'കസബ'ക്ക് ശേഷം ആകെ കിട്ടിയത് ഒരു സിനിമ; നിശബ്ദയാക്കാനാകില്ല; പൊരുതാനുറച്ച് പാർവതി

parvathy-interview
SHARE

ചലച്ചിത്രമേഖലയിലെ വിവേചനവും മോശം പ്രവണതകളും ചൂണ്ടിക്കാണിച്ചതിന് വില കൊടുക്കേണ്ടി വന്നത് താനുൾപ്പെടെയുള്ള ഡബ്ല്യു സി സി അംഗങ്ങളാണെന്ന് പാർവതി. 2016ന് ശേഷം കിട്ടിയത് ഒരേയൊരു സിനിമയാണ്. താനുൾപ്പെടെയുള്ള എല്ലാ അംഗങ്ങളും ബ്ലാക്ക്‌ലിസ്റ്റിലാണ്. എങ്കിലും നിശബ്ദയാക്കാനാകില്ലെന്നും പറയാനുള്ളത് ഇനിയും ഉറക്കെ പറയുമെന്നും പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

''സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും മനുഷ്യരാണ്. എല്ലാ നടന്മാരും കഴിവുള്ളവർ തന്നെ. അവരുടെ കഴിവിനെയും അനുഭവസമ്പത്തിനെയും ബഹുമാനിക്കുന്നു. ഡബ്ല്യുസിസിയിലെ ആരും അതിനെ വിലകുറച്ചുകണ്ടിട്ടില്ല. പക്ഷേ ഒരു അസോസിയേഷന്റെ ചുമതലയുള്ളപ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

''അവിടെ ഉത്തരവാദിത്തമില്ലാതെ പെരുമാറുമ്പോൾ, ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഇരിക്കുമ്പോൾ, അവിടെയെന്തോ പ്രശ്നമുണ്ട് എന്നാണർഥം. ഭരിക്കുന്ന സർക്കാരിനോടും നാം ഇതേ സമീപനമാണ് സ്വീകരിക്കാറ്. എംഎൽഎയോ, എംപിയോ അവരുടെ ജോലി ചെയ്യാതിരിക്കുമ്പോൾ നാം അവരെ വിമർശിക്കാറുണ്ട്. 

''സൂപ്പർ സ്റ്റാറുകളെപ്പറ്റിയല്ല പറയുന്നത്. ഞങ്ങൾക്ക് അവരുമായി ഒരു പ്രശ്നവുമില്ല. പക്ഷേ നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണം. ജനറൽ സെക്രട്ടറി ആരായാലും പ്രസിഡന്റ് ആരായാലും ഇതേ ചോദ്യങ്ങൾ അവരോടും ചോദിക്കും.

ചോദ്യങ്ങളെത്തുടർന്ന് മലയാളസിനിമയിൽ അവസരം കുറഞ്ഞോ?

ഈ വിവാദങ്ങളുണ്ടാകുന്നതിന് മുൻപ് ലഭിച്ച ചിത്രങ്ങളാണ് അടുത്ത് പൂര്‍ത്തിയാക്കിയത്. അതിനുശേഷം ലഭിച്ച ഒരേയൊരു ചിത്രം ആഷിഖ് അബുവിന്റെ വൈറസ് ആണ്. അതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. ബാക്കി ചിത്രങ്ങളെല്ലാം കസബ(2016) സിനിമ സംബന്ധിച്ച പരാമര്‍ശം നടത്തുന്നതിന് മുന്‍പ് വന്ന ഓഫറുകളാണ്. 

എനിക്കതിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ അതുകൊണ്ട് നിശബ്ദയായിരിക്കുമെന്ന് കരുതേണ്ട. മുൻപ് സജീവമായിരുന്ന പല നായികമാരും പെട്ടെന്നൊരു ദിവസം ഈ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിപ്പോയിട്ടുണ്ട്. കാരണം പോല‌ുമറിയില്ല. ഈപ്പറയുന്ന ശക്തികൾ എന്നെ പുറത്താക്കിയാലും, എന്റെ ജോലിയിൽ ‌മോശമായതുകൊണ്ടല്ല എനിക്കിത് സംഭവിച്ചതെന്ന് ആളുകൾ അറിയണം.

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ടും ഇതുതന്നെയാണ് ഞാൻ എന്നോട് പറയാറ്. നോ പറയുക എന്നത് നിങ്ങളുടെ തീരുമാനമാണ്. നോ പറഞ്ഞാൽ, നിങ്ങൾക്ക് അവസരം നഷ്ടമാകും, ജോലിയില്ലാതാകും. പക്ഷേ യെസ് പറഞ്ഞാൽ, നിങ്ങൾ ചൂഷണത്തിനിരയാകും. ഇതേ തിയറി തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശരിയെന്ന് ബോധ്യമുള്ള ഒരു കാര്യത്തിനായി ഉറച്ച നിലപാടെടുക്കുമ്പോൾ നിങ്ങൾക്ക് ജോലി നഷ്ടപ്പെടും. അതുകൊണ്ട് വേറൊരു ജോലി ചെയ്യാൻ നിങ്ങൾ തയ്യാറാണോ എന്നുചോദിച്ചാൽ അതെ എന്നാണ് എന്റെ മറുപടി. 

