കൊടിയ യാതനകളുടെ ബാല്യകൗമാരം; ഇപ്പോള്‍ മള്‍ട്ടി മില്ല്യണ്‍ കമ്പനി ഉടമ: അമ്പരപ്പിക്കും ഇക്കഥ

kalpna-saroj
SHARE

കൽപന സരോജ് എന്ന പേര് പലർക്കും പരിചിതമാകും. 2013ൽ ട്രേഡ് ആന്റ് ഇൻഡസ്ട്രി വിഭാഗത്തിൽ പത്മശ്രീ നൽകി രാജ്യം കൽപനയെ ആദരിച്ചു. അവിശ്വസനീയമായിരുന്നു കൽപനയുടെ ജീവിതം ദലിത് കുടുംബത്തിൽ ജനിച്ചു. പന്ത്രാണ്ടമത്തെ വയസിൽ തന്നെക്കാൾ പത്തുവയസിന് മുതിർന്ന ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിക്കപ്പെട്ടു. ഭർതൃവീട്ടിലെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യാശ്രമങ്ങൾ. കരൾ നോവുന്ന അനുഭവങ്ങൾക്കിടയിലും ഒരോ ഇഞ്ചും പൊരുതി കയറിയ കൽപന ഇന്ന് ഒരു മൾട്ടി മില്യൺ കമ്പനിയുടെ ഇടമയാണ്. ഹ്യുമന്‍സ് ഓഫ് ബോംബെയെന്ന ഫെയ്സ്ബുക്ക് പേജിലാണ് അനേകായിരം പേർക്ക് പ്രചോദനം നൽകുന്ന ഇവരുടെ അനുഭവം ഉളളത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ വിവർത്തനം

ഞാനൊരു ദലിത് കുടുംബത്തിലാണ് ജനിച്ചത്. എനിക്ക് പന്ത്രണ്ട് വയസായപ്പോഴേക്കും എന്നെ കല്യാണം കഴിപ്പിച്ചയക്കാൻ ബന്ധുക്കളും കുടുംബാംഗങ്ങളും അച്ഛനെ നിർബന്ധിക്കാൻ തുടങ്ങി. മികച്ച വിദ്യാഭ്യാസം എനിക്ക് നൽകണമെന്ന് ആഗ്രഹമുളളതിനാൽ അദ്ദേഹം അതിനു വഴങ്ങിയില്ല. എന്നാൽ സമൂഹത്തിന്റെ സമർദ്ദങ്ങൾ താങ്ങാൻ നിർധനനായ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഒടുവിൽ എന്നെക്കാൾ പത്ത് വയസിന് മുതിർന്ന ഒരാളെ വിവാഹം കഴിച്ച് ഞാൻ മുംബൈയിലെത്തി. അതൊടെ എന്റെ ദുരിതങ്ങളുടെ കഥയും ആരംഭിക്കുകയായി. തെരുവിലെ ഒറ്റമുറിയിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. അദ്ദേഹത്തിന് യാതൊരു ജോലിയും വശമില്ലായിരുന്നു. 

വളരെ പൈശാചികമായിരുന്നു അദ്ദേഹത്തിന് എന്നോടുളള മനോഭാവം. കറിയിൽ ഒരൽപ്പം ഉപ്പ് കൂടിയാലോ ചെയ്യുന്ന ജോലികളിൽ എന്തെങ്കിലും പിഴവുകൾ വന്നാലോ പരിഹാസവും ഉപദ്രവവുമായിരുന്നു എനിക്ക് കിട്ടിയിരുന്നത്. പലപ്പോഴും ശാരീരികമായി ഞാൻ ആക്രമിക്കപ്പെട്ടു. അതെനിക്കൊരു നരകമായിരുന്നു. ആ നരകത്തിൽ നിന്ന് പുറത്തു കടക്കാൻ എനിക്കൊരിക്കലും കഴിഞ്ഞതുമില്ല. 

ആറുമാസത്തിനു ശേഷമാണ് അച്ഛൻ എന്നെ കാണാനെത്തുന്നത്. ഞാൻ ആകെ മാറിയിരുന്നു. കീറി പറഞ്ഞ വസ്ത്രങ്ങളിൽ മുഖത്തെ അഴകും പുഞ്ചിരിയും നഷ്ടമായ എന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഹൃദയം പൊട്ടിയ അച്ഛൻ ഭർത്താവിന്റെ സഹോദരിമാരുമായി വഴക്കിട്ടു, എന്നെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു പോന്നു. വീട്ടുകാർ എന്നെ പിന്തുണച്ചപ്പോഴും നാട്ടുകാരുടെയും ബന്ധുക്കളുടെയും ശകാരവും കുറ്റപ്പെടുത്തലും കേട്ട് സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് പോലും ഞാൻ ശ്രമിച്ചു. 

