ബസിനെ താങ്ങി 80 ജീവന്‍ രക്ഷിച്ച കപിലിന് അഭിനന്ദിച്ച് ജെസിബി കമ്പനിയും; ധീരതയ്ക്ക് സല്യൂട്ട്

jcb-driver-help
SHARE

മണ്ണു മാന്താൻ മാത്രമല്ല. ചിലപ്പോൾ ജീവൻ ഇങ്ങനെ താങ്ങി നിർത്താനും ആ ഇരുമ്പിന്റെ തുമ്പിക്കൈ ഉപകരിക്കുമെന്ന് തെളിയിച്ച കപിലിന് അഭിനന്ദനപ്രവാഹം. എതുനിമിഷവും കൊക്കയിലേക്ക് മറിയാൻ നിന്ന ബസിനെയും അതിലെ എൻപതോളം യാത്രക്കാരെയും രക്ഷിച്ച ചെറുപ്പക്കാരനെ അഭിനന്ദിച്ച് ജെസിബി കമ്പനി തന്നെ രംഗത്തെത്തി. എൺപതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാൻ തുടങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിനെയാണ് മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരു മണിക്കൂറോളം കപിൽ എന്ന ജെസിബി ഡ്രൈവർ താങ്ങിനിർത്തിയത്.  

കപിലിന്റെ മനസാനിധ്യത്തെ അഭിനന്ദിച്ച് കൊണ്ടാണ് ജെസിബി കമ്പനി ട്വീറ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ ലോകത്തിന്റെ ഒന്നടങ്കമുള്ള അഭിനന്ദനങ്ങൾക്ക് പിന്നാലെയാണ് ഇൗ ചെറുപ്പക്കാരനെ തേടി കമ്പനി തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പൂപ്പാറയിലായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ചരിയുകയായിരുന്നു. ഇതേസമയം സമീപത്തുണ്ടായിരുന്ന ജെസിബി ഡ്രൈവർ കപിൽ പ്രവർത്തിപ്പിച്ച് കൊണ്ടിരുന്നു യന്ത്രകൈ അതിവേഗം ബസിന് മുകളിലേക്ക് പിടിച്ച് ബസ് കൊക്കിയലേക്ക് മറിയുന്നത് തടഞ്ഞു.തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് സമീപമുണ്ടായിരുന്ന വ്യക്തി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.  

അപ്പോൾ സമയം 4 മണിയോടെ അടുത്തിരുന്നു, എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയിൽ മടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തിൽനിന്നും വേർപെട്ട ടൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവർ. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ്‌ കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി.

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണ്ണമായും തെറ്റായ വശംചേർന്ന് വന്ന ബസ്‌ വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നു വളരെ അധികം പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആർത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി. വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്‌.

എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീൻന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണ്ണമായും ചരിഞ്ഞ ബസ്‌ യന്ത്രകൈയ്യിൽ കോരി എടുത്തു. ഏറക്കുറെ പൂർണ്ണമായും നിവർത്തി ബസിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാരിൽ പലരും കണ്ണീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീർഉണങ്ങാത്ത സ്നേഹചുംബനം നൽകി കപിലിനോട് നന്ദി അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE