ഫെയ്സ്ബുക്ക് ചുമരുവിട്ട് മലയാളി ബ്ലോഗിലേക്ക് തിരിച്ചെത്തുമോ? ആ കാലം..!

blog-article-meettu
SHARE

2007–2008 കാലം. അന്നാണ് സ്വന്തമായിട്ടൊരു ബ്ലോഗ് ഇല്ലെന്നത് ഒരു നാണക്കേടായി മലയാളികള്‍ക്ക് തോന്നിത്തുടങ്ങിയത്. വീട്ടില്‍ ആനയുണ്ടെന്ന് പറയുംപോെല ഓര്‍ക്കുട്ടിലെ ബ്ലോഗ് ഐഡി ഒരു അഭിമാനമായിരുന്നു.  ബ്ലോഗര്‍ എന്ന പേരിനുതന്നെ  ഒരു പരിവേഷം വന്ന കാലം. പിന്നയങ്ങോട്ട് ബ്ലോഗുകളില്‍ സര്‍ഗാത്മകതയുടെ കുത്തൊഴുക്കായി. കഥ, കവിത,ആക്ഷേപഹാസ്യം അങ്ങനെയങ്ങനെ തൊട്ടടുത്ത വീട്ടിലെ പശുചത്തതുവരെ എഴുതിയവരും ബ്ലോഗറായി. നാലാംക്ലാസിലെഴുതിയ കവിതയും കഥയും വരെ ബ്ലോഗില്‍ പകര്‍ത്തി. മറുഭാഗത്ത് മനോഹരമായ ഭാഷയില്‍ എഴുതുന്ന, സമകാലികവിഷയങ്ങള്‍ സരസമായി കൈകാര്യം ചെയ്യുന്ന, ഗൗരവമായ വിഷയങ്ങളില്‍ നല്ല വിശകലനങ്ങളുള്ള മികച്ച ബ്ലോഗര്‍മാരുണ്ടായി. അവയ്ക്കെല്ലാം മികച്ച ഫോളോവേഴ്സുമുണ്ടായി. ബ്ലോഗെഴുത്ത് ഒരു വരുമാനമാര്‍ഗമായി കണ്ടവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ആ ബ്ലോഗര്‍മാരെല്ലാം എവിടെപ്പോയി. അങ്ങേയറ്റം ജനപ്രീതിയാര്‍ജിച്ച പല ബ്ലോഗ് സൈറ്റുകള്‍ക്കും എന്തു സംഭവിച്ചു. പ്രമുഖ ബ്ലോഗര്‍മാര്‍ പറയുന്നു.

  

'വീട് കൊടകരേല്, കുടി ഫു‍‍െജറേല്, ഡെയ്്ലി പോയിവരും.' മലയാളികളെ  കുടുകുടെ ചിരിപ്പിച്ച ബ്ലോഗിന്‍റെ ടാഗ്‌‌ലൈനാണത്. സജീവ് എടത്താടന്‍ എന്ന പ്രവാസിയായ ബ്ലോഗറെ ഇ വായനക്കാര്‍ പരിചയപ്പെടുന്നത്  കൊടകരപുരാണം എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗിലൂടെയാണ്. പേരുപോലെ കൊടകരയും അവിടുത്തെ നാട്ടുകാരും തന്നെ പ്രമേയം. കൊടകര പുരാണത്തിന്‍റെ യഥാര്‍ഥ പുരാണം സജീവ് ഇങ്ങനെ പറയും: "അതുപിന്നെ ആദ്യമായി സൈക്കിൾ കിട്ടിയാൽ കുറച്ച് നാൾ നമ്മൾ പൊരിഞ്ഞ ചവിട്ടായിരിക്കുമല്ലോ?. പിന്നെ പിന്നെ പഴേ ആ ഒരു ഇന്ററസ്റ്റ് കുറയും. ഏറെക്കുറെ ഇതൊക്കെത്തന്നെയായിരുന്നു, എന്റേയും അന്ന് ബ്ലോഗിൽ ആക്ടീവായിരുന്ന പലരുടേം കാര്യം. നമുക്ക് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടാക്കാൻ പറ്റുക, അതിൽ വരമൊഴിയും കീമാനുമൊക്കെ ഉപയോഗിച്ച് വളരെ കംഫർട്ടബിളായി തനി മലയാളത്തിൽ ഇഷ്ടമുള്ളതെല്ലാം എഴുതാൻ പറ്റുക. 'ഏതെങ്കിലും ഒരു മനുഷ്യ കുഞ്ഞിനെങ്കിലും ഇഷ്ടപ്പെട്ടാൽ മതിയായിരുന്നൂ...‘ എന്നും കരുതി നമ്മൾ എഴുതുന്നത്, ഒരു കുന്ന് ആളുകൾ ലോകത്തിന്റെ പല സ്ഥലങ്ങളിലിരുന്ന് വായിക്കുകയും അവരുടെ വീട്ടുകാരേക്കൊണ്ടും കൂട്ടുകാരേക്കൊണ്ടും വായിപ്പിക്കുകയും മനസ്സഞ്ചിപ്പിക്കുന്ന തരം അഭിപ്രായങ്ങൾ കൊണ്ട് മൂടുകയും ചെയ്യുന്നതൊക്കെ 36 വയസ്സുള്ള ഒരു ശരാശരി ഗൾഫുകാരന് സ്വപ്നങ്ങൾക്കുമപ്പുറത്തുള്ള കാര്യങ്ങളായിരുന്നു. 

