അത്യുഗ്രന്‍ ബംഗ്ലാവ്; പരിചാരകർ 12, ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥിനി; ആഡംബരം, അമ്പരപ്പ്

ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ കോടീശ്വര പുത്രി. ബ്രിട്ടിഷ് മാധ്യമങ്ങളിലെല്ലാം ഇത് ചർച്ചയാണ്. യുകെയില്‍ ഏറ്റവും ആഡംബരമുള്ള വിദ്യാര്‍ഥിനി എന്നാണ് പ്രശസ്ത മാധ്യമം  'ദി സണ്‍' പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ കോടീശ്വരന്‍റെ മകള്‍ എന്നാണ് മാധ്യമങ്ങള്‍ പെണ്‍കുട്ടിയെക്കുറിച്ച് പറയുന്നത്. എന്നാൽ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ഉന്നത വിദ്യാഭാസത്തിനായി പെണ്‍കുട്ടി യുകെയിലേക്ക് പറന്നപ്പോള്‍ 12 ജോലിക്കാരാണ് കൂടെ വിമാനം കയറിയത്. സ്കോട്ട് ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആഡംബര ജീവിതത്തിലൂടെ ശ്രദ്ധ കൈവരിച്ചിരിക്കുന്നത്.

മറ്റ് കുട്ടികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലെ റൂമുകളിൽ കഴിയുമ്പോൾ കൊട്ടാര സമാനമായ അത്യുഗ്രന്‍ ബംഗ്ലാവാണ് മകള്‍ക്ക് അന്തിയുറങ്ങാനായി ഇന്ത്യന്‍ കോടീശ്വരന്‍ വാടകയ്ക്കെടുത്തത്. അതുകൊണ്ടു തന്നെ റൂം പങ്കിടേണ്ട ആവശ്യകത കുട്ടിക്കില്ല. പാരമ്പര്യത്തിന്‍റെ പ്രൗഡിയുള്ള ബംഗ്ലാവില്‍ മനോഹരമായ പൂന്തോട്ടമടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.

12 പേരാണ് പരിചരിക്കാനായി സദാസമയവും കാത്തുനില്‍ക്കുന്നത്. ഒരു പാചകക്കാരന്‍, മൂന്ന് വീതം സ്ത്രീ പുരുഷ വീട്ടുജോലിക്കാര്‍‍‍, പൂന്തോട്ട പരിപാലനത്തിന് ഒരാള്‍, വിശേഷ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി ഒരാള്‍, ഒരു ഡ്രൈവര്‍, ഇവര്‍ക്കെല്ലാം പുറമെ രണ്ട് പേര്‍ എന്നിങ്ങനെയാണ് ചരിചരണം. കുട്ടിക്ക് പ്രവേശനം ലഭിക്കുന്ന സമയത്താണ് ഇത്രയും പേരെ ഒരു റിക്രൂട്ട് മെന്‍റ് ഏജന്‍സിയില്‍ നിന്ന് ജോലിക്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് മുപ്പതിനായിരം പൗണ്ട് ഒരു വര്‍ഷം നല്‍കുമെന്നാണ് വ്യവസ്ഥ. കുട്ടിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കണമെന്നുമാത്രം.

വാതിലുകള്‍ തുറന്ന് കൊടുക്കുന്നതുമുതല്‍ ഭക്ഷണം വിളമ്പുന്നതിന് വരെ പ്രത്യേകം ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ആളുണ്ട്. ഈ ഇന്ത്യൻ കോടീശ്വര പുത്രി ഇപ്പോൾ ബ്രിട്ടനിൽ താരമായിരിക്കുകയാണ്. ഇനി അത് ആരെന്നും ആരുടെ മകളെന്നും അന്വേഷിക്കണമെന്നാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് താഴെ ഉയരുന്ന ആവശ്യം