16–ാം വയസ്സിൽ പീഡിപ്പിക്കപ്പെട്ടു; മൗനം പാലിച്ചത് എന്തിന്; ഞെട്ടിച്ച് പദ്മ ലക്ഷ്മിയുടെ കുറിപ്പ്

padma-lakshmi-rape
SHARE

പതിനാറാം വയസ്സിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി അമേരിക്കൻ മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മി. ഏഴാം വയസ്സിൽ ലൈംഗിക അതിക്രമത്തിനും പതിനാറാം വയസ്സിൽ ‍പീഡനത്തിനും ഇരയായെന്ന് ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിൽ പദ്മ വെളിപ്പെടുത്തി.

''പതിനാറാം വയസ്സിൽ ലോസ് ഏഞ്ചൽസിലെ ഷോപ്പിങ് മാളിൽ‌ ജോലി ചെയ്യുകയായിരുന്നു ഞാൻ. 23 വയസ്സുള്ള ഒരു യുവാവുമായി അടുപ്പത്തിലായി. ഒരിക്കൽ ഒരു ന്യൂ ഇയർ രാത്രിയിൽ അയാളുടെ ഫ്ലാറ്റിലായിരുന്നു ആഷോഘങ്ങൾ. ആഘോഷങ്ങൾക്കിടെ ഉറങ്ങിപ്പോയി. ഉറങ്ങിയെഴുന്നേറ്റപ്പോൾ കാലുകൾക്കിടയിൽ കത്തി കുത്തിയറക്കിയ പോലുള്ള വേദന. അയാളെന്റെ മുകളിൽ കിടക്കുകയായിരുന്നു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു; ഈ വേദന കുറച്ചുനേരത്തേക്കെ ഉണ്ടാകൂ എന്നയാൾ പറഞ്ഞു.''

''പീഡനത്തിനിരയായ രാത്രി ഞാൻ മദ്യപിച്ചിരുന്നോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതിന് പ്രസക്തിയില്ല, എങ്കിലും പറയാം. ഞാൻ മദ്യപിച്ചിരുന്നില്ല. അന്ന് ഞാൻ എന്ത് വസ്ത്രമാണ് ധരിച്ചിരുന്നത് എന്നും നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടാകും. അതും പ്രസക്തമല്ല. എന്റെ തോൾഭാഗം മാത്രം പുറത്തുകാണുന്ന കറുത്ത് മാക്സി ഡ്രസ് ആണ് ഞാൻ ധരിച്ചിരുന്നത്''

''അന്ന് രാത്രി കുറെ കരഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു. ഉറങ്ങുമ്പോൾ വേദന കുറവായിരിക്കും എന്നാണ് കരുതിയത്. ഞാൻ ആരോടും പറഞ്ഞില്ല. അമ്മയോടോ സുഹൃത്തുക്കളോടോ പൊലീസിനോടോ ആരോടും പറഞ്ഞില്ല. നടുക്കത്തിലായിരുന്നു ഞാൻ''

''പിന്നീട് ഇതെല്ലാം എന്റെ തെറ്റാണെന്ന് തോന്നിത്തുടങ്ങി. ബലാത്സംഗമെന്താണെന്ന് അന്ന് അറിയില്ല. ആരോടെങ്കിലും പറഞ്ഞാൽ, രാത്രി അവന്റെ ഫ്ലാറ്റിൽ നീ എന്തിന് പോയി എന്ന് ചോദിക്കും. പ്രായക്കൂടുതലുള്ള ആളുമായി എന്തിനടുപ്പം വെച്ചു എന്നും ചോദിക്കും. ഇതെല്ലാം ചിന്തിച്ചുകൊണ്ട് എന്റെ ദിവസങ്ങൾ കടന്നുപോയി.''

''അന്ന് നടന്നത് ബലാത്സംഗമാണോ എന്നുപോലും എനിക്ക് മനസ്സിലായില്ല. ആ സംഭവത്തിനുശേഷവും വൈകാരികമായി ഞാൻ കന്യകയായിരുന്നു. പിന്നീടുള്ള സുഹൃത്തുക്കളോടും അങ്ങനെ തന്നെ പറഞ്ഞു. ഏഴാം വയസ്സിലാണ് ആദ്യമായി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. ബന്ധുവിൽ നിന്നാണ് മോശം അനുഭവമുണ്ടായത്. അമ്മയോടും രണ്ടാനച്ഛനോടും വിവരം പറഞ്ഞപ്പോൾ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയാൻ ഇന്ത്യയിലേക്കയച്ചു.''  

അന്നെനിക്ക് മനസ്സിലായി, ഇത്തരം കാര്യങ്ങൾ പുറത്തുപറഞ്ഞാൽ നീക്കം ചെയ്യപ്പെടുമെന്ന്, ലക്ഷ്മി കുറിച്ചു.

സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ബെറ്റ് കവനോഗിനെതിരെ രണ്ട് സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ലക്ഷ്മിയുടെ തുറന്നുപറച്ചിൽ. ക്രിസ്റ്റീൻ ബ്ലാസി, ദെബോറ റാമിറെസ് എന്നിവരാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. 

വർഷങ്ങൾക്ക് മുൻപ് നടന്ന പീഡനത്തിൽ അന്നേ പരാതി നൽകണമായിരുന്നു എന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് പതിനാറാം വയസ്സിലെ അനുഭവവും മൗനം പാലിച്ചതിന്റെ കാരണവും വ്യക്തമാക്കി ലക്ഷ്മി രംഗത്തെത്തിയത്. 

MORE IN SPOTLIGHT
SHOW MORE