വീസയും പാസ്പോർട്ടും നഷ്ടമായി; സ്വപ്നങ്ങള്‍ വഴിമുട്ടി: ഈ കണ്ണീര് കാണണം

visa-lost
SHARE

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒരു നിമിഷംകൊണ്ട് സന്ദേശിനു നഷ്ടമായത്. ചിലപ്പോൾ നമ്മൾ വിചാരിച്ചാൽ അതു സന്ദേശിനു തിരിച്ചുനൽകാനാകും. ആരുടെയെങ്കിലും കയ്യിൽ സന്ദേശിന്റെ പ്രതീക്ഷയായ വീസയും പാസ്പോർട്ടും ലഭിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണം. നിസ്സഹായനായ ചെറുപ്പക്കാരൻ അത്തരമൊരു വിളിക്കായി കാത്തിരിക്കുകയാണ്. 

കഞ്ചിക്കോട്, കെഎൻ പുതൂർ എസ്കെ വീട്ടിൽ ജി.സന്ദേശ് ഏജൻസികൾ വഴിയാണു യൂറോപ്യൻ രാജ്യമായ ലാത്വിയയിലേക്കുള്ള വീസ സംഘടിപ്പിച്ചത്. യാത്രയ്ക്കു മണിക്കൂറുകൾ മാത്രം ശേഷിക്കെ നഷ്ടപ്പെട്ട വിഷമത്തിലാണ് ഈ ഇരുപത്തിയാറുകാരൻ. നാളെ പുലർച്ചെ കോയമ്പത്തൂരിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലേക്കും 27നു രാവിലെ ഡൽഹിയിൽ നിന്നു ലാത്വിയയിലേക്കുമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.

ഇതിനായി വീസ സ്റ്റാംപ് ചെയ്ത് വീട്ടിലേക്കു വരും വഴിയാണ് പാസ്പോർട്ട് സഹിതം നഷ്ടപ്പെട്ടത്. ബൈക്കിൽ വരുന്ന വഴി പാലക്കാട് ബിഗ്ബസാറിനു സമീപത്തു വച്ച് നഷ്ടമായെന്നാണു സന്ദേശിനു സംശയം. സന്ദേശും സുഹൃത്തുക്കളും ചേർന്നു പലയിടത്തും പരിശോധിച്ചെങ്കിലും ഇവ കണ്ടെത്താനായില്ല. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ സന്ദേശ് നാട്ടിലെ ബാങ്കിൽ താൽക്കാലിക ജോലി ചെയ്യുകയാണ്.

ലാത്വിയയിൽ എംബിഎ പഠനത്തിനൊപ്പം ജോലിയുമായിരുന്നു ലക്ഷ്യം. ദിവസവും 2 മണിക്കൂർ മാത്രമാണ് അവിടെ എംബിഎ ക്ലാസുള്ളത്. ബാക്കി സമയം അവിടെ ഒരു ജോലി കണ്ടെത്തി കുടുംബത്തെ നോക്കാമെന്നാണ് സന്ദേശ് കരുതിയിരുന്നത്. അമ്മ ഷീലയ്ക്കും സഹോദരൻ സന്ദീപിനും ഈ യാത്രയിൽ വലിയ പ്രതീക്ഷയുമായിരുന്നു. യാത്രയ്ക്കായി എല്ലാ ഒരുക്കങ്ങളും അമ്മ പൂർത്തിയാക്കി. നഷ്ട്ടപ്പെട്ട വീസ ലഭിച്ചില്ലെങ്കിൽ 27ന് ഡൽഹിയിൽ നിന്നുള്ള യാത്ര സാധിക്കില്ല. അവസാന നിമിഷം വരെ വീസ കണ്ടെത്താനുള്ള പരിശ്രമത്തിലാണു കുടുംബം. ഫേണ്‍: 9020913388.

MORE IN SPOTLIGHT
SHOW MORE