കന്യകാത്വ പരിശോധന നടത്തി ജോർജിന് റിപ്പോർട്ട് നൽകൂ; പരിഹസിച്ച് കുറിപ്പ്

കന്യാസ്ത്രിക്കെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയ പിസി ജോർജ്ജിനെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകൾ മാത്രം ഇനി മേലിൽ പൊതുക്കാര്യങ്ങളിൽ ഇടപെട്ടാൽ മതി. അല്ലെങ്കിൽ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരുമെന്ന് പരിഹാസച്ചുവയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിൻറെ പൂർണരൂപം:

''കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മൾ പെട്ടെന്നു തന്നെ കന്യകാത്വ- ചാരിത്രൃ പരിശോധനകൾ നടത്തി പൂഞ്ഞാർ MLA ക്ക് മെഡിക്കൽ റിപ്പോർട്ടു നൽകുക..

ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകൾ മാത്രം ഇനി മേലിൽ പൊതുക്കാര്യങ്ങളിൽ ഇടപെട്ടാൽ മതി. അല്ലെങ്കിൽ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരും. ..കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മൾ നിരന്തരം ഇടപെടേണ്ടത്.. അവർക്ക് തരിപോലും കളങ്കമേശാൻ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.

ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാൻ വകുപ്പില്ലെങ്കിൽ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലിൽ കേൾപ്പിക്കില്ലെന്ന് ചാനലുകൾക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നിൽക്കാൻ പാടില്ല.

ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീർക്കുന്നത് അയാൾ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതൽ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിൾ പറയുന്നുണ്ട്..

ഭോഷ്കിന്റെ അപ്പൻ !!!!! എന്തൊരു കിടിലൻ പ്രയോഗം''.