അങ്ങിനെയാണ് ഒരു പത്ത് പതിനഞ്ചെണ്ണം എഴുതി ഓടാമെന്ന് കരുതി തുടങ്ങിയ എഴുത്ത് ഇക്കണ്ട പോസ്റ്റുകളിൽ എത്തിയത്. പിന്നേപ്പിന്നെ, തന്നേം പിന്നേം ഒരേ ടൈപ്പ് ഐറ്റംസ് തന്നെ എഴുതി എനിക്കും വായിക്കുന്നോർക്കും ബോറടിച്ചു തുടങ്ങി. അപ്പോൾ, ബ്ലോഗ് വിട്ട് ആവേശം തോന്നുന്ന മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു". 

ബ്ലോഗ് വസന്തം പൂവിട്ടകാലം 

യൂണികോഡിന്‍റെ വരവോടെ ഇന്‍റര്‍നെറ്റില്‍ മലയാളത്തില്‍  എഴുതമെന്നായത് ഭാഷാസ്നേഹികളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചത്. നാലാള്‍ കാണ്‍കെ എവിടെയെഴുതും എന്നു ചിന്തിച്ചവര്‍ക്ക് ഒരിടം. സ്വന്തം ആശയങ്ങള്‍ പങ്കുവയ്ക്കാനൊരു സ്ഥലം, പുസ്തകമെഴുതി പ്രസിദ്ധീകരിച്ചില്ലെങ്കിലും വായനക്കാരുണ്ടാകും. സാഹിത്യകാരനൊന്നുമായില്ലെങ്കിലും  ബ്ലോഗറായി  അറിയപ്പെടാം.രണ്ടക്ഷ‌രം കൂട്ടിയെഴുതുന്നവരൊക്കെ ബ്ലോഗര്‍മാരാകാം. അങ്ങനെ അങ്ങനെ ബ്ലോഗ് എന്ന നവമാധ്യമത്തിന് സാധ്യതകള്‍ ഏറെയായിരുന്നു അന്ന്. 2008ല്‍. ബ്ലോഗിലായാലും പുതിയ ആശയങ്ങളും അതവതരിപ്പിക്കാനുള്ള കഴിവും പ്രാഗത്ഭ്യവും ഉള്ള പ്രതിഭകള്‍ക്കുമാത്രമാണ് അവിടെയും നിലനില്‍പ്പുണ്ടായത്. അവര്‍ക്കൊക്കെ സാമാന്യം തരക്കേടില്ലാത്ത ഫോളോവേഴ്സുമുണ്ടായി.യാത്രാവിരണങ്ങളും വാര്‍ത്താവലോകനങ്ങളുമൊക്കെ ഇ– വായനക്കാരെ ആകര്‍ഷിച്ചു. സരസമായി എഴുതുന്ന രചനകള്‍ക്ക് നല്ല സ്വീകാര്യതയുണ്ടായിരുന്നു. 

blog-article-2
സജീവ് എടത്താടന്‍(ഇടത്ത്), മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍

ബ്ലോഗ് ഒരു വരുമാനമാര്‍ഗമാകുന്നതും ഇക്കാലത്താണ് മനോഹരമായി ബ്ലോഗെഴുതുന്നവരെത്തേടി പരസ്യങ്ങള്‍ വന്നു. പ്രമുഖ ബ്ലോഗര്‍  മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍ ഇൗ സാധ്യതകള്‍ വിജയകരമായി പരീക്ഷിച്ചയാളാണ്. "ഫോളോവേഴ്സിന്‍റെ എണ്ണത്തിനനുസരിച്ച് അല്ലെങ്കില്‍ ഒരു നിശ്ചിതകാലത്തേക്കാണ് പരസ്യക്കാര്‍ തുക നിശ്ചയിക്കുക. മാസം നല്ല തുക സ്വന്തമാക്കിയിരുന്ന ഒട്ടേറെ ബ്ലോഗര്‍മാരുണ്ടായിരുന്നു മലയാളത്തില്‍. സ്ഥിരോല്‍സാഹമില്ലെങ്കില്‍ കണ്ടന്‍റ് മോശമാകും. ഫോളോവേഴ്സ് കുറയും വരുമാനമാവും കുറയും. അതുകൊണ്ട് പ്രഫഷണലായ സമീപനം ഇക്കാര്യത്തില്‍ നിര്‍ബന്ധം."   

