‘ഡാൻസ് കളിക്കുന്ന പ്രിൻസിപ്പൽ’; ഒപ്പം ചുവട് വച്ച് വിദ്യാർഥികൾ; വിഡിയോ

china-teacher-dance
SHARE

വിദ്യാർഥികളുടെ മനസിൽ എക്കാലവും ഇടം കണ്ടെത്താൻ എല്ലാ അധ്യാപകർക്കും സാധിക്കാറില്ല. പഠിപ്പിച്ച അധ്യാപകരിൽ ഏറ്റവും ഇഷ്ടമുള്ളതാര് എന്ന ചോദ്യത്തിന് എല്ലാക്കാലത്തും കുട്ടികൾ അഭിമാനത്തോടെ  തന്റെ പേരു പറയണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആഗ്രഹം. എന്നാൽ അതിലേക്കെത്തുക അത്ര എളുപ്പമല്ല. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചില അധ്യാപകർ കുട്ടികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ മനം കവരുന്ന കാഴ്ചയാണ് കാണുന്നത്. ഒാട്ടൻ തുള്ളൽ കളിച്ചും ക്ലാസിൽ നാടൻ പാട്ടിനൊപ്പം ചുവട് വച്ചും വൈറലായ കേരളത്തിലെ അധ്യാപകരെയും കടത്തിവെട്ടിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഇൗ വൈറൽ വിഡിയോ.

സാധാരണ അധ്യാപകൻ മാത്രമല്ല സ്കൂളിലെ പ്രിൻസിപ്പലാണ് ഇൗ പുതിയ വൈറൽ താരം. ചൈനയിലെ സി ഗ്വാൻ പ്രൈമറി സ്കൂളിലെ കുട്ടികളുമൊത്ത് കിടിലൻ ഡാൻസ് ചെയ്യുകയാണ് ഇദ്ദേഹം. കൈയിൽ മൈക്കുമേന്തി സാങ് പെങ്ഫെ കുട്ടികള്‍ക്കൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു. കുട്ടികൾ മാത്രമല്ല മറ്റ് അധ്യാപകരും ഇദ്ദേഹത്തിന്റെ ചുവടുകൾ അനുകരിക്കുന്നുണ്ട്.

ഡാൻസാണെന്ന് തോന്നുമെങ്കിലും ഇതൊരു വ്യായാമമുറയാണ്. ഈ പ്രിൻസിപ്പലിന്റെ ചുവടുകൾക്കനുസരിച്ചു കുട്ടികളും വ്യായാമം ചെയ്യുകയാണ്. കുട്ടികളെ രസകരമായി വ്യായാമം ചെയ്യിക്കുന്നതിനായി ഇദ്ദേഹം ഈ ഷഫിള്‍ ഡാൻസ് പഠിക്കുകയായിരുന്നു. അതിനുശേഷം സ്കൂളിലെ കുട്ടികളെ അദ്ദേഹം ഈ വ്യായാമമുറ പരിശീലിപ്പിക്കാൻ തുടങ്ങി.അധ്യാപകന്റെയും വിദ്യാർഥികളുടെയും ഇൗ വിഡിയോ സോഷ്യൽ ലോകത്തിന്റെ ലൈക്കുകളും കമന്റുകളും സ്വന്തമാക്കി മുന്നേറുകയാണ്. 

MORE IN SPOTLIGHT
SHOW MORE