കളഞ്ഞുകിട്ടിയ തുക പൊലീസിന് നല്‍കി; പിന്നെയറിഞ്ഞു: അത് ഭാര്യയുടെ പണം തന്നെ

currency-value-t
SHARE

അങ്കണവാടി അധ്യാപിക കളഞ്ഞുകിട്ടിയ 25,000 രൂപ സമീപത്തുണ്ടായിരുന്ന ആളിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സഹായത്തിനെത്തിയ ആൾ വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് അതു തന്റെ ഭാര്യയുടെ കയ്യിൽ നിന്നു നഷ്ടപ്പെട്ട പണമാണെന്ന്. എന്നാൽ പണം കൊടുക്കാൻ പൊലീസ് വിസമ്മതിച്ചു. 

പിന്നീട് അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഒരാഴ്ച കഴിഞ്ഞ് ദമ്പതികൾക്കു പണം തിരികെക്കിട്ടി. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മുരുന്തൽ രാഹിഭവനിൽ രജിത മുരുന്തൽ സഹകരണബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ തുകയാണ് അഞ്ചാലുംമൂട്ടിലെ ഓഡിറ്റോറിയത്തിനു സമീപം റോഡിൽ നഷ്ടപ്പെട്ടത്.

ഇതുവഴിയെത്തിയ അങ്കണവാടി അധ്യാപിക കുരീപ്പുഴ പള്ളികിഴക്കതിൽ വൽസല സൈമണിനു പണം ലഭിച്ചു. സംഭവസമയം അവിടെയുണ്ടായിരുന്ന മോഹനൻ വൽസലയ്ക്കൊപ്പം പണം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേൽപ്പിക്കുകയായിരുന്നു. 

മോഹനൻ വീട്ടിലെത്തിയപ്പോഴാണു ഭാര്യയുടെ കയ്യിൽ നിന്നു പണം നഷ്ടപ്പെട്ടതറിയുന്നത്. ഉടൻ ഭാര്യക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞു മടക്കി. തുടർന്നു ബാങ്കിലടക്കം പൊലീസ് അന്വേഷിച്ചു.

പണം കിട്ടിയെന്നു കാട്ടി മാധ്യമങ്ങളിൽ വാർത്തകളും നൽകി. എന്നാൽ പണം തേടി ആരും എത്തിയതുമില്ല. ഇന്നലെ വൈകിട്ടോടെ ഡിവിഷൻ കൗൺസിലർമാരായ ബി.അനിൽകുമാർ, ബി.അജിത്ത്കുമാർ, എസ്ഐ ദേവരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വൽസലാ സൈമൺ രജിതയ്ക്കു പണം കൈമാറി.

MORE IN SPOTLIGHT
SHOW MORE