മയുടെ ദൃശ്യങ്ങൾക്ക്. സമ്പന്നതയും ദാരിദ്യവും ഒരേ ഇലയിലെ വിഭവങ്ങളാക്കിയ ഡൽഹി നഗരം. ദൃശ്യമാധ്യമ പ്രവർത്തകനായി എത്തിയ കാലം മുതൽ അമ്പരപ്പ് തരുകയായിരുന്നു ഡൽഹി. തെരുവോരങ്ങളിൽ തണുപ്പകറ്റാൻ പാടുപ്പെടുന്ന ദരിദ്ര സമൂഹത്തെ എവിടെയും കാണാം, അതിലൊരാൾ മാത്രമല്ല ഈ അമ്മ. 

2008 മാർച്ച് മാസത്തിലെ ഒരു ദിനം, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലേക്ക് വാർത്തകൾക്കായി കുതിക്കുന്ന സമയം, തെരുവോരത്ത് മാസങ്ങൾ പ്രായമുള്ള കുഞ്ഞുമായിരിക്കുന്ന അമ്മയെ അപ്പോഴാണ് കണ്ടത്. കണ്ണുകൾ പോലും വിശ്വസിച്ചില്ല ആ കാഴ്ച. രണ്ടു കൈകളും ഇല്ലാത്ത അമ്മ തന്റെ കുഞ്ഞിനെ താലോലിക്കുന്നു. അടുത്ത് ചെന്ന് കാര്യങ്ങൾ തിരക്കി. ‘മധ്യപ്രദേശിലെ മുൾത്തായ് ഗ്രാമത്തിൽ നിന്നാണ് ഡൽഹിയിൽ എത്തിയത്, ഒരു സഹായം തേടിയാണ് ഇവിടേക്ക് വന്നത്..’ മുഛെ ഹാത്ത് ചാഹിയേ ബയ്യാ... സ്വന്തം കുഞ്ഞിനെ താലോലിക്കാൻ എനിക്ക് കൈകൾ വേണം, ഡല്‍ഹിക്ക് വന്നാൽ ആരെങ്കിലും സഹായിക്കും, ഗോതമ്പു പാടത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ ഷോക്കേറ്റു കൈകൾ നഷ്ടപ്പെട്ടു, കർഷകനായ ഭർത്താവുമൊന്നിച്ചാണ് തലസ്ഥാന നഗരിയിലേക്ക് വന്നത്.

ആരെങ്കിലും സഹായിച്ചോ എന്നായിരുന്നു എന്റെ ചോദ്യം: ‘ഉം.. മതത് കിയാ സാബ്.. സാബ് ഭഗ് വാൻ ഹെ.....!!! 500 രൂപ തന്ന് സഹായിച്ച ഉത്തരേന്ത്യയിലെ വലിയ രാഷ്ട്രീയക്കാരൻ പോലും അവർക്ക് ദൈവമാണ്.

സംസാരത്തിനിടയിൽ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി, ഒന്നുമറിയാതെ പുഞ്ചിരിച്ച് അമ്മയുടെ കൈകൾ തിരയുകയായിരുന്നു അവൻ. സത്യം മനസ്സിലാക്കിയെന്നോണം അമ്മയുടെ നെഞ്ചിലേക്ക് മുറുകെ പിടിച്ച് അവൻ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അമ്മ ആ മകനെ ചുംബിച്ചു കൊണ്ടേയിരുന്നു. മകന്റെ മുഖത്ത് വന്നിരുന്ന ഈച്ചയെ പറത്താൻ മുഖത്ത് ഊതി നൽകി അമ്മ. 

എന്തുചെയ്യണമെന്നറിയാതെ ഷോക്കേറ്റത് എനിക്കായിരുന്നു. ക്യാമറയെടുത്ത് ദൂരെ മാറി നിന്ന് അമ്മയുടെ സ്നേഹം ഒപ്പിയെടുത്തു. അവരറിയാതെ. ചില ദൃശ്യങ്ങൾ പതിയുന്നത് ക്യാമറയിൽ അല്ല, നെഞ്ചിലാണ്. ആഴത്തിൽ പതിയുന്ന കാഴ്ചകൾ കണ്ണീരു ചേർത്ത് ഉറപ്പിച്ച് വയ്ക്കും. പിന്നെ അത് മായില്ല എത്ര കാലം കഴിഞ്ഞാലും. തിരക്കുപിടിച്ച വാർത്താദിനത്തിൽ വൈകിട്ട് അതേ തെരുവിൽ വീണ്ടുമെത്തി. അവിടെ മറ്റാരൊക്കയോ ജീവിതം തുടങ്ങിയിരിക്കുന്നു. ഡൽഹിയിലെ തെരുവുകൾ അങ്ങനെയാണ്. അതിഥികളെ സൽക്കരിച്ചു കൊണ്ടിരിക്കും. വർഷങ്ങൾ കഴിഞ്ഞു ഡൽഹിയിൽ നിന്ന് കൊച്ചിയിൽ എത്തി. 

2013 ലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രം ഞാൻ കണ്ടത്. ‘രണ്ടു കൈകളും ഇല്ലാത്ത അമ്മയ്ക്ക് ഭക്ഷണം നൽകുന്ന മകൻ..’ അന്ന് എന്റെ ക്യാമറയ്ക്ക് മുന്നിൽ കണ്ട അമ്മയും മകനും. ഡൽഹിയിലെ തെരുവിൽ സഹായങ്ങൾ തേടി  ഇപ്പോഴും ഉണ്ടാകും ആ അമ്മയും മകനും. .2008ലെ മാതൃദിനത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: @മാതൃത്വം ഇനി കാണുന്ന കാഴ്ചയെ പോലെയാണ്... നിസ്സഹായതയുടെ പാരമ്യത്തിലും സ്നേഹവാത്സല്ല്യങ്ങൾ ചൊരിഞ്ഞു കൊണ്ടിരിക്കും.... ജീവിതാന്ത്യത്തിൽ തനിക്ക് കൈത്താങ്ങാകുമെന്ന് പ്രതീക്ഷിച്ച് ഈ അമ്മയും തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിക്കുകയാണ്. തലസ്ഥാനത്തിന്റെ തിരക്കുകൾക്കിടയിൽ ഞങ്ങളുടെ ക്യാമറാമാൻ മഹേഷ് പോലൂർ പകർത്തിയ ദൃശ്യങ്ങളിലേക്ക്..’

എഴുതിവച്ച തിരക്കഥയ്ക്കനുസരിച്ച് മുഖത്ത് ഭാവങ്ങൾ മാറ്റി വരയ്ക്കുന്ന കലാകാരൻമാരല്ല ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ വരാറ്. നിലവിളിച്ച് കരയുകയും പൊട്ടിച്ചിരിച്ച് സന്തോഷം പങ്കിടുകയും ചെയ്യുന്ന പച്ച മനുഷ്യരാണ്. അതെ അതാണ് തുടക്കത്തിൽ പറഞ്ഞത് ഒരു ഉത്തരേന്ത്യൻ യാത്ര കൂടി പോകണം .കൈകൾ ഉയർത്തി പിടിച്ച് പുഞ്ചിരിക്കുന്ന ആ അമ്മയെ കാണണം. അമ്മയെ ചേർത്ത് പിടിക്കുന്ന മകനെ കാണണം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.