ലൂസിഫർ ടീസർ നാളെ; 13 യാദൃശ്ചികമോ, മനഃപൂർവമോ ? ആകാംക്ഷ

lusifer-teaser
SHARE

പതിമൂന്ന് എന്ന സംഖ്യ അത്ര നല്ലതല്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. പ്രശ്നങ്ങളുടെ സംഖ്യയായിട്ടാണ് പലരും 13 നെ കാണുന്നത്. എന്നാൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്നത് നാളെയാണ്. അതായത് ഡിസംബർ 13 ന്. മനഃപൂർവമാണോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നാളത്തെ ദിവസം തിരഞ്ഞെടുത്തത് ?

ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവവും 13 എന്ന തിയതിയും തമ്മിലുള്ള ബന്ധം നിഷേധിക്കാനാകില്ല. 13/12/2018 എന്ന തീയതിയിലെ 13–ഉം 18–ഉം മാത്രമെടുക്കുക. ലൂസിഫർ എന്ന പേര് പരാമർശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13–ാം അധ്യായത്തിലെ 18–ാം വാക്യം ഇങ്ങനെയാണ്.‘ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. 666 ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.’

ഇൗ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കിൽ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡർ കാറിന്റെ നമ്പർ KLT 666 ആണ്. ടീസർ റിലീസ് അറിയിച്ച പോസ്റ്ററിലും ഇൗ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇൗ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരപൂരകമായി ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോഴും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാണ് ഡിസംബർ 13–ന് തന്നെ ടീസർ പുറത്തിറക്കാൻ അണിയറക്കാർ തീരുമാനിച്ചത് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ ഇത്തരത്തിൽ ഒരു സാധ്യതയും അവർ ചിന്തിച്ചിരിക്കാം

അന്ധവിശ്വാസങ്ങൾ അൽപം കൂടുതലുള്ള മേഖലയാണ് സിനിമയെന്നാണ് സംസാരം. അത്തരം വിശ്വാസം മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും ലൂസിഫറിന്റെ അണിയറ പ്രവർത്തകരുടേത്. 

MORE IN SPOTLIGHT
SHOW MORE