ദുബായിലിരുന്ന് ഒറ്റ അഭ്യര്‍ത്ഥന; 12 പേരെ രക്ഷിച്ചു; നിറകണ്‍ നന്ദി: വിഡിയോ

flood-help
SHARE

സമൂഹമാധ്യമത്തിലൂടെ നടത്തിയ അഭ്യർഥനയിലൂടെ 12 പേരെ രക്ഷിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണു റോജിൻ പൈനുംമൂട്. അതിനാകട്ടെ അദ്ദേഹം നന്ദിപറയുന്നത് ദൈവത്തിനും ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത മുഹമ്മദ് അനീസ് റഹ്മാൻ എന്ന ചെറുപ്പക്കാരനും.

സുഹൃത്തും ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ പേ റോൾ മാനേജരുമായ ജിജി ഫിലിപ്പും കുടുംബവുമാണു റോജിന്റെ ഇടപെടലിലൂടെ വെള്ളക്കെട്ടിൽനിന്നു രക്ഷയുടെ തീരം കണ്ടത്. മാവേലിക്കരയിൽനിന്നു വ്യാഴാഴ്ച രാവിലെയാണു റോജിൻ എത്തിയത്. അപ്പോഴാണു ജിജിയും കുടുംബവും ചെങ്ങന്നൂർ പാണ്ടനാട് പൂവൻമേലിൽ പഞ്ചായത്ത് ഓഫിസിനു സമീപത്തെ വീട്ടിൽ കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്.

ഭാര്യ ഷീബ, മക്കളായ കെവിൻ, കേറ്റ്ലിൻ, ജിജിയുടെ മാതാപിതാക്കൾ, സഹോദരനും ഭാര്യയും രണ്ടുമക്കളും, ഭാര്യാസഹോദരന്റെ ഏക മകൻ എന്നിവരാണു രണ്ടാംനിലയിൽ പെട്ടുപോയത്. മൂന്നുദിവസമായിട്ടും ആരും രക്ഷിക്കാനെത്തുന്നില്ലെന്നു കണ്ട് റോജിൻ വെള്ളിയാഴ്ച വിഡിയോ സഹിതം ഇവരുടെ ദുരവസ്ഥ ഫെയ്സ്ബുക്കിൽ ഇടുകയായിരുന്നു. രണ്ടുമണിക്കൂറിനുള്ളിൽ മൂവായിരത്തിലധികം പേർ കണ്ടു ഷെയർ ചെയ്തു. മുഹമ്മദ് അനീസ് റഹ്മാൻ എന്ന ചെറുപ്പക്കാരന്റെ മറുപടി എത്തിയതു നിറകണ്ണുകളോടെയാണു റോജിനും ജിജിയുടെ ഭാര്യാസഹോദരൻ ഷിബുവും വായിച്ചത്

കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെട്ടു എന്നതായിരുന്നു സന്ദേശം. തുടർന്ന് ജിജിയുടെ മാതാപിതാക്കളൊഴികെയുള്ളവരെ ആദ്യം ഒരു ബോട്ടിൽ കരയിലെത്തിച്ചു. മാതാവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുകയായിരുന്നതിനാൽ അവരെ രണ്ടാമത്തെ ബോട്ടിലാണു കരയ്ക്കെത്തിച്ചത്. ജിജിയും കുടുംബവും ഇന്ന് ദുബായിൽ എത്തും.

MORE IN SPOTLIGHT
SHOW MORE