മുഖം മറച്ച് മകൾ വേദിയിൽ; വിമർശകരുടെ വായടപ്പിച്ച് എ.ആര്‍.റഹ്മാന്‍റെ മറുപടി

സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിന് എ ആർ റഹ്മാന്റെ മകൾ ഖദീജ മുഖം മറച്ച് വേദിയിലെത്തിയത് വലിയ ചർച്ചയായിരുന്നു. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകൾ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. റഹ്മാന്റെ മകൾ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമർശനങ്ങള്‍. ഒരൊറ്റ ചിത്രത്തിലൂടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് റഹ്മാൻ. 

ഭാര്യയും രണ്ട് പെൺമക്കളും നിതാ അംബാനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് റഹ്മാൻ ട്വിറ്ററിൽ പങ്കുവെച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാൻ ചിത്രത്തിനൊപ്പം ചേർത്തു. ചിത്രത്തിൽ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്. ഭാര്യ സൈറയും മകൾ റഹീമയും മുഖം മറച്ചിട്ടില്ല. 

ആരുടെയും നിർബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് ഖദീജയും വ്യക്തമാക്കി. ജീവിതത്തിൽ അത്തരം കാര്യങ്ങൾ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. തന്റെ മുഖപടവുമായി മാതാപിതാക്കൾക്ക് യാതൊരു ബന്ധവുമില്ല. എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'-ഖദീജ കുറിച്ചു.