കാമുകനൊപ്പം ഒളിച്ചോടി, കുടുങ്ങിയത് സുഹൃത്ത്, അസഭ്യവർഷം; തിരക്കഥ പൊളിഞ്ഞു

kollam-girl-cheat
SHARE

അഞ്ചാലുംമൂട്: ഒളിച്ചോടിയതു പതിനെട്ടുകാരനൊപ്പം. പൊലീസ് പിടിച്ചപ്പോൾ പെൺകുട്ടി പറഞ്ഞതു പ്രണയത്തിനു കൂട്ടുനിന്ന സുഹൃത്തിന്റെ പേര്. താനാണു യഥാർഥ കാമുകനെന്നു പറയാൻ പതിനെട്ടുകാരനും  മടിച്ചതോടെ സുഹൃത്ത് കുടുങ്ങി. പിന്നെ കക്ഷി ഒന്നും ചിന്തിച്ചില്ല.  പൊലീസുകാരുടെ മുന്നിൽവച്ചുതന്നെ അസഭ്യവർഷവും തുടങ്ങി. കമിതാക്കളുടെ തിരക്കഥയും പൊളിഞ്ഞു.

സംഭവം ഇങ്ങനെ: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പത്തൊൻപതുകാരി ഒരാഴ്ച മുൻപാണു കാമുകനൊപ്പം വീടുവിട്ടു പോയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സുഹൃത്തുക്കൾ വഴിയും പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിക്കും യുവാവിനും ഒപ്പം  സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ സുഹൃത്തുമായി അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു. 

സംശയം തോന്നിയ പൊലീസ് ഇരുവരുടെയും വിവാഹം നടത്തി നൽകാമെന്നു തമാശയായി പറഞ്ഞതോടെയാണു കാര്യങ്ങളുടെ കെട്ടഴിയുന്നത്. യുവാവും യുവതിയും നിലവിളിയോടെ സത്യം തുറന്നു പറഞ്ഞു. പെൺകുട്ടി ഒളിച്ചോടിയത് ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണ്. അയാൾക്കു വിവാഹ പ്രായമാകാത്തതിനാൽ സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് പിടിച്ചാൽ 22 വയസ്സുകാരനായ സുഹൃത്തിനൊപ്പമാണു വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു തീരുമാനം

ഇത്രയുമായിട്ടും സത്യം തുറന്നു പറയാൻ  പതിനെട്ടുകാരൻ കൂട്ടാക്കിയില്ല.  അപ്പോഴാണു സുഹൃത്ത് പൊലീസുകാരുടെ മുന്നിൽ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാർഥ കാമുകൻ ‘കീഴടങ്ങി’. വൈകിട്ടു കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നൽകി. പുറത്തിറങ്ങിയപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.