‘ഞങ്ങളെ കൊണ്ടുപോകുമോ..’; കണ്ണീര്‍ശബ്ദം ലോകം കേട്ടു; ഫിദയ്ക്കും ദുബായിക്ക് പോകാം

nri-social-media-video
SHARE

ദുബായിലുള്ള ഉപ്പായോട് ഞങ്ങളെക്കൂടി കൊണ്ടുപോകുവോ എന്ന് കെഞ്ചുന്ന പെൺകുട്ടിയുടെ ശബ്ദം സോഷ്യൽ ലോകത്ത് വൈറലായിരുന്നു. പ്രവാസിയായ പേഴയ്ക്കാപ്പിള്ളി കാനാപറമ്പിൽ കെ.ജലാൽ ആണ് വോയ്സ് മെസേജിനു വികാര നിർഭരമായ ദൃശ്യമൊരുക്കി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ആടു മേയ്ക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയാണ് മക്കയിൽ ഖുബ്ബൂസ് കച്ചവടം ചെയ്യുന്ന ജലാൽ വിഡിയോ ചിത്രീകരിച്ചത്. വിഡിയോ വൈറലായപ്പോൾ പ്രവാസ ജീവിതത്തിൻറെ വേദനകളും വീണ്ടും ചർച്ചയായി.

ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു സന്തോവാർത്തയാണ്. വിഡിയോയിലെ ശബ്ദത്തിനുടമ ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബായിൽ പോകാം. ഉപ്പയ്ക്കൊപ്പം താമസിക്കാം. ബുർജ് ഖലീഫ കാണാം. റാസൽഖൈമ ബീച്ചിൽ ഉല്ലാസയാത്ര ആസ്വദിക്കാം. ഫാത്തിമയുടെ വോയ്സ് മെസേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മിനിറ്റ് ദൈർഘ്യമുമുള്ള വിഡിയോ ദൃശ്യത്തിന്റെ നൊമ്പരം വിദേശ രാജ്യങ്ങളിലുൾപ്പെടെ തരംഗമായതോടെയാണ് സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുങ്ങിയത്.

വിഡ‍ിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജലാലിനെ തേടി ഒട്ടേറെ ഫോൺ വിളികളെത്തി. അഭിനന്ദനങ്ങളോടൊപ്പം ഫാത്തിമയെയും ഉമ്മയെയും ദുബായിൽ എത്തിക്കാനും ഉപ്പയ്ക്കൊപ്പം താമസിപ്പിക്കാനും ദുബായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണിക്കാനും സൗകര്യവുമൊരുക്കാമെന്ന വാഗ്ദാനവും പലരും നൽകിയിട്ടുണ്ട്. അവധിക്കു നാട്ടിലെത്തിയ ജലാൽ മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തിനു സമീപം പത്തായകല്ലിൽ മുളഞ്ഞിപ്പുലാൻ മുഹമ്മദിന്റെ മകളായ ഫാത്തിമ സിദയെ കണ്ടു. മുഹമ്മദ് രണ്ടര പതിറ്റാണ്ടായി ദുബായിൽ ജോലി ചെയ്യുകയാണ്.

കുടുംബത്തെ അങ്ങോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം സാധിച്ചിട്ടില്ല. ഫാത്തിമയോടും കുടുംബത്തോടും ദുബായിലേക്കു പോകാൻ ഒരുങ്ങിക്കൊള്ളാൻ പറഞ്ഞിട്ടാണ് ജലാലും കുടുംബവും മടങ്ങിയത്. ഒരു കുട്ടി പിതാവിനോടു ദുബായിൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടു കെഞ്ചുന്ന വോയ്‌സ് മെസേജ് വാട്സാപ്പിലൂടെയാണ് ജലാലിനും ലഭിക്കുന്നത്. മരുഭൂമിയിലെ പ്രവാസികളുടെ ജീവിതം ഫാത്തിമയുടെ ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടിക് ടോക് വിഡിയോയായി ചിത്രീകരിക്കുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.