പറന്നുപറന്നു നാട്ടുകാരെ പരിഭ്രാന്തരാക്കി; മരത്തിലേക്ക് പൊട്ടിവീണു

parachute
SHARE

പാരഷൂട്ടിൽ പറക്കാനിറങ്ങിയ യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കുമരംചിറ സ്വദേശിയായ യുവാവാണു പറന്നുപറന്നു നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. ശൂരനാട് പോരുവഴി മലനട ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.വൈകിട്ടോടെ ബൈക്കിൽ എത്തിയ ഇയാൾ ഒപ്പം കൊണ്ടുവന്ന പാരഷൂട്ട് തയാറാക്കി ക്ഷേത്രത്തിനരികിലെ കുന്നിൽനിന്നു പറക്കാൻ തു‍ടങ്ങി. ആദ്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല. കൂടുതൽ ദൂരത്തേക്കു പറക്കാൻ തുടങ്ങിയതോടെ ആളും കൂടി. 

എന്നാൽ ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട പാരഷൂട്ട് മരത്തിലേക്കു പൊട്ടിവീണു. ഇതുമായി യുവാവ് ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടന്നു. ഒരു ഹെൽമറ്റ് മാത്രമായിരുന്നു ‘സുരക്ഷാകവചം’. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ താഴെയിറങ്ങിയ ഇയാൾ ബൈക്കിൽ സ്ഥലംവിട്ടു.

പാരഷൂട്ട് ഇയാൾ തന്നെ ഉണ്ടാക്കിയതാണെന്നു നാട്ടുകാർ പറയുന്നു. കന്നാസ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിലാണു നിർമാണം.  11 കെവി ലൈൻ കടന്നുപോകുന്നയിടത്തു നടത്തിയ പരീക്ഷണപ്പറക്കൽ വൻദുരന്തത്തിൽ കലാശിക്കുമായിരുന്നു. 

മുൻപും ഇയാൾ വന്നിട്ടുണ്ടെങ്കിലും നാട്ടുകാർ എതിർത്ത് തിരിച്ചയച്ചിരുന്നതായി പഞ്ചായത്തംഗം ആർ.രാധ പറയുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്കും സുരക്ഷാനിർദേശങ്ങൾ പാലിച്ചിട്ടുള്ള പാരഷൂട്ടുകൾക്കുമാണു പറക്കാൻ അനുവാദമുള്ളത്.

MORE IN SPOTLIGHT
SHOW MORE