ചോറു തിന്ന് മോഹന്‍ലാല്‍ പണ്ടേ വോട്ട് ചോദിച്ചു; ആ സീനും ട്രോളിന് ആയുധം: വിഡിയോ

വൈകി എത്തി സ്ഥാനാർഥിയാണെങ്കിലും പ്രചാരണത്തിൽ മികച്ച സാന്നിധ്യമാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി നടത്തുന്നത്. വോട്ടുപിടിക്കാൻ താരം കണ്ടെത്തിയ മാർഗങ്ങളും സജീവ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ. വോട്ടിനൊപ്പം ചോറും കൂടി ചോദിച്ചാണ് താരം സുരേഷ്ഗോപി കളം നിറഞ്ഞത്. ഇൗ വാർത്ത വലിയ ട്രോളാവുകയും ചെയ്തു. എന്നാൽ പ്രചാരണത്തിന്റെ ഇൗ തന്ത്രം വർഷങ്ങൾക്ക് മുൻപ് അവതരിപ്പിച്ച സീൻ പങ്കുവച്ചാണ് സൈബർ ലോകത്തിന്റെ പുതിയ ചർച്ച.

1987ൽ തന്നെ ലാലേട്ടൻ ഇൗ സീനൊക്കെ വിട്ടതാണ് സുരേഷേട്ടാ എന്നാണ് ട്രോൾ ലോകത്തെ ഡയലോഗ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഭൂമിയിലെ രാജാക്കന്മാർ’ എന്ന സിനിമയിൽ മോഹൻലാലിന്റെ മഹേന്ദ്രവർമ എന്ന കഥാപാത്രം വോട്ടു തേടി നടക്കുന്ന രംഗം ഇതിന് സമാനമാണ്. മണ്ഡലത്തിലെ വോട്ടറായ ഒരു ചേട്ടത്തിയുടെ വീട്ടിൽ കയറിച്ചെന്ന് വിശക്കുന്നുണ്ടെന്ന് പറഞ്ഞ് അടുക്കളയിൽ കയറി കപ്പയും മീൻകറിയും കഴിക്കുന്ന മോഹൻലാൽ, വോട്ടു നേടാൻ രാഷ്ട്രീയക്കാർ നടത്തുന്ന സൂത്രപ്പണികളെ തിരശീലയിൽ നിന്നും സുരേഷ്ഗോപി പ്രചാരണത്തിൽ പുനരാവിഷ്കരിക്കുകയായിരുന്നു. ഇൗ ചിത്രത്തിൽ ഒരു കഥാപാത്രമായി സുരേഷ്ഗോപിയും എത്തുന്നുണ്ട്. 

എന്നാൽ താനിത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്റെ സിനിമാക്കാരോടു ചോദിച്ചാൽ അവർ പറഞ്ഞു തരും. ഞാനിത് ഇരുപതു–ഇരുപത്തിയഞ്ച് വർഷങ്ങളായി ചെയ്യുന്നതാണ്. ഷൂട്ടിങ് കഴിയുമ്പോൾ കൃത്യമായി കാറില്ലെങ്കിൽ അപ്പോൾ ഓട്ടോ പിടിച്ചു കേറിപ്പോകും. സമയത്തു ഭക്ഷണം തന്നില്ലെങ്കിൽ, സമീപത്തുള്ള ഏതെങ്കിലും വീട്ടിൽ കയറി ചോറു ചോദിച്ചു വാങ്ങിക്കഴിക്കും. എനിക്കതിനകത്ത് ഒരു നാണവുമില്ല. അതു തന്നെയാണ് ഇപ്പോഴും ചെയ്തുള്ളൂ സുരേഷ് ഗോപി നയം വ്യക്തമാക്കി.