‘എടാ പോടാ’ എന്നേ വിളിക്കൂ; നടുറോഡിൽ അപമാനം; പൊലീസിനെതിരെ ട്രാൻസ്ജെൻഡേഴ്സ്

transgenders-interview-10
SHARE

ട്രാൻസ്ജെൻഡർ സൗഹൃദ പോളിസി പ്രഖ്യാപിച്ചിട്ടും സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന 377 സുപ്രീം കോടതി റദ്ദാക്കിയിട്ടും, പൊലീസുകാരുടെ സമീപനത്തിൽ വലിയ മാറ്റമൊന്നുമില്ലെന്ന് ശബരിമലയിൽ പോയിവന്ന ട്രാൻസ്ജെൻഡറുകളായ തൃപ്തി ഷെട്ടി, അവന്തിക, അനന്യ എന്നിവർ. ട്രാന്‍സ്ജെൻഡറുകൾക്ക് മുറി നൽകരുതെന്ന് പോലും ചിലയിടങ്ങളിൽ പൊലീസുകാർ നിർദേശം നൽകിയിട്ടുണ്ട്. സർക്കാരുൾപ്പെടെ തങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ചില പൊലീസുദ്യോഗസ്ഥരുടെ ഇത്തരം സമീപനങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഇവർ പറയുന്നു. 

മറ്റെല്ലാ മനുഷ്യരെയുംപോലെ കുറ്റം ചെയ്യുന്നവർ ട്രാൻസ്ജെൻഡർ വിഭാഗത്തിലും ഉണ്ട്. എന്നുകരുതി എല്ലാവരെയും ആ കണ്ണുകൾ കൊണ്ട് എല്ലാവരെയും കാണരുത്. പൊതുസ്ഥലത്ത് എടാ, പോടാ എന്നല്ലാതെ ഞങ്ങളെ വിളിക്കില്ല. പുരുഷനായി ജനിച്ചശേഷം, ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകളായി ജീവിക്കുന്നവരാണ് ഞങ്ങൾ. ഒരു വ്യ‌ക്തിക്ക് കിട്ടേണ്ട എല്ലാ പരിഗണനയും അവകാശങ്ങളും ഞങ്ങൾക്കുമുണ്ട്. 

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസുകാർ പൊതുസ്ഥലങ്ങളിൽ അപമാനിക്കുന്നതും പരിഹസിക്കുന്നതുമെല്ലാം പൊതുജനവും കാണുന്നുണ്ട്. നിയമം സംരക്ഷിക്കുന്ന പൊലീസുകാർക്ക് ആകാമെങ്കിൽ തങ്ങൾക്കും ആകാമല്ലോ എന്നല്ലേ അവർ ചിന്തിക്കൂ?, അനന്യ ചോദിക്കുന്നു. 

ഞങ്ങളെ ലാത്തികൊണ്ടടിക്കാനും ഉപദ്രവിക്കാനും പുരുഷപൊലീസുകാർക്ക് ആരാണ് അധികാരം നൽകിയത്? ഒരു സ്ത്രീയോട് ഇവർ ഇത്തരം അതിക്രമങ്ങൾ കാണിക്കില്ല. പൊലീസ് ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. കേരളത്തിലെ ട്രാൻസ്ജെൻഡറുകളെക്കുറിച്ച് ആദ്യം ബോധവത്ക്കരണം കൊടുക്കേണ്ടത് ഇവിടുത്തെ പൊലീസുകാർക്കാണ്. സർക്കാർ ഇതിന് മുന്‍കൈയെടുക്കണം, ഇവർ പറയുന്നു. 

പ്രശസ്തിക്കായി ബലിയാടാക്കുന്നു

പലപ്പോഴും പ്രശസ്തിക്കായി ഞങ്ങളെ ബലിയാടാക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം വാണിജ്യവത്ക്കരിക്കപ്പെടുന്ന സമൂഹം കൂടിയാണ് ട്രാൻസ്ജെൻഡര്‍ സമൂഹം. ബുദ്ധിയുള്ളവർ അതിനെതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷേ ഒന്നുമറിയാത്ത പാവം കുട്ടികളുമുണ്ട്. അവര്‍ ഈ വാഗ്ദാനങ്ങളിൽ വീണുപോകുന്നു. 

മാറ്റം കുടുംബത്തിൽ നിന്ന്

മാറ്റം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെയാണ് കുടുംബവും സമൂഹവും. 

അച്ഛനും അമ്മയും നമ്മളെ മനസ്സിലാക്കാതെ സമൂഹം മനസ്സിലാക്കുന്നില്ല എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം? 

ഇനിയുള്ള പ്രതീക്ഷകൾ?

വിവാഹം കഴിക്കുക, കുഞ്ഞിനെ ദത്തെടുക്കുക എന്നതെല്ലാം എല്ലാ ട്രാൻസ്ജെൻഡറുകളുടെയും സ്വപനമാണ്. ദത്തെടുക്കണമെങ്കിൽ സെക്യൂരിറ്റ് കൊടുക്കുക, തുടങ്ങി ഒരുപാട് നടപടിക്രമങ്ങളുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല ഞങ്ങൾക്ക്. അത്തരം സഹായങ്ങൾ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്നും പിന്തുണ വേണം. 

തൊഴിൽപരമായി സംവരണം വേണമെന്നാണ് അഭിപ്രായമെന്ന് അവന്തിക പറയുന്നു. എല്ലാവർക്കും സർക്കാർ ജോലി നൽകാൻ കഴിയില്ലല്ലോ. പ്രൈവറ്റ് സ്ഥാപനങ്ങളും ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ നൽകാൻ തയ്യാറാകണം.

MORE IN SPOTLIGHT
SHOW MORE