കാലിൽ നാലു വിരലുകളുള്ള ആ ചിത്രകാരനെ കണ്ടോ? പ്രിയതമ കാത്തിരിക്കുന്നു, വിരഹകഥ

artist-missing
SHARE

ധാ സംഗ് സംഗ് ചല്‍നേ കാ വാദാ... 

ഹമ് ചലേംഗെ ആഖിരി ദം തക്. 

വേര്‍പിരിയുന്നത് വേദനയാണ്. കൂടിച്ചേരലുകള്‍ ആനന്ദവും. അതിനിടെ പ്രതീക്ഷയുടെ കാലവും സ്ഥലവുമുണ്ട്. ആ കാലത്തിലാണ് ഈ കവയിത്രി ഇപ്പോള്‍. സ്ഥലം കേരളമാണെന്ന് മാത്രം.പ്രതിഭാ ചന്ദ്ര് എന്ന കവയിത്രി കാത്തിരിക്കുകയാണ് ഭര്‍ത്താവ് സഖി ചന്ദ്രകുമാറുമായുള്ള പുനഃസമാഗമത്തിനായി. 

മധ്യപ്രദേശിലെ ദേവാസിലെ ശാസകീയ വിദ്യാലയത്തിലെ അധ്യാപികയാണ് പ്രതിഭ.നാലരവര്‍ഷം മുമ്പ് കാണാതായ കലാകാരനായ ഭര്‍ത്താവിനെത്തിരഞ്ഞാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്. റിസര്‍വ് ബാങ്കിന്റെ നോട്ട് രൂപകല്‍പനചെയ്തിരുന്നയാളാണ് സഖിചന്ദ്രകുമാര്‍. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരുപ്രാദേശിക ചാലനലിന്റെ ദൃശ്യങ്ങളാണ് പ്രതിഭയെ കേരളത്തില്‍ എത്തിച്ചത്. ഡി.ജി.പിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. ഈ വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ കാണുന്നയാളെ , അല്ലെങ്കില്‍ നാട്ടിലെവിടെയെങ്കിലും ഇങ്ങനെ ചിത്രവരയ്ക്കുന്നയാളെക്കണ്ടാല്‍ ദയവായി അദ്ദേഹത്തെ എങ്ങും പോകാനനുവദിക്കാതിരിക്കുക. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക. ഒരടയാളം കൂടി ഈ ചിത്രകാരന്റെ വലത്തെ പാദത്തില്‍ നാലുവിരലേയുള്ളൂ. ഒരുപക്ഷെ നിങ്ങള്‍ കണ്ടെത്തുന്നയാള്‍ സഖി ചന്ദ്രകുമാറാകാം. റിസര്‍വ് ബാങ്കിന്റെ നോട്ട് രൂപകല്‍പന ചെയ്തിരുന്നയാളാണ് ചന്ദ്രകുമാര്‍. മധ്യപ്രദേശിലെ ദേവാസിലെ നോട്ട് അച്ചടിശാലയില്‍ ആര്‍ട്ടിസ്റ്റ് ഡിസൈനര്‍ ആന്‍ഡ് എന്‍ഗ്രേവിങ് ഒാഫിസറായി ജോലിചെയ്തിരുന്നയാള്‍. 

"ഒരാഴ്ചമുമ്പാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണാനിടയായത്. ഇത് അദ്ദേഹമാണെന്നുതന്നെ ഞാന്‍ കരുതുന്നു. വാട്ട്സാപ്പിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല. പക്ഷെ വശത്ത് നിന്ന് നോക്കുമ്പോള്‍ അദ്ദേഹം തന്നെയാണ് . നാലരവര്‍ഷമായില്ലേ കാണാതായിട്ട്.  ചിത്രംവരയ്ക്കുന്ന ശൈലയും ശരീര ചലനങ്ങളുമൊക്കെ നോക്കുമ്പോള്‍ അത് അദ്ദേഹം തന്നെയെന്ന് മനസ്സുപറയുന്നു. ഇന്നാണ് കേരളത്തിലെത്തിയത്. പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥര്‍ നല്ല സഹകരണത്തോടെയാണ് പെരുമാറിയത്. അവരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നു."- പ്രതിഭ മനോരമ ന്യൂസിനോട് പറഞ്ഞു.

" കലാകാരനായ അദ്ദേഹം ദക്ഷിണേന്ത്യയിലൊക്കെ വന്നിട്ടുണ്ട്. കേരളത്തിലും വന്നിട്ടുണ്ട്. യു.പി.എസ്.സി വഴിയാണ് 1997 ലാണ് റിസര്‍വ് ബാങ്കിന്റെ നോട്ട് അച്ചടിശാലയില്‍ ആര്‍ട്ടിസ്റ്റ് ഡിസൈനര്‍ ആന്‍ഡ് എന്‍ഗ്രേവിങ് ഒാഫിസറായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ഹൈദരാബാദിലായിരുന്നു ജോലി. പിന്നീട് മധ്യപ്രദേശിലെ ദേവാസിലെ നോട്ട് അച്ചടി ശാലയില്‍ മാറ്റം കിട്ടി. ദേവാസലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്"- പ്രതിഭ തുടരുന്നു. വീണ്ടും സഖിചന്ദ്രകുമാറിന്റെ ജീവിത്തിതത്തിലേക്ക്

