പുറത്തേക്ക് തെറിച്ചുപോയി; കാർ പിന്നോട്ടുമറിഞ്ഞു; ആ രാത്രിയുടെ ഓർമ്മയില്‍ മോനിഷയുടെ അമ്മ

രാത്രി കാല വാഹനാപകടങ്ങള്‍ നമ്മുടെ നാട്ടിൽ പതിവാകുകയാണ്. കഴിഞ്ഞ ദിവസം വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം രാത്രി അപകടത്തില്‍പ്പെട്ടപ്പോൾ പൊലിഞ്ഞത് രണ്ടുവയസ്സുള്ള കുരുന്നുജീവനാണ്. അദ്ദേഹവും ഭാര്യയും ചികില്‍സയില്‍ തുടരുകയാണ്. രാത്രികാല അപകടത്തിന്റെ തീരാനഷ്ടമാണ് മലയാളത്തിന്റെ പ്രിയനടി മോനിഷ. ആ അപകടത്തെക്കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി മനോരമ ന്യൂസിന്‍റെ കൗണ്ടര്‍പോയിന്‍റില്‍ പറയുന്നു: 

രാവിലത്തെ ഫ്ലൈറ്റ് കിട്ടാൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതാണ്. വരുമ്പോഴൊന്നും പ്രശ്നമുണ്ടായിരുന്നില്ല. റോഡെല്ലാം ക്ലിയർ ആയിരുന്നു. മുൻപിൽ നിന്ന് വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാറില്ല. അത് നേരെയടിക്കുന്നത് ഡ്രൈവറുടെ മുഖത്തേക്കാണ്. മകൾ ഉറങ്ങുകയായിരുന്നു. ഞാൻ ഉറങ്ങിയിട്ടില്ല. ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു. എപ്പോഴാ അദ്ദേഹത്തിന് ഉറക്കം വന്നതെന്ന് എനിക്കറിയില്ല.

ആ സ്ഥലം നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണെന്നൊക്കെ പിന്നീടാണ് അറിയുന്നത്. എന്നാൽ അതൊരു ജംഗ്ഷനായിരുന്നു. അവിടെ ഇൻഡിക്കേറ്ററൊന്നും ഇല്ലായിരുന്നു. അത്തരം ബോർഡുകളും ഇല്ലായിരുന്നു. അന്നത്ര സംവിധാനമൊന്നില്ലായിരുന്നു. പുലർച്ചെ സമയത്താണ് അപകടമുണ്ടാകുന്നത്.

സൈഡിൽ നിന്ന് കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാൻ കാണുന്നുണ്ട്. പെട്ടെന്നൊരു ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു. ഉറങ്ങാതിരുന്ന എനിക്ക് പോലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. 

ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുപോകുന്നു. കാർ പിന്നോട്ടുമറിയുന്നു. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. ആ സമയത്ത് ഓടിയെത്തിയത് നാട്ടുകാരാണ്. സിനിമാ മേഖലയിൽ ദിവസം മുഴുവൻ‌ ഡ്രൈവ് ചെയ്ത ഡ്രൈവർ തന്നെയാകും രാത്രിയും വാഹനമോടിക്കുക. തമിഴ് സിനിമയിലാണെങ്കിൽ രാത്രിയാത്രകൾ ഒരുപാട് കാണും. ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി ഒതുക്കി വിശ്രമിച്ച ശേഷമെ യാത്ര തുടരാറുള്ളൂ. 

ഇന്നും ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നു എന്ന് കേൾക്കുമ്പോള്‍ ഒരു വേദനയാണ്. ഇന്ന് രാത്രിയാത്ര ചെയ്യാറില്ല. എത്ര മുൻകരുതൽ എടുത്തിട്ടും അപകടങ്ങളുണ്ടാകുന്നു.