അദ്ഭുതമായി ചുവന്ന നിറമുള്ള പശുക്കുട്ടി; ലോകാവസാനമെന്ന് പ്രവചനം, വിചിത്രം

ലോകാവസാനം ഇതാ ഇന്ന് അല്ല നാളെ എന്നു പറഞ്ഞ് പ്രവചനങ്ങൾ പലതുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ചിലരുടെയെങ്കിലും ഉറക്കം കെടുത്തിയാണ് ആ വാർത്ത വന്നത്. ജറുസലേമില്‍ ചുവന്ന നിറമുള്ള പശുക്കുട്ടി ജനിച്ചു- ഇതാ ലോകാവസാനത്തിൻറെ അടയാളം. 

ചുവന്ന നിറമുള്ള പശുക്കുട്ടികൾ വേറെയുമുണ്ടായിട്ടുണ്ട്. എന്നാൽ ഈ പശുക്കുട്ടിയുടെ പ്രത്യേകത എന്താണ്?

മുൻപു ജനിച്ച ചുവന്ന പശുക്കുട്ടികൾ ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകളുമായാണ് ജനിച്ചത്. എന്നാല്‍ ഈ പശുക്കുട്ടിക്ക് ന്യൂനതകളൊന്നും തന്നെയില്ല. നൂറ്റാണ്ടുകൾക്കു ശേഷം ബൈബിളില്‍ പറയുന്നതു പോലെയുള്ള പ്രത്യേകതകളോടെ ജനിച്ച ഈ പശുക്കുട്ടി ലോകാവസാനത്തിന്‍റെ സൂചനയാണെന്ന് മതപുരോഹിതരിൽ ചിലർ പറയുന്നു. പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും ഇവർ പറയുന്നു. 

ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത സംഘടനയായ ദി ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമാണ് കിടാവിന് ന്യൂനതകൾ ഒന്നുമില്ലെന്നു അറിയിച്ചത്. ഈ പശുക്കുട്ടിയെ തന്‍റെ പ്രവചനം നടപ്പിലാക്കുന്നതിനായി മിശിഹാ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നും  ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്‌സൈറ്റില്‍ പറയുന്നു.