" ബിഹാറിലെ പട്ന സ്വദേശിയാണ് ഞാന്‍.1980 ലാണ് മധ്യപ്രദേശിലെത്തിയത്. ഞങ്ങള്‍ക്ക് മൂന്നുമക്കള്‍. പ്രാഞ്ജല്‍ കുമാര്‍, സൗരഭ് കുമാര്‍ , ഗുഞ്ജന്‍ കുമാര്‍. ഇതില്‍ മൂത്തമകനാണ് പ്രാഞ്ജല്‍ കുമാര്‍ എന്‍ജിനീയറിങ് അവസാനവര്‍ഷം പഠിക്കുമ്പോള്‍ ഒരു ട്രക്ക് അപകടത്തില്‍ മരിച്ചു. പത്തുവര്‍ഷം മുമ്പായിരുന്നു ആ സംഭവം. അവന്‍ അച്ഛനെ തേടി പോകുമ്പോഴായിരുന്നു അപകടം. അന്ന് ഐ.സി.യുവില്‍ അവന്റെ ചേതനയറ്റ ശരീരം കണ്ട അദ്ദേഹത്തിന് സഹിക്കാനായില്ല. വല്ലാത്ത ഷോക്കായിരുന്നു അത്. പ്രാഞ്ജലിന്റെ വൃക്കയും കണ്ണുമൊക്കെ അന്ന് ദാനം ചെയ്തിരുന്നു. വല്ലാത്ത വിഷമത്തില്‍ വീണ്ടുപോയ അദ്ദേഹം ക്രമേണ മറവിരോഗത്തിന്റെ പിടിയിലുമായി. ആദ്യം ഇന്‍ഡോറിലും പിന്നീട് ഡല്‍ഹിയിലുമൊക്കെ അദ്ദേഹത്തെ ചികില്‍സിക്കാന്‍ കൊണ്ടുപോയി. 2014 ല്‍ ഡല്‍ഹിയിലെ ചികില്‍സക്കിടെയാണ് അദ്ദേഹത്തെ കാണാതായത്. "- പ്രതിഭ പറയുന്നു.

അജ്ഞാത ചിത്രകാരന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട പ്രതിഭ നേരെ കേരളിലേക്ക് വണ്ടികയറി.സഹായത്തിന് എത്തിയത് ജബല്‍പുര്‍ സര്‍വകലാശാലയിലെ  പ്രഫസറും പ്രതിഭയുടെ അധ്യാപകനുമായ ബി.കെ. ചതുര്‍വേദിയുമുണ്ട്. .

"എന്റെ സഹോദരിക്ക് നല്ലതുവരണമെന്നാണ് പ്രാര്‍ഥന. നിങ്ങളെല്ലാവരും സഹായിക്കണം. അത് അദ്ദേഹം തന്നെയാണെന്നാണ് തോന്നുന്നത്. എവിടെയെങ്കില്‍ അദ്ദേഹത്തെ കണ്ടാല്‍ നിങ്ങള്‍ എങ്ങും പോകാനനുവദിക്കരുത് . ദയവായി ഞങ്ങളെ വിവരമറിയിക്കണം"– ചതുര്‍വേദി പറയുന്നു

ഹിന്ദിയ്ക്കുപുറമെ ഇംഗ്ലീഷ്, സംസ്കൃതം, ഉര്‍ദു, മഗധി, ഭോജ്പുരി ഭാഷകള്‍ അറിയാവുന്ന പ്രതിഭ കവിതയും കഥയും ലേഖനവും ഗസലും ഒക്കെ രചിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറക്കിയ മേരീ ആവാസ് എന്ന കവിതാ സമാഹാരം അവര്‍ എനിക്ക് തന്നു. ഈ കവിതാ സമാഹാരം സമര്‍പിച്ചിരിക്കുന്നത് ഭര്‍ത്താവ് സഖിചന്ദ്രകുമാറിനാണ്. ഒന്നാം പുറത്തില്‍ ഭര്‍ത്താവിന്റെ ചിത്രത്തിന് താഴെ പ്രതിഭ ഇങ്ങനെ കുറിക്കുന്നു. 

ധാ സംഗ് സംഗ് ചല്‍നേ കാ വാദാ... 

ഹമ് ചലേംഗെ ആഖിരി ദം തക്. 

(ഒരുമിച്ച് മുന്നോട്ട് പോകാമെന്നായിരുന്നു വാക്ക്. നമ്മള്‍ ഒരുമിച്ചുതന്നെ പോകും അവസാനം വരെ). 

ഈ വാക്കുകള്‍ സത്യമാകട്ടെ എന്ന് നമുക്കും പ്രാര്‍ഥിക്കാം

MORE IN SPOTLIGHT
SHOW MORE