എത്ര കുറ്റപ്പെടുത്തലുകൾ കേട്ടാലും എനിക്കു പിടിച്ചു നിന്നേ പറ്റുമായിരുന്നുളളു. തലയുയർത്തിപിടിച്ചു ജീവിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ മുംബൈയിലേയ്ക്ക് തിരിച്ചു വന്നു. ടൈലറായി ജോലി നോക്കിത്തുടങ്ങി. അന്നാണ് ആദ്യമായി ഒരു നൂറു രൂപ നോട്ട് ഞാൻ കാണുന്നത്. അത് എങ്ങനെയിരിക്കും എന്ന ചിന്ത പോലും എനിക്ക് ഉണ്ടായിരുന്നില്ല.  പിന്നീട് ഞാനൊരു മുറി വാടകക്കെടുത്തു. എന്‍റെ കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയി. അത്യാവശ്യം നന്നായി ജീവിക്കാന്‍ തുടങ്ങി. പക്ഷെ, എന്‍റെ സഹോദരിയുടെ ജീവിതം രക്ഷിക്കാന്‍ ആകില്ലെന്ന് വന്നതോടെ ഈ സമ്പാദിക്കുന്നത് പോരാ എന്ന് തോന്നിത്തുടങ്ങി. അങ്ങനെ ഞാനൊരു ലോണെടുത്തു. സ്വന്തമായി ഫര്‍ണിച്ചര്‍ ബിസിനസ് തുടങ്ങി. നല്ലൊരു ജീവിതം ജീവിച്ചു തുടങ്ങി. 

എന്നെപ്പോലെ കഷ്ടപ്പെടുന്നവർക്കു വേണ്ടി ഒരു എൻ.ജി.ഒ തുടങ്ങാനുളള ശ്രമം വിജയിച്ചതോടെ അവർക്ക് ലോണിനായി സഹായം ചെയ്യാനും തുടങ്ങി. നഷ്ടത്തിലായ കമിനി ട്യൂബ് എന്ന കമ്പനി എന്നോട് സഹായം ചോദിച്ചു വന്നത് ഈ അവസരത്തിലായിരുന്നു. അവർക്ക് കോടിക്കണക്കിന് കടം ഉണ്ടായിരുന്നു. എല്ലാവരും എതിർത്തിട്ടും ആ കമ്പനി ഞാൻ ഏറ്റെടുത്തു. ക്ഷെ, അതിലെ തൊഴിലാളികളുടെയും മറ്റും വിശപ്പും വേദനയുമാണ് എന്നെ അലട്ടിയത്. ഞാന്‍ മുന്നോട്ടുപോയി. തിരികെ ഒന്നും ആഗ്രഹിച്ചായിരുന്നില്ല അത്. ഞാന്‍‌ ധനമന്ത്രിയെ കണ്ടു. സര്‍ക്കാര്‍  സഹായത്തോടെ ബാങ്കില്‍ നിന്നും ലോണ്‍ എഴുതിത്തള്ളിച്ചു. ഞങ്ങള്‍ ടീമുണ്ടാക്കി. ഫാക്ടറി മാറ്റി. 

എനിക്കു പോലും വിശ്വസിക്കാനാകാത്ത നേട്ടമായിരുന്നു പിന്നീട് ഉണ്ടായത്. 2016ല്‍ ഞാനതിന്‍റെ ചെയര്‍മാനായി. ഏഴ് വർഷം കൊണ്ട് ലോൺ അടച്ചു തീർക്കാനായിരുന്നു കരാർ പക്ഷേ ഒറ്റ കൊല്ലം കൊണ്ട് ഞങ്ങൾ അതടച്ചു തീർത്തു. തൊഴിലാളികള്‍ക്ക് വേതനം നല്‍കി. 2013ല്‍ പത്മശ്രീ ലഭിച്ചു. ഇതൊരു അവിശ്വസനീയമായ യാത്രയാണ്. ദലിതനെന്നോ ബാലവിവാഹത്തിന്റെ ഇരയെന്നതോ എന്ന തളർത്തിയില്ല.. ഇന്ന് ഞാനൊരു മള്‍ട്ടി മില്ല്യണ്‍ കമ്പനിയുടെ ഉടമയാണ്. എന്‍റെ വേദനകളെല്ലാം കരുത്തായി കൂടെനിന്നു. എനിക്കെന്നില്‍ പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നു.

MORE IN SPOTLIGHT
SHOW MORE