ജോജു വിളിച്ചു; ആ നോവോര്‍ത്ത് 'പൂമുത്തോളേ' എഴുതി; അത് ജീവിതം തന്നെ

ajeesh-dasan-poomuthole
SHARE

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... 

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്‍മണീ... 

താരാട്ടിനൊപ്പം പ്രണയവും വിരഹവും നൊമ്പരവും പെയ്തിറങ്ങിയ പാട്ട്. ജോസഫ് എന്ന കുഞ്ഞുസിനിമ ഹിറ്റായപ്പോൾ ആ ഗാനവും മലയാളികൾ നെഞ്ചേറ്റി. തിയേറ്റർ വിട്ടിറങ്ങിയിട്ടും വരികളും ഈണവും കൂടെ പോന്നു, പ്രണയം നിറച്ചു, ഉള്ളുലച്ചു. പിന്നെയും പലയാവർത്തി കാണാൻ യു ട്യൂബിൽ തിരഞ്ഞെത്തി. ഭാര്യയോടും പിറക്കാൻ പോകുന്ന കുഞ്ഞിനോടുമുള്ള സ്നേഹം മുഴുവനും അക്ഷരങ്ങളായി ജനിച്ചപ്പോള്‍ അത് പലരുടെയും ആത്മാവിനെ തൊട്ടു, വരികൾ ഹൃദയത്തോടു ചേര്‍ത്തു.

ഗാനരചയിതാവ് അജീഷ് ദാസനും 'പൂമുത്തോളേ' സ്വന്തം ആത്മാവിനെ തൊട്ടുകിടക്കുന്ന പാട്ടാണ്, ജീവിതം തന്നെയാണ്. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം പിറക്കാനിരിക്കുന്ന കുഞ്ഞിനേയും പ്രസവവേദന അനുഭവിക്കുന്ന ഭാര്യയേയുമോർത്ത് ആശുപത്രി വരാന്തയിൽ കാത്തിരുന്ന സങ്കടരാവ് അദ്ദേഹം ഓർമിക്കുന്നു. പാട്ടെഴുത്ത് ആത്മാവും ജീവിതവുമായി മാറിയ അനുഭവത്തെക്കുറിച്ച് അജീഷ് ദാസൻ മനോരമ ന്യൂസ്‍‍ഡോട്ട്കോമിനോട്:

‘ജോജുച്ചേട്ടനാണ് ജോസഫിനു വേണ്ടി പാട്ടെഴുതണമെന്നു പറഞ്ഞ് ആദ്യം വിളിച്ചത്. തിരക്കാണോ, ഒന്നു കാണണം എന്നു പറഞ്ഞു. കടവന്ത്രയിലുള്ള രാജീവ് രവി സാറിന്‍റെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. എഴുതേണ്ട പാട്ടിന്‍റെ സിറ്റുവേഷൻ അവിടെവെച്ച് വിശദീകരിച്ചു. പൂർണമായും ഒരു താരാട്ടു പാട്ടല്ല വേണ്ടതെന്ന് പറ‍ഞ്ഞിരുന്നു. ഭാര്യയോടുള്ള പ്രണയവും പിറക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവുമെല്ലാം പാട്ടിൽ ഉണ്ടായിരിക്കണമെന്ന് പറ‍ഞ്ഞു. അവിടെ വെച്ച് ഒന്നും എഴുതിയില്ല. വീട്ടിൽ തിരിച്ചെത്തിയിട്ടാണ് എഴുതാനിരുന്നത്. എന്‍റെ ജീവിതപരിസരത്തോട് ചേർന്നു നിൽക്കുന്ന സന്ദർഭം തന്നെയായിരുന്നു. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങൾക്കൊരു മകളുണ്ടാകുന്നത്. അത്തരത്തിൽ ആശുപത്രി വരാന്തയിൽ ഉള്ളിലെ വ്യഥയും പേറി കാത്തിരുന്നവനാണ് ഞാനും. ഞാൻ മാത്രമല്ല, മിക്കവാറും എല്ലാ പുരുഷൻമാരും അത്തരമൊരു അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ളവരാകാം.’

