മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം കുടിച്ച് വിഡിയോ; മോഹനൻ വൈദ്യർക്കെതിരെ രോഷം

mohanan-vaidyar-new-video
SHARE

ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ച് മോഹനൻ വൈദ്യരുടെ പുതിയ വിഡിയോക്കെതിരെ ഇൻഫോക്ലിനിക്കിലെ ഡോക്ടർ ജിനേഷ് പിഎസ്. പോസിറ്റീവ് റിസൾട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതേ മോഹനൻ വൈദ്യർ അമൃത വിദ്യാലയത്തിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്നതിനെതിരെയും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

അമൃത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിയാൻ,

ഹെപ്പറ്റൈറ്റിസ്-ബി പോസിറ്റീവ് റിസൾട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യിൽ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവിൽ പറ്റിക്കുന്നു...

മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്.

വളരെ മാരകമായ സങ്കീർണ്ണതകൾ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി. സിറോസിസും Hepatocellular carcinoma-യും ഉണ്ടാവാൻ വളരെയധികം സാധ്യതയുണ്ട്. അതായത് സങ്കീർണതകൾ മൂലം മരണമടയാൻ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ രോഗം പകരാൻ വളരെയധികം സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്.

അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തിൽ കയറ്റണമെങ്കിൽ ഒന്നുകിൽ അയാൾ കൃത്യമായ വാക്സിൻ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ. അതല്ലെങ്കിൽ അയാൾക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം.

അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല.

പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാൾ ആരോഗ്യ വിഷയങ്ങളിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ക്ലാസെടുക്കുന്നു എങ്കിൽ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസിൽ.

ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാൾ സ്കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാൻ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളർത്തുന്ന അധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവൻ പാട്ട് ആൻറിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാൽ കാൻസർ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോർ പരിശോധിപ്പിക്കേണ്ടതുണ്ട്.

ആ അധ്യാപകരോട് ഒരഭ്യർത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയിൽ ചാണകം നിറയ്ക്കാൻ കൂട്ടുനിൽക്കരുത്. പേരിനെങ്കിലും സയൻസ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ ?

ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.

Dr. Jidhin Vs നൽകിയ വിവരമാണ്. അദ്ദേഹം നൽകിയ ചിത്രം ചേർക്കുന്നു.

വിഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിപ്പ വൈറസിനെ വെല്ലുവിളിച്ച് പേരാമ്പ്രയിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങൾ കഴിച്ച് മോഹനൻ വൈദ്യർ രംഗത്തുവന്നിരുന്നു. വിവാദമായതോടെ മാപ്പുപറയുകയും ചെയ്തു. 

MORE IN SPOTLIGHT
SHOW MORE