സരസമായ ബ്ലോഗുകള്‍ക്കാണ് കൂടുതല്‍ മാര്‍ക്കറ്റ്. ഹ്യൂമർ ഇത്രമാത്രം വേറെ എവിടേം എഴുതിക്കണ്ടിട്ടില്ലെന്ന് സജീവ് എടത്താടന്‍ പറയും. "അരവിന്ദനും തമനുവും കുറുമാനും ഇടിവാളും മനുവും സാന്റോസും അരുണുമൊന്നും ബ്ലോഗിൽ എഴുതിയത്ര റേഞ്ചിലുള്ള/എല്ലാവർക്കും മനസ്സിലാവുന്ന ഹ്യൂമർ മലയാളത്തിൽ ആരും എഴുതിയിട്ടില്ല.ബഷീറിനെയും വി.കെ.എൻ-നെയും പോലുള്ളവർ എഴുതിയ ക്ലാസ് ഐറ്റംസ് എഞ്ജോയ് ചെയ്യാൻ പറ്റാത്ത വലിയൊരു സമൂഹം കേരളത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല കോമഡികൾ കേൾക്കണമെങ്കിൽ ഒന്നുകിൽ ഏതെങ്കിലും ബാറിൽ പോകണം, അല്ലെങ്കിൽ ടെമ്പോ പേട്ടയിൽ പോകണം, അതുമല്ലെങ്കിൽ പണ്ടത്തെ തൃശ്ശൂർ ഗിരിജേല് പടത്തിന് പോണം എന്നൊരു പറച്ചിലുണ്ട് നാട്ടിൽ. അത് വളരെ ശരിയുമാണ്. ആ റേഞ്ച് കോമഡികൾ സിനിമയിലും വന്നിട്ടില്ല. സാഹിത്യത്തിലും വന്നിട്ടില്ല.  ശരിക്കുപറഞ്ഞാൽ ഇന്നത്തെ ട്രോളന്മാരുടെ മുൻഗാമികളാണവർ. മലയാള സാഹിത്യത്തിൽ ഇമ്മാതിരി എഴുത്തിന്റെ സ്പേയ്സ് ശരിക്കുമുണ്ട്. ആ സ്പേയ്സ് നികത്താൻ മുകളിൽ പറഞ്ഞ ബ്ലോഗർമ്മാർക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, വേണ്ട വിധത്തിൽ ബ്ലോഗിന് പുറത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രം." 

ബ്ലോഗറുടെ രാഷ്്ട്രീയം 

സൂപ്പര്‍ഹിറ്റായ ബ്ലോഗുകളൊന്നും പൊതുവില്‍ ഏകപക്ഷീയമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ലെന്നതാണ് വാസ്തവം. ആക്ഷേപഹാസ്യവും ചെറുകഥകളും  കവിതകളും അനുഭവക്കുറിപ്പുകളും യാത്രാവിവരണങ്ങളുമൊക്കെ സരസമായും ലളിതമായും എഴുന്നതാണ് ഏറെ വായിക്കപ്പെട്ട കൂടുതല്‍ ബ്ലോഗുകളും. കൊടകരപുരാണം ഹിറ്റായത് ബ്ലോഗറുടെ കൊടകരയിലെ കുട്ടിക്കാലകഥകള്‍ വായിച്ചവരെല്ലാം പൊട്ടിച്ചിരിപ്പിച്ചതുകൊണ്ടായിരുന്നു. ബെര്‍ളിത്തരങ്ങളില്‍ മടുപ്പില്ലാതെ വായിക്കാനാകുന്ന ചെറുകഥകള്‍ ഏറെയുണ്ടായിരുന്നു. നിരക്ഷരന്‍ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍  നിക്പക്ഷത കൊണ്ട് 'പൊളിറ്റിക്കലി കറക്ടായി' . അത് ബോധപൂര്‍വമായ നിക്ഷ്പക്ഷതയാണെന്ന് നിരക്ഷരനും സമ്മതിക്കും. 