ajeesh-dasan

കവിതയാണ് അജീഷിന്‍റെ തട്ടകം. കവിതയെഴുത്താണോ സിനിമാഗാനരംഗമാണോ വിജയിച്ച മേഖലയെന്നു ചോദിച്ചാൽ ആ തിരഞ്ഞെടുപ്പ് നടത്തേണ്ടത് പ്രേക്ഷകരാണെന്നു പറയും അജീഷ്: ''നിങ്ങളാണ് തീരുമാനിക്കേണ്ടത്, എന്നെ സംബന്ധിച്ച് അത്തരത്തിലൊരു തിരഞ്ഞെടുപ്പിലേക്കെത്താൻ സമയമായിട്ടില്ല. മൂന്നു സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ''. 

‘അനുഭവങ്ങളുടെ പരിസരങ്ങളിൽ നിന്നല്ലാതെയും സിനിമയിൽ പാട്ടെഴുതേണ്ടി വന്നേക്കാം. 'ഒരു ബോബ് കഥ' എന്ന ചിത്രത്തിലെ ഹാല്, ഹാല് എന്ന ഗാനം അത്തരത്തിലെഴുതിയതാണ്. അത് ഒരു അടിച്ചുപൊളി പാട്ടാണ്. എനിക്കുണ്ടായ അനുഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’, അജീഷ് കൂട്ടിച്ചേർക്കുന്നു. 

‌അജീഷിനെ സംബന്ധിച്ചിടത്തോളം അക്ഷരം അർപ്പണമാണ്. 15-ാം വയസിൽ തുടങ്ങിയതാണ് എഴുത്തുജീവിതം. രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും സിനിമാഗാനരംഗത്തെത്തിയതോടെയാണ് എഴുത്തുകാരനെന്ന മേല്‍വിലാസം ലഭിച്ചു തുടങ്ങിയതും കൂടുതലാളുകൾ അറിഞ്ഞുതുടങ്ങിയതും. അതിനു മുൻപ് എന്തു ചെയ്യണമെന്നറിയാതെ നിരാശപ്പെട്ട നാളുകളുണ്ട്. ഒരു വർഷത്തോളം എഴുത്ത് പൂർണമായും ഉപേക്ഷിച്ചു, മറ്റ് ജോലികളൊന്നും ചെയ്തിരുന്നില്ല. ഇതിനിടെ പിൻവിളി പോലെയാണ് സംവിധായകൻ എബ്രിഡ് ഷൈന്‍റെ കോൾ എത്തുന്നത്. 'പൂമരം' എന്ന ചിത്രത്തിന് പാട്ടെഴുതാനായിരുന്നു ആ വിളി. പൂമരത്തിലെ 'കടവത്തൊരു തോണിയിരിപ്പൂ' എന്ന ഗാനം ഹിറ്റായി. പിന്നെ ഒരു ബോബ് കഥയും ജോസഫും. വിനായകൻ നായകനായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 'തൊട്ടപ്പൻ' എന്ന ചിത്രത്തിലും ഒരു ഗാനം എഴുതി. 

കോട്ടയം വൈക്കം സ്വദേശിയാണ് അജീഷ് ദാസന്‍. ഭാര്യയും മൂന്നു വയസുകാരി മകളും അടങ്ങുന്നതാണ് കുടുംബം. പാട്ടു നന്നായി എന്നു പറഞ്ഞെത്തുന്ന ഓരോ വിളികളും പ്രോത്സാഹനമാണ് ഈ എഴുത്തുകാരന്. ‘ഇതുകൊണ്ട് വിജയിച്ചു എന്നര്‍ത്ഥമില്ല, ഇനിയും തുടരും. എഴുത്ത് തന്നെയാണ് ജീവിതം’, അജീഷ് പറഞ്ഞുനിർത്തി.

MORE IN SPOTLIGHT
SHOW MORE