എന്റെയുള്ളിലുണ്ട് പ്രണയ്‌‌യുടെ സമ്മാനം; കുഞ്ഞിനെ ജാതിയില്ലാതെ വളര്‍ത്തും: ഉറച്ച വാക്ക്

thelagana-honour-killing-amrutha
SHARE

ഒരു കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി മകളുടെ ഭർത്താവിന്റെ ജീവനെടുക്കാൻ അയാൾക്കായി. പക്ഷേ ആ കണ്ണീർ തോരുന്നതിന് മുൻപ് തന്നെ ജീവിതത്തോടും തന്നെ തനിച്ചാക്കിയ വീട്ടുകാരോടും അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. മകൾ താഴ്ന്ന ജാതിയിൽപ്പെട്ടൊരാളെ വിവാഹം കഴിച്ചതിനാണ് ക്വട്ടേഷൻ നൽകി അമൃതയുടെ പിതാവ് പ്രണയ്​യെ വകവരുത്തിയത്. തെലങ്കാനയിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പിന്നിലൂടെ എത്തിയ ആക്രമി പ്രണയ്​യെ വെട്ടിക്കൊന്നത്. 

സംഭവത്തിൽ അമൃതയുടെ പിതാവ് ടി. മാരുതി റാവു അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ അവന്റെ ഒാർമകൾ മുറുകെപിടിച്ച് അമൃത പറഞ്ഞ വാക്കുകൾ രാജ്യം ഏറ്റെടുക്കുകയാണ്. ‘ജാതിയില്ലാതെ മക്കളെ വളര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നം. പ്രണയ് നല്‍കിയ സമ്മാനമാണ് എന്റെയുള്ളില്‍ വളരുന്നത്. ജാതീയതയ്‌ക്കെതിരെ പോരാടാന്‍ ഞാനെന്റെ കുഞ്ഞിനെ പഠിപ്പിക്കും. എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരം ആഴത്തിലുള്ള സ്നേഹമല്ലാതെ ഈ ലോകത്ത് മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് അവർ ക്രൂരമായി അറുത്തെറിഞ്ഞത്. ’ അമൃത പറയുന്നു.

പ്രണയ്‌യുടെ വീട്ടിലാണ് അമൃത ഇപ്പോൾ താമസിക്കുന്നത് കൂട്ടായി പ്രണയ്‌യുടെ അച്ഛൻ ഒപ്പമുണ്ട്. മരുമകളെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റുള്ളവരോടും അദ്ദേഹത്തിനു പറഞ്ഞതിങ്ങനെ. ‘കുറച്ചു സമയം തരൂ, ഞാനവള്‍ക്ക് ഭക്ഷണം കൊടുത്തോട്ടെ. അമൃതയുടെ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവള്‍ക്ക് സ്വന്തം രക്ഷിതാക്കളെ പേടിയാണ്. അവളിവിടെ തന്നെ ജീവിക്കും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ഞങ്ങള്‍ വളർത്തും.. പ്രണയ്ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ച് ഞാന്‍ നേരത്തേ ഇവരോട് പറഞ്ഞിരുന്നു പ്രണയം അവസാനിപ്പിക്കാന്‍. പക്ഷെ അവരുടെ സ്‌നേഹം അത്രയും ദൃഢമായിരുന്നു. പ്രണയ്​യുടെ പിതാവ് ബാലസ്വാമി പറയുന്നു.

MORE IN SPOTLIGHT
SHOW MORE