മക്കളെപ്പോലെ വളർത്തിയ മരങ്ങൾ നശിപ്പിക്കുന്നു; ശാന്തിവനത്തിനായി മീന

meena-shanthivanam
SHARE

കേരളം കൊടുംചൂട് നേരിടുന്ന കാലമാണ്. ജൈവവൈവിധ്യങ്ങളും മരങ്ങളും സംരക്ഷിക്കണമെന്ന് ശക്തമായ ആവശ്യം നിലനിൽക്കുമ്പോഴും വികസനത്തിന്റെ പേരിൽ ശാന്തിവനം നശിപ്പിക്കാനുള്ള പുറപ്പാടിലാണ് അധികാരികൾ. എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം. മുപ്പതുവർഷമായി സംരക്ഷിച്ചുപോരുന്ന ജൈവവൈവിധ്യത്തിന്റെ ഉടമ മീന മേനോൻ എന്ന യുവതിയാണ്.

കെ.എസ്.ഇ.ബിയുടെ 110 കെവി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനം വെട്ടിനിരത്താനുള്ള പുറപപാടിലാണ് അധികാരികൾ. പൈലിങ്ങ് ഉൾപ്പടെ ഇവിടെ തുടങ്ങിക്കഴിഞ്ഞു. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്. ഇതിനോട് ചേർന്നാണ് മീനയും മകളും താമസിക്കുന്ന ചെറിയ വീട്. 

നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചൻകോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യൻ ബുൾ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയിൽ ഉള്ളതായി പരിസ്ഥിതിപഠനങ്ങൾ  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി സ്നേഹിയായ രവീന്ദ്രനാഥാണ് ശാന്തിവനം പരിപാലിക്കാൻ തുടങ്ങിയത്. അച്ഛന്റെ മരണശേഷം മീനയുടെ സംരക്ഷണത്തിലായി ഇത്. കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തീർപ്പായിട്ടില്ല. കോടതി അവധിയായതിനാൽ റിട്ട് സമർപ്പിക്കാനും സാധിക്കാത്ത അവസ്ഥയിലാണ്. മക്കളെ പോലെ പരിപാലിക്കുന്ന മരങ്ങൾ കൺമുൻപിൽ നശിക്കുന്നതിന്റെ വേദനയിലാണ് മീന. ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ക്യാംപെയിനുകൾ ആരംഭിച്ചിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.