പതിമൂന്ന് വർഷമായി ഞാൻ ഇവിടെയുണ്ട്. നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു കട തുടങ്ങുകയോ പബ്ബ് തുടങ്ങുകയോ ഒക്കെയെനിക്ക്. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് എന്നോർക്കണം. ഞങ്ങൾക്കുവേണ്ടി മാത്രമല്ല. 

എനിക്കോ, റിമ കല്ലിങ്കലിനോ, രമ്യ നമ്പീശനോ എന്താണ് ഇതില്‍ നിന്നൊക്കെ കിട്ടുന്നത്? പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചിലർ പറയുന്നു. 

എന്റെ നാലോ അഞ്ചോ സിനിമകൾ സൂപ്പർഹിറ്റുകളാണ്. ഇതിനപ്പുറമുള്ള ഒരു പ്രശസ്തിയും എനിക്ക് വേണ്ട. 

ഡബ്ല്യുസിസിയുമായി ബന്ധമുള്ള എല്ലാ താരങ്ങൾക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഞങ്ങളെല്ലാം ബ്ലാക്ക്‌ലിസ്റ്റിലാണ്. ഇതെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്. 

യുവതാരങ്ങളിൽ പലരും മൗനത്തിലാണ്?

അവരുടെ മൗനം അവരുടെ താത്പര്യമില്ലായ്മയാണ് വ്യക്തമാക്കുന്നത്. ജോലിസ്ഥലത്തെ ഒരു പ്രശ്നത്തിൽ ഇടപെടാതിരിക്കുന്നത്, അഭിപ്രായം പറയാതിരിക്കുന്നത്, ശരിക്കൊപ്പം നിൽക്കാതിരിക്കുന്നത്, ഇതെല്ലാം ബാധിക്കുന്നത് മറ്റു ചിലരെയാണ്. അവരത് മനസ്സിലാക്കുന്നില്ല. അവരുടെ ജീവിതം അപകടത്തിലല്ല. 

എത്ര നാള്‍ അവർക്കീ മൗനം തുടരാൻ കഴിയും? ഭൂരിപക്ഷമിതല്ലെന്ന് പറഞ്ഞ് എത്രയൊക്കെ അവർ മാറിനിന്നാലും സത്യം ഒരിക്കലും ഇല്ലാതാകുന്നില്ല. 

ബാഗ്ലൂർ ഡെയ്സ്, ടേക്ക് ഓഫ്, ചാർലി, കൂടെ എല്ലാം വൻ വിജയമായ ചിത്രങ്ങളായിരുന്നു. ബോളിവുഡിൽ ചെയ്ത ചിത്രവും വിജയിച്ചു. കരിയർ മാത്രമല്ല, മനസ്സാക്ഷി എന്നൊന്ന് കൂടിയുണ്ട്. അതെന്റെ ഉറക്കം കെടുത്തും. 

യുവതാരങ്ങളെക്കുറിച്ചോർത്ത് എനിക്ക് നിരാശയുണ്ട്. വിയോജിപ്പുണ്ട്. അവരോട് മുന്‍നിരയിലേക്ക് വരണമെന്ന് ഞാൻ പറയുന്നില്ല. എന്തെങ്കിലും ഒന്ന് പറയണം എന്നേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങൾക്കൊപ്പം നിൽക്കാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷേ അസോസിയേഷനിലെ എല്ലാവരും അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. 

സ്ത്രീകൾ സിനിമ ചെയ്യുന്നതാണ് സ്വപ്നമെന്ന് റിമ ഒരിക്കൽ പറഞ്ഞിരുന്നു?

സ്ത്രീകൾ സിനിമ സംവിധാനം ചെയ്യുക എന്നത് വലിയ കാര്യമാണ്. വിതരണം, നിർമാണം തുടങ്ങിയ ശക്തികേന്ദ്രങ്ങളിലൊക്കെ പുരുഷാധിപത്യമാണ്. അതൊരു സത്യമാണ്. ഞങ്ങൾക്ക് അവസരങ്ങൾ ഇല്ലാതായേക്കാം. പക്ഷേ ഇവിടം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. നന്നായി ചെയ്യുന്ന ഒരു കലയ്ക്കൊപ്പം ഇവിടെ നിൽക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ വിധി മറ്റൊരാളല്ല തീരുമാനിക്കുന്നത്. ഞങ്ങളിനിയും ജോലി ചെയ്യും. റിമയും ഞാനുമുൾപ്പെടെ ഡബ്ല്യുസിസിയിലെ എല്ലാവരും ഇതുതന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE