‘ബ്രാഹ്മണ കുടുംബങ്ങളിൽ നിർമിച്ച അച്ചാറുകൾ’; ആ പരസ്യവാചകത്തിന് പിന്നിലെ അജണ്ട; കുറിപ്പ്

achar-viral-post
SHARE

‘ബ്രാഹ്മണ കുടുംബങ്ങളിൽ നിർമിച്ച അച്ചാറുകൾ, വറ്റലുകൾ, കറിക്കൂട്ടുകൾ എന്നിവ ഇവിടെ ലഭ്യമാണ്..’ രണ്ടുദിവസമായി സോഷ്യൽ ലോകത്ത് വൈറലാവുകയാണ് ഇൗ പരസ്യവാചകം. ഒരു വിൽപ്പന സ്റ്റാളിന് മുന്നിലെ ഇൗ വാചകം ട്രോളുകളായും കുറിപ്പുകളായും പ്രതിഷേധം വിളിച്ചുവരുത്തുകയാണ്. അക്കൂട്ടത്തിൽ അനുരാജ് ഗിരിജ എന്ന യുവാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

‘ഒരു വലിയ ഏണിയുടെ ഓരോ പടിയിലും ഓരോ ജാതിക്കാർ നിൽക്കുന്നു എന്ന് കരുതുക. ആ ഏണിയുടെ മുകളിലേക്ക്‌ പോകും തോറും ശുദ്ധി കൂടി വരുന്നു എന്നും താഴേക്ക്‌ പോകും തോറും അശുദ്ധി കൂടി വരുന്നു എന്ന രീതിയിലാണ് ജാതി വ്യവസ്ഥ നമ്മളെ കണ്ടീഷൻ ചെയ്യുന്നത്‌. ഈ പോസ്റ്ററിൽ ബ്രാഹ്മണ കുടുംബം എന്നത്‌ വൃത്തിയും ശുദ്ധിയുമുള്ള വീട്‌ എന്നൊരു ഇമേജ്‌ ആണ് നമുക്ക്‌ തരുന്നത്‌. പല ജാതിക്കാരുടേയും വൃത്തിയും വെടിപ്പുമുള്ള ഒട്ടനേകം വീടുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. ഒരുപക്ഷേ വൃത്തി അത്രത്തോളമില്ലാത്ത ബ്രാഹ്മണകുടുംബങ്ങളും കണ്ടിരിക്കാം. എന്നാൽ ബ്രാഹ്മണകുടുംബം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ "വൃത്തിയുള്ള വീട്"‌ എന്ന ഇമേജ്‌ വന്നിട്ടുണ്ടെങ്കിൽ നമ്മൾ ജാതി വ്യവസ്ഥയിൽ അത്രത്തോളം മുങ്ങിക്കിടക്കുന്നു എന്ന് തന്നെയാണ് അർത്ഥം.’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

Unique Selling Point അഥവാ USP എന്നൊരു സംഗതിയുണ്ട്‌. ഒരു പ്രോഡക്റ്റിനെ മാർക്കറ്റിലുള്ള മറ്റ്‌ പ്രോഡക്റ്റുകളിൽ നിന്നും വേറിട്ട്‌ നിർത്തുന്ന ഘടകം.

ഉദാഹരണത്തിന് മിൽമ പാൽ എടുക്കുക. പലതരം പാലുകൾ ലഭ്യമാണെങ്കിലും മിൽമ പാലിന് "കേരളത്തിലെ ക്ഷീരകർഷകരുടെ അംഗീകൃത സഹകരണസംഘം വഴി ഉണ്ടാക്കുന്ന" എന്നൊരു USP ഉണ്ട്‌. കേരളത്തിന്റെ ഏത്‌ മൂലയിലും ഒരു മിൽമ പാൽ സംഭരണ കേന്ദ്രമുണ്ടാകും എന്നത്‌ ഈ പാലിന് പുറത്തെ വിശ്വാസം കൂട്ടാൻ സഹായിക്കും.

ഇനി ഈ ചിത്രം നോക്കുക. ആ കടയുടെ മുന്നിൽ നിൽക്കുന്ന ചേട്ടൻ വിൽക്കുന്ന പ്രോഡക്റ്റിന്റെ USP അഥവാ Unique Selling Point എന്താണ്?

സംശയം വേണ്ട. "ബ്രാഹ്മണ കുടുംബങ്ങളിൽ നിർമ്മിച്ചതാണ്" എന്നതാണ് USP. അതെങ്ങനെയാണ് ബ്രാഹ്മണകുടുംബം എന്നതൊരു USP ആകുന്നത്‌? ഒരു പുലയകുടുംബം അല്ലെങ്കിൽ ഈഴവകുടുംബം അല്ലെങ്കിൽ വിശ്വകർമ്മ കുടുംബം എന്നതൊന്നും ഇതുപോലൊരു പോസ്റ്ററിൽ വരാൻ പോകുന്നില്ല.

അവിടെയാണ് ജാതിയുടെ കളി.

ജാതി വ്യവസ്ഥ എന്നത്‌ ശ്രേണീകൃതമായ അസമത്വമാണ്. ഒരു വലിയ ഏണിയുടെ ഓരോ പടിയിലും ഓരോ ജാതിക്കാർ നിൽക്കുന്നു എന്ന് കരുതുക. ആ ഏണിയുടെ മുകളിലേക്ക്‌ പോകും തോറും ശുദ്ധി കൂടി വരുന്നു എന്നും താഴേക്ക്‌ പോകും തോറും അശുദ്ധി കൂടി വരുന്നു എന്ന രീതിയിലാണ് ജാതി വ്യവസ്ഥ നമ്മളെ കണ്ടീഷൻ ചെയ്യുന്നത്‌.

ഈ പോസ്റ്ററിൽ ബ്രാഹ്മണ കുടുംബം എന്നത്‌ വൃത്തിയും ശുദ്ധിയുമുള്ള വീട്‌ എന്നൊരു ഇമേജ്‌ ആണ് നമുക്ക്‌ തരുന്നത്‌. പല ജാതിക്കാരുടേയും വൃത്തിയും വെടിപ്പുമുള്ള ഒട്ടനേകം വീടുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. ഒരുപക്ഷേ വൃത്തി അത്രത്തോളമില്ലാത്ത ബ്രാഹ്മണകുടുംബങ്ങളും കണ്ടിരിക്കാം. എന്നാൽ ബ്രാഹ്മണകുടുംബം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ "വൃത്തിയുള്ള വീട്"‌ എന്ന ഇമേജ്‌ വന്നിട്ടുണ്ടെങ്കിൽ നമ്മൾ ജാതി വ്യവസ്ഥയിൽ അത്രത്തോളം മുങ്ങിക്കിടക്കുന്നു എന്ന് തന്നെയാണ് അർത്ഥം. ഒരു സമൂഹം മുഴുവൻ അങ്ങനെ ജാതിയിൽ മുങ്ങിക്കിടക്കുന്നു എന്നതാണ് ഇങ്ങനെയൊരു പോസ്റ്റർ അടിക്കാൻ ഇവർക്ക്‌ ധൈര്യം നൽകുന്നത്‌‌.

ഒരു പ്രത്യേകതരം ജീവിതമാണ് നമ്മൾ ഇന്ത്യാക്കാരുടേത്‌!

MORE IN SPOTLIGHT
SHOW MORE