രാഹുലിനായി ഇസ്‌‍ലാം പതാകയെന്ന് ‘വര്‍ഗീയ’ ട്വീറ്റ്; ലീഗിനെ തുണച്ച് രാഹുല്‍ ഈശ്വറിന്റെ തിരുത്ത്

rahul-easwar-muslim-league
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ വയനാട് സ്ഥാനാർഥിത്വവും റോഡ് ഷോയും അടിസ്ഥാനമാക്കി നിരവധി വാർത്തകളും പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലുനീളമുണ്ട്. വിമർശനങ്ങളും ട്രോളുകളുമായി ബിജെപി അക്കൗണ്ടുകളും ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്. ഒപ്പം വ്യാജപ്രചാരണങ്ങളും. 

അത്തരത്തിലൊരു വ്യാജപ്രചാരണമാണ് ബോളിവുഡ് നടി കൊയേൻ മിത്ര ട്വിറ്ററിൽ പങ്കുവെച്ചത്. മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പതാകയെ പാക്കിസ്ഥാൻ പതാകയായും ‘ഇസ്‌ലാം പതാക’യായും ചിത്രീകരിച്ചുകൊണ്ടാണ് മിത്രയുടെ ട്വീറ്റ്. മുസ്‌ലിം ലീഗ് പതാകകളുയർത്തിയ പ്രവർത്തകരുടെ ചിത്രം പങ്കുവെച്ച് മിത്ര ട്വിറ്ററിൽ കുറിച്ചതിങ്ങനെ: തീവ്രവാദിയായ ജിന്നയാണ് ആദ്യ വിഭജനത്തിന് നേതൃത്വം നൽകിയത്. രണ്ടാം വിഭജനം നടത്തുക രാഹുൽ ഗാന്ധിയാകും. കേരളത്തിൽ രാഹുൽ ഗാന്ധിയെ വരവേറ്റത് ഇസ്‌ലാമിക പതാകകളാണ്. കോൺഗ്രസിന്റെ പ്രകടനപത്രിക ജിഹാദിനെ പിന്തുണക്കുന്നു, ഇന്ത്യ വിരുദ്ധവും ജവാന്മാർക്കെതിരെയുമാണത്.''

അധികം വൈകാതെ തിരുത്തെത്തി. മിത്രയെ തിരുത്തിയത് മറ്റാരുമല്ല, രാഹുൽ ഈശ്വർ ആണ്. ''ഇത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പതാകയാണ്. വിഭജനസമയത്ത് ഇന്ത്യക്കൊപ്പം നിന്ന പാരമ്പര്യമുള്ളവർ. ജിന്നയുടെ പാക്കിസ്ഥാനെ തിരഞ്ഞെടുക്കാതെ ഗാന്ധിജിയുടെ ഇന്ത്യയെ തിരഞ്ഞെടുത്ത ഞങ്ങളുടെ മുസ്‌ലിം സഹോദരങ്ങൾ ആണവർ.''-രാഹുൽ കുറിച്ചു. കുറിപ്പിന്റെ വാലറ്റത്തായി 'ഞാനും മോദിജിക്കാണ് വോട്ട് ചെയ്യുന്നത്. പക്ഷേ വോട്ടിനേക്കാൾ പ്രധാനമാണ് വസ്തുതകള്‍' എന്നും ചേർത്തിട്ടുണ്ട്. 

മിത്ര പങ്കുവെച്ച ചിത്രത്തിന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയുമായി യാതൊരു ബന്ധവുമില്ല. മൂന്ന് വർഷം മുന്‍പ്, 2016 ജനുവരി 30ന് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത മുസ്‌ലിം ലീഗിന്റെ പരിപാടിക്കിടെ പകർത്തിയ ചിത്രമാണിത്. 

അപ്നാ സപ്നാ മണി മണി എന്ന ചിത്രത്തിലെ നായികയാണ് മിത്ര. ബിജെപി അനുകൂല ട്വീറ്റുകളിലൂടെ മുൻപും മിത്ര വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.