പട്ടം പറത്തി ആഘോഷം; മരക്കൊമ്പില്‍ ചത്തുതൂങ്ങി തത്ത; ക്രൂരത; കണ്ണീർചിത്രം

ആഘോഷങ്ങൾ നല്ലതു തന്നെയാണ്, പക്ഷേ ആഘോഷങ്ങൾക്കിടയിൽ നാം അറിഞ്ഞോ അറിയാതെയോ തിരസ്കരിക്കുന്നതാണ് മിണ്ടാപ്രാണികളുടെ കാര്യം. മനുഷ്യന്റെ ക്രൂരത മൂലം ജീവൻ നഷ്ടപ്പെട്ടൊരു തത്തയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വേദനയാകുന്നത്. മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി പറത്തിയ പട്ടമാണ് തത്തയുടെ ജീവനെടുത്തത്. 

പട്ടത്തിന്റെ നൂല്‍ കഴുത്ത് കുടുങ്ങി ചത്ത തത്തയുടെ ചിത്രം ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രാഫറായ ഭവിക് താക്കർ പകർത്തിയ ചിത്രം ബിഡിത ബാഗ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പട്ടം പറത്തൽ ഫെസ്റ്റിവലിലൂടെ നൂറുകണക്കിന് പക്ഷികൾ ചത്തൊടുങ്ങുന്നതായും ബിഡിത ട്വീറ്റ് ചെയ്തു. 

നിരവധി പേർ ചിത്രം പങ്കുവെക്കുകയും വാർത്ത ഒരുപോലെ വേദനയും അമ്പരപ്പും സൃഷ്ടിച്ചെന്നും പറഞ്ഞു. ഇനിയെങ്കിലും ഈ ക്രൂരത നിർത്തൂ എന്നും ചിലര്‍ ആവശ്യപ്പെടുന്നു. ഇതിനു മുൻപും ഇത്തരം ക്രൂരതകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.