ജോർജ് സാർ പാവാണ്; കണ്ണിലുണ്ണിയാണ്; സബർജെല്ലി തോട്ടമുണ്ട്; ട്രോൾ പൂരം; ചിരി

ട്രോളിലും നിറഞ്ഞ് വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളും ജോർജ് സാറും. സ്കൂളിൻറെ ഫെയ്സ്ബുക്ക് പേജിലും വിമർശന പ്രളയമാണ്. അധ്യാപകരെ ന്യായീകരിച്ചെത്തിയ വിദ്യാർത്ഥികളും ട്രോളിൽ നിറയുന്നുണ്ട്. കുട്ടികളെ അധ്യാപകര്‍ പറഞ്ഞു പഠിപ്പിച്ച നാടകമാണിതെന്നാണ് പ്രധാന ആക്ഷേപം. 

അതേസമയം രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പുതിയ വിവാദക്കുരുക്കിലാണ് സ്കൂൾ. ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ഇത്തവണ ചീത്തവിളി. രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റത്തെ വിമർശിക്കുന്നവരോടും ഫെയ്സ്ബുക്ക് പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും സഭ്യമല്ലാത്ത ഭാഷയിലാണ് സ്കൂൾ അധികൃതർ മറുപടി പറയുന്നത്. 

ഫെയ്സ്ബുക്ക് യൂസർമാരും സ്കൂള്‍ അധികൃതരും തമ്മിലുള്ള സോഷ്യൽ പോര് കൊഴുക്കുകയാണ്. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആറ് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയാളോട് 'നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക്' എന്നായിരുന്നു ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ വാളകത്തിന്റെ മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ 'ഞാന്‍ ജോര്‍ജ് സര്‍' എന്ന് പരിചയപ്പെടുത്തിയാണ് മറുപടി നൽകിയത്.