‘കരിങ്കോഴി’ ട്രോളുകള്‍ മാറ്റിമറിച്ച കരീമിന്റെ ജീവിതം ഇതാ; ‘പൊടിപൊടിക്കുന്ന’ കച്ചവടവും..!

abdul-kareem-final
SHARE

രണ്ടുദിവസമായി സമൂഹമാധ്യമത്തിൽ കരിങ്കോഴി ട്രോൾ പൊടിപൊടിക്കുകയാണ്. സെലിബ്രിറ്റികളുൾപ്പടെ ട്രോളാൻ കരിങ്കോഴിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഈ ട്രോൾ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ചാണ് മണാർക്കാട് സ്വദേശി അബ്ദുൾ കരീമിന് പറയാനുള്ളത്. കരിങ്കോഴി ട്രോളിലെ നമ്പർ അബ്ദുൾ കരീമിന്റേതാണ്. ഇത്തരമൊരു ട്രോളിന്റെ തുടക്കത്തെക്കുറിച്ചും തുടർന്നുണ്ടായ മാറ്റത്തെക്കുറിച്ചും അബ്ദുൾ കരീം മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു

രണ്ടരവർഷമായിട്ട് തച്ചനാട്ടുകരയിൽ കരിങ്കോഴി കച്ചവടം നടത്തിവരികയാണ്. ചെറിയ രീതിയിൽ തുടങ്ങിയ കച്ചവടമാണ്. ആദ്യം കടയുടെ മുന്നിൽ ബോർഡ് മാത്രം വെച്ചായിരുന്നു കച്ചവടം. എന്റെ ഒരു ചങ്ങാതിയാണ് പറഞ്ഞത് ഈ പരസ്യം മരണവും ജനനവുമല്ലാത്ത പോസ്റ്റുകളുടെ താഴെ കൊണ്ടുപോയി ഇടാനെന്ന്. ഞാനിത് കേട്ടിട്ട് എന്റെ സുഹൃത്തുക്കളുടെ പോസ്റ്റിലൊക്കെ ഈ പരസ്യം ഇടുമായിരുന്നു. കൂട്ടത്തിൽ രണ്ട് മൂന്ന് കോമഡി ഗ്രൂപ്പുകളിലുമൊക്കെ ഇട്ടു. അവിടെ നിന്നാണ് ഇത് പ്രചരിച്ചത്. ഏതോ ഒരാൾ ഈ പരസ്യമെടുത്ത് ഒമർ ലുലുവിന്റെ കമന്റിന് പോസ്റ്റായി ഇട്ടതോടെയാണ് ട്രോൾപൂരം തുടങ്ങിയത്. .

omar-lulu-troll

എന്റെ സഹോദരങ്ങൾ ദുബായിലുണ്ട്. അവരാണ് ആദ്യം ഇതിന്റെ സ്ക്രീൻ ഷോട്ട് അയച്ചുതന്നത്. ദുബായിലെ റോഡുകളിലെ ഫ്ലക്സ്ബോർഡിന്റെ പടങ്ങളിൽ ഈ പരസ്യം ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിയിട്ടുള്ള ചിത്രങ്ങളൊക്കെ പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെയാണ് അവരിത് കാണുന്നത്. ട്രോളുകൾ ഇറങ്ങിയ ശേഷം എന്റെ ഫോണിന് വിശ്രമമില്ല.  ചിലരൊക്കെ ശരിക്കും കരിങ്കോഴിയെ ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചു. എന്നാൽ ചിലർ ആവശ്യമില്ലാതെ തെറി വിളിക്കാനൊക്കെ തുടങ്ങി. മെസി ഗോളടിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ടീ ഷർട്ടിൽ കരിങ്കോഴി വിൽപന പരസ്യം ചേർത്ത് ട്രോൾ ഇറക്കിയിരുന്നു. ഇതുകണ്ട്, ഒരാൾ വിളിച്ചിട്ട് നിങ്ങളീ പരസ്യമിറക്കാൻ മെസിക്ക് എത്രരൂപ കൊടുത്തെന്ന് ചോദിച്ചു. എന്റെ മാനേജരാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞ് ഫോൺവെച്ചു. ദുബായിലെ പരസ്യത്തിന് എത്രയായി എന്ന് ചോദിച്ച് വിളിച്ചവരുമുണ്ട്. എറണാകുളത്തുള്ള ഒരു പരസ്യകമ്പനിയുടെ ഉടമ, എങ്ങനെയാണ് പരസ്യം ഇത്ര മാർക്കറ്റ് ചെയ്തതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്കിതൊന്നും അറിയില്ല, ആളുകളെടുത്ത് വൈറലാക്കിയതാണെന്ന്്.

karimkozhi

ഈ ട്രോളുകൾ കാരണം വിൽപന കൂടിയിട്ടുണ്ട്. പക്ഷെ ചിലരൊക്കെ പരസ്യത്തിലെ കരിങ്കോഴി മാറ്റിയിട്ട് തവളയെ വിൽക്കപ്പെടും, മുതലകുഞ്ഞുങ്ങളെ കൊടുക്കും എന്നൊക്കെ എഴുതിചേർത്ത് എന്റെ നമ്പറിനൊപ്പെ പ്രചരിപ്പിക്കുന്നുണ്ട്. കരിങ്കോഴിയെ ആവശ്യപ്പെട്ട് കൂടുതൽ വിളികൾ വരുന്നത് ആലപ്പുഴ, കൊല്ലം, എറണാകുളം, പത്തനംതിട്ട, കോട്ടയം ഭാഗങ്ങളിലാണ്. അവർക്കൊന്നും ഇത് എത്തിച്ച് കൊടുക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. അതുകൊണ്ട് ട്രോളുകാരോട് ഒന്നും പറയാനില്ല. ട്രോളുന്നവർ ട്രോളട്ടെ– കരീം പറഞ്ഞുനിര്‍ത്തി.

karikozhi-troll
MORE IN SPOTLIGHT
SHOW MORE