ഗര്‍ഭിണിയെന്നറിഞ്ഞ് രണ്ടു സെക്കന്‍ഡിനകം കുഞ്ഞ് കയ്യില്‍; അമ്പരപ്പ്: ക്രിപ്റ്റിക് പ്രഗ്നന്‍സി

pregnency-unknown2
SHARE

പ്രസവത്തിന്റെ അന്നു വരെ ഗർഭിണിയാണെന്ന് സൂചന ലഭിച്ചിരുന്നില്ലെന്ന് ചില വാർത്തകൾ വരുമ്പോൾ അതെങ്ങനെയെന്ന് എല്ലാവരും അദ്ഭുതപ്പെടാറുണ്ട്. അതുപോലൊരു അനുഭവം പറയുകയാണ് ക്ലാരൻ എന്ന യുവതി. 

പുതിയ ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിലായിരുന്നു ക്ലാരൻ. തുടര്‍ച്ചയായി ആറുമാസമായി ഗര്‍ഭനിരോധനഗുളിക കഴിച്ചിരുന്ന ആളാണ്‌ താനെന്നു ക്ലാരന്‍ പറയുന്നു.  ഒരു തിങ്കളാഴ്ച വെളുപ്പിന് നാലു മണിക്ക് താന്‍ ഉണരുന്നത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന പോലെ ശക്തമായ വയറു വേദന മൂലമായിരുന്നു. ജോലിയില്‍ കയറിയിട്ട് രണ്ടു ദിവസം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളൂ. ഒരു പാരസെറ്റമോള്‍ കഴിച്ച ശേഷം ഓഫീസിലേക്ക് പോയെങ്കിലും വേദന ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കുറച്ചു നേരം കഴിഞ്ഞതോടെ ശക്തമായി വയറുവേദനിക്കാന്‍ തുടങ്ങി. തീരെ വയ്യാതെ വന്നതോടെ ക്ലാരന്‍ തിരികെ വീട്ടിലേക്കു പോന്നു. 

വേദനയുടെ കാഠിന്യം കൂടി കൂടി വന്നതോടെ ടോയ്‌ലറ്റില്‍ പോയിരിക്കാനാണ് ക്ലാരന് തോന്നിയത്. എന്നാല്‍ കടുത്ത രക്തസ്രാവം കൂടി ആരംഭിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെയായി. തുടര്‍ന്ന് അയല്‍ക്കാരിയുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു വരുത്തി. തനിക്ക് അബോർഷന്‍ സംഭവിക്കുകയാണ് എന്നാണ് അപ്പോള്‍ ക്ലാരന് തോന്നിയത്. എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞുതല പുറത്തേക്ക് വരുന്നതായി മനസ്സിലായി. നന്നായി പുഷ് ചെയ്തതോടെ രണ്ടു സെക്കൻഡിനുള്ളിൽ അമേലിയ എന്ന തന്റെ കുഞ്ഞുമകള്‍ പുറത്തേക്ക് വന്നെന്നു ക്ലാരന്‍ പറയുന്നു. 

എല്ലാവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുമ്പോള്‍ തനിക്ക് അതിനു ലഭിച്ചത് രണ്ടു സെക്കന്റ്‌ മാത്രമായിരുന്നെന്ന് ക്ലാരന്‍ പറയുന്നു. അപ്പോഴേക്കും ആംബുലന്‍സ് വരികയും അതിലെ നാല് പാര മെഡിക്കല്‍ സ്റ്റാഫുകള്‍ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുകയും ചെയ്തു. താന്‍ ഒരു അമ്മയാകാന്‍ പോകുന്നുവെന്ന് ക്ലാരന്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. കഴിഞ്ഞ ഒന്‍പതുമാസവും അവള്‍ക്ക് അതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ രണ്ടുവട്ടം ആര്‍ത്തവം ഉണ്ടായി എന്നും ക്ലാരന്‍ പറയുന്നു. ഒരുപക്ഷേ ബ്ലീഡിങ് തീരെ കുറവായിരുന്ന അത് രണ്ടും ഗര്‍ഭകാലത്തെ സ്പോട്ടിങ് ആയിരുന്നിരിക്കാം എന്നും അവള്‍ ഓര്‍ക്കുന്നു.

2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടർമാര്‍ പറയുന്നത്. Cryptic pregnancy എന്നാണ് ഇതിനെ പറയുക. യുകെയില്‍ മാത്രം ഏതാണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇങ്ങനെ പിറന്നിട്ടുണ്ട്. അടുത്തിടെ ബിബിസി റേഡിയോയിലാണ് ക്ലാരന്‍ ഡോളന്‍ എന്ന പെണ്‍കുട്ടി ഇതിനെ കുറിച്ച് പറഞ്ഞത്.

MORE IN SPOTLIGHT
SHOW MORE