രാഷ്ട്രീയക്കാര്‍ക്കും ബ്ലോഗുണ്ട്. അവിടെ രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് കഥയും കവിതയുമാണെന്നുമാത്രം. കവയിത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്‍റെ ബ്ലോഗ്് ഒരുദാഹരണം. ബ്ലോഗര്‍മാരായ  ഡോക്ടര്‍മാരുമുണ്ട്. രോഗം, ചികില്‍സ, പ്രതിവിധി തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന മികച്ച വൈദ്യന്‍മാര്‍. വിഷയം എന്തായാലും   മാര്‍ക്കറ്ററിഞ്ഞ് എറിയണമെന്ന് (എഴുതണമെന്ന്) ചുരുക്കം. "ബ്ലോഗിൽ വായനക്കാരന് കുറച്ചും കൂടെ ബഹുമാനം കൊടുത്ത് ഒരു പൊടിക്ക് ഉത്തരവാദിത്തം കൂടുതൽ കാണിച്ചാണ് എഴുതുക എന്നാണ് എനിക്ക് പൊതുവേ തോന്നിയ കാര്യം. എഴുത്തിൽ നമ്മൾ ‘നൊസ്റ്റാൾജിക്ക് ചിരി‘ ഡിപ്പാർട്ട്മെന്റിലെ ജോലിക്കാരനായതുകൊണ്ട്, ആരെയെങ്കിലും പോത്ത് കുത്താൻ വന്നതോ പട്ടി ഓടിച്ചതോ വിജയേട്ടന്റെ കടയിൽ ദോശ കഴിക്കാൻ പോയതോ പോലെയുള്ള നേരമ്പോക്കുകളോ ചെറിയ കാര്യങ്ങളോ ആണ് സ്വതവേ എഴുതൽ, രണ്ടിടത്തും. അത് സദ്യക്ക് വിളമ്പുന്ന പുളിയിഞ്ചി പോലെയാണ്. ചിലർ അത് തൊടില്ല, മറ്റു ചിലർ അത് മാത്രം കൂട്ടി വേണമെങ്കിൽ രണ്ട് കിണ്ണം ചോറുണ്ണും'    'ഭൈരവസമാചാര'ത്തിന്‍രെ കര്‍ത്താവ്  അനൂപ് ഫെയ്സ്ബുക്കിലെ പൊങ്കാലയിടലിനോട് ഒട്ടും  താല്‍പര്യമില്ലാത്തയാളാണ്. കമന്‍റ് ബോക്സില്‍ നിറയുന്ന വെറുപ്പിന്‍റെ വിഷം ചീറ്റുന്ന സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ അത്തരം വിവാദവിഷയങ്ങളിലെ സ്വന്തം അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തില്ലെന്നാണ് നിലപാട്, ബ്ലോഗ് പക്ഷേ കുറച്ചുകൂടി സ്വതന്ത്രവും സ്വകാര്യവുമായ ഇടടമാണെന്നാണ് അനൂപിന്‍റെ പക്ഷം 

'ഇ– മോഷണം' 

ബ്ലോഗര്‍ മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍ ഒരിക്കല്‍ യൂറോപ്യന്‍ യാത്രകഴിഞ്ഞ് മടങ്ങിയെത്തി. മനോഹരമായ യാത്രാവിവരണം ബ്ലോഗില്‍ കുറിച്ചു. കുറച്ചുകാലം കഴിഞ്ഞ് എറണാകുളത്തൊരു ബുക്ക് സ്റ്റാളില്‍ കയറി.  പുസ്തകങ്ങള്‍ തിരയുന്നതിനിടെ ഒരു  യാത്രാവിവരണപുസ്തകം കണ്ണില്‍പെട്ടു. വെറുതെ ഒന്നുമറിച്ചുനോക്കി. ഞെട്ടി. ഒരക്ഷരം പോലും വ്യത്യാസമില്ല. ഇതു ഞാനല്ലേ?, എന്‍റേത് ഇങ്ങനെ തന്നെയല്ലേ എന്ന തോന്നല്‍ ശരിയെന്ന് ഒരിക്കല്‍കൂടി ഉറപ്പിച്ചു. അന്വേഷണം പലവഴിക്ക് നീണ്ടു. പ്രമുഖ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം ഒരു പ്രവാസി മലയാളിയുടേതാണത്രേ. സ്വന്തം 'കണ്ടന്‍റ് ' മോഷ്ടിച്ചതിന് കേസ് നല്‍കിയിരിക്കുകയാണിപ്പോള്‍ മനോജ് രവീന്ദ്രന്‍. ഇതും ഒരു വെല്ലുവിളിയാണ്. കണ്ടന്‍റ് കോപ്പിയടി കണ്ടുപിടിക്കാനും തടയാനും നിലവില്‍ മാര്‍ഗങ്ങളില്ല. ബ്ലോഗെഴുത്തുകള്‍ പുസ്തകമാക്കാമെന്ന് കരുതുന്നവര്‍ സ്വന്തം സൃഷ്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്.   

