ഇറങ്ങിപ്പോടാ...; അപമാനിതനായ ആ നിമിഷം: രോഷത്തോടെ ഡെയ്ൻ പറയുന്നു

dain-devis
SHARE

അതിഥിയായി എത്തിയ ചടങ്ങിൽ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ടി വന്നതിന്റെ സങ്കടം ഡെയ്ൻ ഡേവിസിന് ഇതുവരെ മാറിയിട്ടില്ല. മലപ്പുറം ബ്ലോസം കൊളജിലെ പ്രിൻസിപ്പൾ പരസ്യമായി ഡെയ്നിനെ വേദിയിൽ നിന്നും ഇറക്കി വിടുകയായിരുന്നു. പ്രിൻസിപ്പൾ ഡെയ്നിനോട് പൊട്ടിത്തെറിക്കുന്നതിന്റെയും വേദിയിൽ ഉന്തും തള്ളും നടക്കുന്നതിന്റെയും വിഡിയോ വൈറലായിരുന്നു. ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു

വിദ്യാർഥികൾ വിളിച്ചിട്ടാണ് ഞാൻ അവിടെ അതിഥിയായി എത്തിയത്. എനിക്ക് പനിയായിട്ട് സുഖമില്ലാതായിട്ട് ആശുപത്രിയിലായിരുന്നു. അവിടുന്ന് ഡിസ്ചാർജ് വാങ്ങിയാണ് കുട്ടികളുടെ ക്ഷണം സ്വീകരിച്ച് കൊളജിൽ എത്തിയത്. എന്നാൽ നേരിട്ടത് ഒരിക്കലും മറക്കാനാകാത്ത തിക്താനുഭവമായിരുന്നു. മനേജ്മെന്റിന്റെ അറിവോടെയാണ് വിദ്യാർഥികൾ ആർട്സ് ഡെയ്ക്ക് എന്നെ അതിഥിയായി വിളിച്ചതെന്നാണ് അവരറിയിച്ചത്. കൊളേജിന്റെ ഗെയ്റ്റിൽ എത്തിയപ്പോൾ തന്നെ വിദ്യാർഥികൾ ഡ്രസ് കോഡിനെ സംബന്ധിച്ച് ഒരു പ്രശ്നമുണ്ട്, കാർ കയറ്റിവിടില്ല എന്ന് പറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല, കാര്യമാക്കാനൊന്നുമില്ലെന്ന് കരുതിയാണ് അവരോടൊപ്പം വേദിയിലെത്തിയത്. വേദിയിൽ എത്തുന്നത് വരെ പ്രശ്നമൊന്നുമില്ലായിരുന്നു. 

വിദ്യാർഥികൾ ഡ്രസ്കോഡ് തെറ്റിച്ച് വന്നത് കണ്ടതും പ്രിൻസിപ്പളിന്റെ മട്ട് മാറി. പരിപാടിയൊന്നും നടത്താൻ പറ്റില്ല എന്ന നിലപാടിലായി. വേദിയിലിരുന്ന എന്നോട് ഇറങ്ങിപ്പോടാ.. എന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു. ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്, ഇറങ്ങിപ്പോടാ...! എന്ന ആ അധ്യാപകൻ പൊട്ടിത്തെറിച്ചപ്പോൾ ഞാൻ ആകെ പകച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ വിദ്യാർഥികൾ പോകരുത്, രണ്ട് വാക്ക് പറഞ്ഞിട്ട് പോകണമെന്ന് അപേക്ഷിച്ചു . എന്നാൽ ശരി എന്തെങ്കിലും പറഞ്ഞിട്ട് സ്ഥലം വിടാമെന്ന് കരുതി മൈക്കിന്റെ അടുത്ത് എത്തിയപ്പോൾ പ്രിൻസിപ്പൾ വീണ്ടും രോഷാകുലനായി. ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും ഇവിടെ നിൽക്കാൻ നാണമില്ലേടാ എന്ന് ആക്രോശിച്ചു. ഇത് കേട്ടതോടെ എനിക്ക് സഹികെട്ടു. നിങ്ങൾ ഈ കുട്ടികളുടെ പ്രിൻസിപ്പളാണ് എന്റെയല്ല എന്നു പറഞ്ഞു. ഇതുകേട്ടതും മറ്റ് അധ്യാപകരും സംഘം ചേർന്ന്  പ്രിൻസിപ്പളിനെ ചോദ്യം ചെയ്യാൻ നീയാരാടാ എന്ന് പറഞ്ഞ് എന്റെ നേർക്ക് അടുത്തു. വിദ്യാർഥികളാണ് തടഞ്ഞത്. 

അവിടെ നിന്ന് തിരിച്ചിറങ്ങാൻ തീരുമാനിക്കുമ്പോഴാണ് ഒരു കൂട്ടം വിദ്യാർഥികൾ അടുത്തേക്ക് വന്നു. ‘ചേട്ടാ ഈ സംഭവം ഞങ്ങൾക്കും ചേട്ടനും ഒരേ പോലെ വിഷമമുള്ള കാര്യമാണ്. ചേട്ടൻ ഇപ്പോൾ ഇവിടുന്ന് പോയാൽ അത് രണ്ട് കൂട്ടർക്കും നാണക്കേടാണ്’ എന്ന് പറഞ്ഞു. ‘അറ്റ്‍ലീസ്റ്റ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു എന്നെങ്കിലും അറിയിക്കണം എന്ന് അവർ നിർബന്ധിച്ചു. അതോടെ അവരുടെ നടുവിൽ ഒരു കസേരയിൽ കയറി നിന്ന് ഉദ്ഘാടനം നടത്തിയതായി ഞാൻ പ്രഖ്യാപിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ എക്സ്പീരിയൻസ് ആണെന്നും, ഇങ്ങനെയൊക്കെ സംഭവിച്ചതിൽ താൻ കാരണക്കാരനായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അറിയിച്ച ശേഷമാണ് അവിടം വിട്ടത്. കൊളേജിലെ അധ്യാപകർ വളരെ മോശമായിട്ടാണ് പെരുമാറിയത്. – ഡെയ്ൻ വിഷമത്തോടെ പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE