ഭാര്യക്ക് ‘താജ്മഹൽ’ പണിത ഫൈസലിന് അപകടമരണം; ഇനി പ്രിയതമക്കൊപ്പം അന്ത്യവിശ്രമം

faisal
SHARE

ഷാജഹാൻ പ്രിയപ്പെട്ടവൾക്കായി നിർമിച്ച പ്രണയ സ്മാരകത്തോടൊപ്പം എത്തില്ലെങ്കിലും ജീവനിൽ പാതിയായവൾക്ക് അത്തരത്തിലൊന്ന് സമ്മാനിക്കണമെന്ന് ഫൈസൽ ഹസൻ ആഗ്രഹിച്ചിരുന്നു.  അങ്ങനെ ഫൈസലും പണിതു മരിച്ചുപോയ പ്രിയപത്നിക്കായി ഒരു ചെറുതാജ്മഹൽ‌. ആ സ്നേഹകുടീരത്തിന് പ്രണയിക്കുന്നവരുടെ മനസില്‍ യഥാർ‌ത്ഥ താജ്മഹലിനെക്കാൾ വലുപ്പമുണ്ടായിരുന്നു. ആ പ്രണയം തന്നെയാണ് ഫൈസൽ ഹസൻ ഖാദ്രി എന്ന ഉത്തർപ്രദേശുകാരനെ വാർത്തകളിലെ താരമാക്കിയത്. ഇക്കഴിഞ്ഞ ദിവസം ഒരു വാഹനാപകടത്തിൽ അദ്ദേഹം മരിച്ചു. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിറകേ വന്ന വാഹനം ഇടിക്കുകയായിരുന്നു. 

ഗ്രാമത്തിൽ‌ വീടിനോടു ചേര്‍ന്ന സ്ഥലത്താണ് ഫൈസൽ ഭാര്യക്കായുള്ള ചെറുതാജ്മഹൽ നിർമിച്ചത്. ഗ്രാമത്തിലെ പെൺകുട്ടികൾക്കായി സ്കൂൾ നിർമിച്ചു നൽകാൻ സ്വന്തം സ്ഥലം വിട്ടുനൽകിയും അദ്ദേഹം വാർത്തകളിലിടം നേടിയിരുന്നു. 

2011 ഡിസംബറിലാണ് തൊണ്ടയിലുണ്ടായ ക്യാൻസർ മൂലം ഫൈസലിന്‍റെ ഭാര്യ താജാമുല്ലി ബീഗം മരിച്ചത്. 1953 ലാണ് ഇവർ വിവാഹിതരായത്. ഇരുവർക്കും മക്കളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷമാണ് ഫൈസൽ ചെറുതാജ്മഹൽ നിർമിക്കാനാരംഭിച്ചത്. ഭാര്യയെ അടക്കം ചെയ്ത സ്ഥലം ഈ സ്നേഹകുടീരത്തിനുള്ളിലാണ്. മരണശേഷം അതിനടുത്ത് തന്നെയും അടക്കാനുള്ള സ്ഥലവും ഫൈസൽ മാറ്റിവെച്ചിരുന്നു. പെന്‍ഷൻ തുകയുപയോഗിച്ചാണ് അദ്ദേഹം ചെറുതാജ്മഹലിൻറെ പണി പൂർത്തിയാക്കിയത്.  

MORE IN SPOTLIGHT
SHOW MORE