ഒട്ടകം പ്രസവിച്ചു; ആൺകുഞ്ഞ്, കേരളത്തിലെ രണ്ടാം പ്രസവം

camel-calf
SHARE

രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകത്തിനു തണ്ടേക്കാട് സുഖപ്രസവം. അൽ അസ്ഹർ‌ ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം താമസിക്കുന്ന പറമ്പിള്ളിക്കുടി സിദ്ധിഖ‌് വാങ്ങിയ ബുറാഖ് എന്ന ഒട്ടകമാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്. കേരളത്തിൽ ഒട്ടകം പ്രസവിക്കുന്നതു രണ്ടാം തവണയാണെന്നു സിദ്ധിഖ് പറഞ്ഞു.  ഒരു വർഷം മുൻപ് വയനാട് മാനന്തവാടിയിലായിരുന്നു ആദ്യ പ്രസവം.

അമ്മയും കുഞ്ഞും പുതിയ അന്തരീക്ഷവുമായി ഇണങ്ങി. പാലക്കാട്ടെ റജിസ്റ്റേർഡ് ക്ലബ് ഉടമ ഗൗതം വഴിയാണു കഴിഞ്ഞ മാർച്ചിൽ ഒട്ടകത്തെ വാങ്ങിയത്. ഒൻപതു മാസം ഗർഭിണിയായിരുന്നു അന്ന്. 14 മാസത്തെ ഗർഭകാലത്തിനു ശേഷം കഴിഞ്ഞ 19നായിരുന്നു പ്രസവം. തള്ളയെ രാജസ്ഥാനിലേക്കു തന്നെ തിരികെ നൽകി കുഞ്ഞിനെ തണ്ടേക്കാട് വളർത്താനാണു തീരുമാനമെന്നു സിദ്ധിഖ‌് പറഞ്ഞു. ഏഴു വയസ്സുള്ള ബുറാഖിനെ ഒന്നര ലക്ഷം രൂപയ്ക്കാണു വാങ്ങിയത്.

തവിടും കടലത്തൊണ്ടും ഇലകളുമാണു ഭക്ഷണം. 15 ആടുകളെ പരിചരിക്കേണ്ടതു പോലെയാണ് ഒരു ഒട്ടകത്തിന്റെ പരിചരണമെന്നു സിദ്ധിഖ് പറഞ്ഞു. കുതിരകളെ വാങ്ങ‌‌ി മറിച്ചു വിൽപനയുമുള്ള ഇദ്ദേഹം കൗതുകത്തിനാണ് ഒട്ടകത്തെ വാങ്ങിയത്. മൂന്നു വയസ്സുള്ള കുതിരയുമുണ്ട്.പെരുമ്പാവൂർ മേഖലയിൽ സവാരിക്കും വിൽപനയ്ക്കുമായി കുതിരയെ ആദ്യമെത്തിച്ചവരിൽ ഒരാളാണ് സിദ്ധിഖ്. പോഞ്ഞാശേരി താജ് മൈദ കമ്പനിയിൽ വെഹിക്കിൾ മാനേജരായ ഇദ്ദേഹത്തെ മൃഗപരിപാലനത്തിൽ സഹായിക്കുന്നതിനു  കുടുംബാംഗങ്ങളുണ്ട്.

MORE IN SPOTLIGHT
SHOW MORE