‘നെട്ടോട്ടമോടിച്ച’ പ്രളയം; ഇനിയും പ്രിയ വീട്ടിലേക്ക് മടങ്ങാനാകാതെ കവിയൂര്‍ പൊന്നമ്മ

പ്രളയം വന്നെല്ലാമെടുത്തതിന്റെ നടുക്കത്തിലാണ് കവിയൂർ പൊന്നമ്മ. വെള്ളമിറങ്ങിയിട്ടും ആലുവയിലെ ശ്രീപാദമെന്ന സ്വപ്നവീട്ടിലേക്ക് മടങ്ങാൻ പൊന്നമ്മക്കിനിയും കഴിഞ്ഞിട്ടില്ല. പ്രളയത്തെക്കുറിച്ചുള്ള ഓർമ്മകൾ അൽപം സങ്കടത്തോടെയല്ലാതെ ഓർക്കാനാകില്ല.

ആലുവയിൽ നിന്ന് പറവൂരിലെ സഹോദരിയുടെ വീട്ടിലേക്ക്, അവിടെ നിന്ന് കാക്കനാട്ടെ ഹോട്ടലിലേക്ക്, സുഹൃത്തിന്റെ വീട്ടിലേക്ക്..അപ്രതീക്ഷിതമായെത്തിയ പ്രളയത്തെക്കുറിച്ചും വീടിന്റെ അവസ്ഥയെക്കുറിച്ചും കവിയൂർ പൊന്നമ്മ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെച്ചു.

‘ശ്രീപാദത്തിലേക്ക് ഇനിയും മടങ്ങാനായിട്ടില്ല. വെള്ളമിറങ്ങിയെങ്കിലും വീടുനിറയെ ചെളിയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെ ആദ്യനിലയിലുണ്ടായിരുന്ന എല്ലാം നശിച്ചു. ഇനിയെല്ലാം ഒന്നിൽ നിന്ന് തുടങ്ങണം. ശ്രീപാദവും ഞാനും തമ്മിൽ വല്ലാത്ത മാനസിക അടുപ്പമുണ്ടായിരുന്നു.വീട്ടിലേക്ക് മടങ്ങാനാകാത്തതിൽ നല്ല വിഷമമുണ്ട്. 

വീട് വൃത്തിയാക്കി താമസയോഗ്യമാകണമെങ്കിൽ ഇനിയും സമയമെടുക്കും. അപ്രതീക്ഷിതമായല്ലേ എല്ലാം സംഭവിച്ചത്? ഓഗസ്റ്റ് പതിന്നാലാം തിയതിയാണ് വീടിന്റെ പരിസരത്തൊക്കെ വെള്ളം കയറിത്തുടങ്ങിയത്. ജാഗ്രത പാലിക്കണമെന്നൊക്കെ വാർത്തകളിൽ കണ്ടു. 

സഹോദരനും ഭാര്യയും എന്റൊപ്പമാണ് താമസിക്കുന്നത്. കാറെടുത്ത് പറവൂർ കവലയിലെ വീട്ടിലേക്ക് എല്ലാവരും മാറി. എന്നാൽ അവിടെയും വെള്ളം കയറിത്തുടങ്ങി.

രാത്രി ഒരുമണിക്ക് കഴുത്തറ്റം വെള്ളത്തിലാണ് രക്ഷപെടുന്നത്. വള്ളത്തിൽ കയറി ജംഗ്ഷനിലെത്തി. അവിടെനിന്ന് ഒരു ട്രാവലറിൽ കാക്കനാട്ടെ ഹോട്ടലിലേക്ക്. അവിടെനിന്ന് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക്. അവിടെയായിരുന്നു പതിനേഴ് ദിവസം.  പേടിയോടെയല്ലാതെ ഒന്നും ഓർക്കാൻ പറ്റില്ല. 

എത്രയും പെട്ടെന്ന് ശ്രീപാദത്തിലേക്ക് മടങ്ങാൻ പറ്റണേ എന്നാണ് പ്രാർഥന, കവിയൂർ പൊന്നമ്മ പറഞ്ഞു.