പായ്‍വ‍ഞ്ചി നിറയെ സാഹസികത, ആത്മധൈര്യം: രക്ഷാപ്രവർത്തനം ഇങ്ങനെ

abhilash-tomy
SHARE

ചെറിയൊരു പായ്‍വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റാൻ പുറപ്പെട്ടപ്പോള്‍ നിറയെ സ്വപ്നങ്ങളായിരുന്നിരിക്കണം ആ യുവാവിന്‍റെ മനസിൽ. പ്രതിബന്ധങ്ങളോട് പൊരുതിയായിരുന്നു യാത്രകളത്രയും. സഞ്ചാരവും സാഹസികതകളും ഇഷ്ടപ്പെടുന്നവർക്ക് അഭിലാഷിനെയും ഇഷ്ടമാണ്. മത്സരത്തിലെ ജയവും തോൽവിയും അവിടെ നിൽക്കട്ടെ, സുരക്ഷിതനായി അഭിലാഷ് തീരമണയുന്നത് പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ലോകം. 

ഒടുവിൽ ആ സന്തോഷ വാര്‍ത്തയെത്തി. ഫ്രഞ്ച് കപ്പൽ ഒസിരിസ് സ്ഥലത്തെത്തി. അഭിലാഷിനെ രക്ഷിച്ചു. സുരക്ഷിതനായിരിക്കുന്നുവെന്ന് ഇന്ത്യൻ നേവിയുടെ ട്വീറ്റ്. 

തുരിയ എന്നു പേരുള്ള പായ്‍വ‍ഞ്ചിയിലായിരുന്നു യാത്ര. നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്. 

ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1,900 നോട്ടിക്കൽ മൈൽ അകലെയുള്ള സ്ഥലത്തു വെച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്. 

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാർജ് കഴിയാറായെന്നും സന്ദേശത്തിൽ പറഞ്ഞു. 

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. അഭിലാഷിൻറെ കയ്യിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിന് തകരാർ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തകരുമായുള്ള ആശയവിനിമയം ഇടക്കു വെച്ചു നിലച്ചു. 

ഇന്ത്യൻ നേവിക്കൊപ്പം ആസ്ട്രേലിയൻ നേവിയും ഫ്ര​ഞ്ച് നേവിയും രക്ഷാപ്രവർത്തനത്തിൽ കൈകോർത്തു. ആദ്യമെത്തിയത് ഫ്ര​​ഞ്ച് കപ്പലായ ഒസിരിസ് ആണ്. 

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.

അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. ആരോഗ്യസ്ഥ്തി മെച്ചപ്പട്ടതാണെന്ന് അറിയുന്നത് ആശ്വാസകരമാണ്. അഭിലാഷിന്റെ അനുജ‍ന്‍ ഓസ്ട്രേലിയയിലുണ്ട്. താനും ഓസ്ട്രേലിയക്കു തിരിക്കികയാണെന്ന് പിതാവ് ടോമി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE