ക്ഷേത്രം സംരക്ഷിച്ച് ഈ മുസ്‌‌ലിം സമൂഹം കാത്തിരിക്കുന്നു; മുസാഫര്‍ നഗറിലെ ഊഷ്മളക്കാഴ്ച

muslim-hindu-temple
SHARE

മുസ്​ലിം സഹോദരങ്ങൾ സംരക്ഷിച്ച് പോകുന്ന ഒരു ക്ഷേത്രമുണ്ട് ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ. പൂജയും പ്രതിഷ്ഠയും ഇല്ലെങ്കിലും കഴിഞ്ഞ 26 വർഷത്തിലേറെയായി ഇൗ ക്ഷേത്രവും പരിസരവും സംരക്ഷിക്കുന്നത് മുസ്​ലിംകളാണ്. നാട്ടിൽ നിന്നും പാലായനം ചെയ്ത് തങ്ങളുടെ ഹിന്ദുക്കൾ എന്നെങ്കിലും തിരിച്ചെത്തി ആ ക്ഷേത്രത്തെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കാത്തിരിപ്പ്.

1970കളിലാണ് മുസാഫര്‍നഗറിലെ ക്ഷേത്രം പണികഴിപ്പിച്ചത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് മൂലമുണ്ടായ പ്രശ്നം രാജ്യത്തെ നടുക്കിയപ്പോള്‍ മുസാഫര്‍നഗറിലെ ലാഥേവാലേയിലുള്ള ഹിന്ദു കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് പാലായനം ചെയ്തു. അവിടെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയും അവര്‍ കൊണ്ട് പോയി.

പിന്നീട് ഇവർ തിരിച്ചെത്തിയില്ല. കലാപത്തിന്റെ നാളുകളിലും ഇൗ ക്ഷേത്രം അങ്ങനെ തന്നെ നിലകൊണ്ടു. അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും തികഞ്ഞ ആദരവും ഭക്തിയോടും കൂടിയാണ് അവർ ക്ഷേത്രത്തെ പരിപാലിക്കുന്നത്. എല്ലാ വർഷവും ദീപാവലിയോട് അനുബന്ധിച്ച് ക്ഷേത്രം വൈറ്റ് വാഷ് ചെയ്ത് വൃത്തിയാക്കും. തെരുവില്‍ അലയുന്ന മൃഗങ്ങള്‍ ഒന്നും കയറാതെ ശുചിയായി സംരക്ഷിക്കും. ഇതെല്ലാം ചെയ്യുന്നത് പ്രദേശത്ത് താമസിക്കുന്ന മുസ്‍ലിം സമൂഹമാണ്. 

അറുപതുകാരനായ മെഹ്റ്ബാന്‍ അലി ക്ഷേത്രത്തെ കുറിച്ചും ആ കറുത്ത ദിനങ്ങളെക്കുറിച്ചുമുള്ള ഒാർമകൾ പങ്കുവയ്ക്കുന്നതിങ്ങനെ.‘ 26 വര്‍ഷം മുന്‍പ് തന്‍റെ അടുത്ത സുഹൃത്തായ ജിതേന്തര്‍ കുമാറിനോട് ഇവിടെ നിന്ന് പോകരുതെന്ന് കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ, മറ്റ് കുടുംബങ്ങളുടെ കൂടെ ജിതേന്തറും പോയി. ഒരിക്കല്‍ തിരിച്ചെത്താമെന്ന് അവര്‍ നല്‍കിയ വാക്കിന്‍റെ പുറത്താണ് ഇന്നും ആ ക്ഷേത്രം സംരക്ഷിച്ച് പോരുന്നതെന്ന് മെഹ്റ്ബാന്‍ പറയുന്നു. ഏകദേശം 35 മുസ്‍ലിം കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ താമസിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE