കയത്തിൽനിന്ന് അരുൺ കൈപിടിച്ചു കയറ്റി; അമ്മയ്ക്കും കുഞ്ഞിനും പുനർജന്മം

arun-courage
SHARE

കുട്ടനാട്: നിലയില്ലാ കയത്തിൽ മുങ്ങിത്താണ അമ്മയ്ക്കും കുഞ്ഞിനും ഏഴാം ക്ലാസുകാരന്റെ ധീരതയിൽ പുനർജന്മം. കൈനകരി കൈതാരത്തിൽ സാബുവിന്റെയും കുഞ്ഞുമോളുടെയും മകൻ അരുൺ തോമസാണ്(12) കൈനകരി ഒറ്റത്തെങ്ങിൽ ഒ.പി.സജിത്ത് കുമാറിന്റെ ഭാര്യ കൃഷ്ണപ്രിയ (ശ്രീകല-26), മകൾ അപർണിക (തുമ്പി - 3) എന്നിവർക്കു രക്ഷകനായത്.

ഇന്നലെ ഉച്ചയ്ക്ക് 2.30ന് കൈനകരി പള്ളിത്തോട്ടിലാണു സംഭവം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു  വരും വഴിയായിരുന്നു അപകടം. തോടിന്റെ സംരക്ഷണ ഭിത്തിയിലൂടെ നടന്നു വരുമ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂത്തമകൾ 9 വയസ്സുകാരി അനുപ്രിയയുടെ കരച്ചിൽ കേട്ടാണ് അരുൺ ഓടിയെത്തിയത്.

തോടിന്റെ മധ്യഭാഗത്തായി മുങ്ങിത്താണ ഇരുവരെയും കണ്ട അരുൺ ഇരുവരെയും രക്ഷിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ ശ്രീകലയയ്ക്കു നീന്തൽ വശമില്ലായിരുന്നു. ബോട്ട് പോകുന്ന തോട് ആയതിനാൽ ആഴക്കൂടുതലാണ്. കൂട്ടുകാരനെ കളിക്കാൻ വിളിക്കുന്നതിനായി പോകുന്നതിനിടെയാണ് കുട്ടിയുടെ കരച്ചിൽ കേട്ടതെന്ന് അരുൺ പറഞ്ഞു

കൈനകരി സെൻറ് മേരീസ് ഹൈസ്  സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അരുൺ സ്കൂളിലെ നീന്തൽ കോച്ചിങ് ക്യാംപിൽ കഴിഞ്ഞവർഷം വരെ സജീവമായി പരിശീലനം നടത്തിയിരുന്നു. ബന്ധുവീട്ടിൽ വെള്ളം കുടിക്കാൻ കയറിയ സജീവ് ഒടിയെത്തിയപ്പോഴേക്കും അരുൺ ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചിരുന്നു

MORE IN SPOTLIGHT
SHOW MORE