തിരിച്ചുവരുമോ പഴയ വസന്തകാലം 

പെണ്ണെഴുത്തുകള്‍ എന്ന സാഹ്യത്യഭാഷയൊന്നും ഇ–ലോകത്തെ വനിതാ ബ്ലോഗര്‍മാര്‍ക്ക് ആവശ്യമില്ല. കാരണം എല്ലാ കെട്ടുപാടുകളും പൊട്ടിച്ച് സ്വതന്ത്രമായ എഴുത്തിനുള്ള ഒരു വലിയ, എന്നാല്‍ സ്വകാര്യമായ ഒരു പ്ലാറ്റ്ഫോം കണ്ടെത്തിയ സന്തോഷത്തിലാണ്  മിക്ക വനിതാബ്ലോഗര്‍മാരും ഇൗ സാധ്യത പ്രയോജനപ്പെടുത്തിയത്. മിക്കവരും രസകരമായ തൂലികാനാമങ്ങളും സ്വീകരിച്ചു.  ബിരിയാണിക്കുട്ടി, ഇഞ്ചിപ്പെണ്ണ്, കൊച്ചുത്രേസ്യ, വല്ല്യമ്മായി, ഉമേച്ചി വഹീദ തുടങ്ങിയവരെല്ലാം ആ നിരയില്‍ പേരെടുത്തവരാണ്. ഇഷ്ടമുള്ളതെല്ലാം എഴുതാന്‍ ഒരു തടസവുമുണ്ടായില്ല. പാചകക്കുറിപ്പുകള്‍ മുതല്‍ വൈദ്യവും രാഷ്ട്രീയവും വരെ രസകരമായി എഴുതുന്നവര്‍. കൃത്യമായി ഒരുപക്ഷത്തുനിന്നു സംസാരിക്കുന്ന പലര്‍ക്കും ഇന്ന് പക്ഷേ ഫേസ്ബുക്കില്‍ വിലക്കുണ്ട്. 

മതം, ലിംഗം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ നിലപാടില്‍ വ്യാപകമായി ആക്രമിക്കപ്പെട്ട പലരെയും മാസ് റിപ്പോര്‍ട്ടിങ്ങിനെത്തുടര്‍ന്ന് ഫേസ്ബുക്ക് വിലക്കി. ഇവരില്‍ ഭൂരിഭാഗവും പഴയ തട്ടകമായ ബ്ലോഗിലേക്ക് മടങ്ങുന്നുണ്ട്. ബ്ലോഗുകള്‍ വീണ്ടും സജീവമാകുന്ന കാലം വരുമെന്ന പ്രതീക്ഷയുടെ തുടക്കവും ഇവിടെയാണ്.  വന്‍കിടക്കാര്‍ക്കെതിരെയും കോര്‍പറേറ്റുകള്‍ക്കെതിരെയുമൊക്കെ ഫെയ്സ്ബുക്കില്‍ ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ആ പ്രത്യേക വാക്കോ വിഷയമോ ഫെയ്സ്ബുക്കിന് ബ്ലോക്ക് ചെയ്യാം. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും തടയാന്‍ കഴിയുന്ന ഫെയ്സ്ബുക്കിന്‍റെ ആധിപത്യസ്വഭാവം ഇപ്പോഴത്ര പ്രകടമായിട്ടില്ലെന്നു മാത്രം. എഴുതാനുള്ള അവകാശത്തെ, പ്രതികരിക്കാനുള്ള സ്വാതന്ത്യത്തെ  തടയുന്ന ഒരു ഘട്ടമെത്തിയാല്‍ സുക്കര്‍ബര്‍ഗിന്‍റെ വോളില്‍ വേണ്ട എനിക്കെന്‍റെ നിലപാട് പറയാന്‍ എന്നുമലയാളികള്‍ ചിന്തിക്കുന്ന കാലം വിദൂരമല്ല. അപ്പോള്‍ സ്വന്തം പേരിലുള്ള ബ്ലോഗില്‍ സ്വന്തമായുള്ള രണ്ടുസെന്‍റില്‍ മൂന്നുനിലവീടുപണിയാം എന്നുവീണ്ടും ചിന്തിച്ചേക്കാം.    

MORE IN SPOTLIGHT
SHOW MORE