ഇതരമതസ്ഥനെ വിവാഹം ചെയ്തു; വെട്ടിക്കൊല്ലുമെന്ന് ഭീഷണി; ലൈവിലെത്തി പെണ്‍കുട്ടി: വിഡിയോ

ഇതരമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തങ്ങളെ വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിയുള്ളതായി പെൺകുട്ടിയുടെ ആരോപണം. പാലക്കാട് സ്വദേശി ഷര്‍ഫീനയും ഭർത്താവ് അഭിഷേകുമാണ് ഷർഫീനയുടെ ബന്ധുവായ എന്‍.സി.പി നേതാവ് ഭീഷണിപ്പെടുത്തുവന്നു എന്നാരോപിച്ച് ഫെയ്സ്ബുക്ക് ലൈവിലെത്തിയെത്. ഇന്നലെ രാവിലെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

‘എന്‍റെ ഇഷ്ടപ്രകാരമാണ് അഭിഷേകിനൊപ്പം ഇറങ്ങി വന്നത്. എന്നാൽ എന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്'', പെൺകുട്ടി പറയുന്നു.

പ്രധാനമായും ഭീഷണിപ്പെടുത്തുന്നത് എൻ‍സിപിയുടെ ജില്ലാ സെക്രട്ടറി കൂടിയായ തന്‍റെ മൂത്താപ്പ ബഷീർ ആണെന്നും തങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം തന്റെ വീട്ടുകാര്‍ക്കാണെന്നും ഷര്‍ഫീന കൂട്ടിച്ചേർക്കുന്നു.

ഒരുമിച്ച് ജീവിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ഷർഫീനയുടെ ഭർത്താവ് അഭിഷേകും ലൈവിൽ പറയുന്നുണ്ട്. എവിടെവെച്ചു കണ്ടാലും ഞങ്ങളെ തീര്‍ത്തു കളയുമെന്നാണ് ബഷീര്‍ പറഞ്ഞിരിക്കുന്നതെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു.

വിഡിയോക്കു താഴെ അഭിഷേകിനെയും ഷർഫീനയെയും അനുകൂലിച്ചും വിമര്‍ശിച്ചും കമൻറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.