അപഹാസങ്ങൾ താണ്ടി അവർ മഹാരാജാസിൽ, കൈനീട്ടി വരവേൽപ്; അഭിമുഖം

daya-theertha-praveen
SHARE

മഹാരാജാസിലെ ഇടനാഴികളും ചുവരെഴുത്തുകളും ക്ലാസ്മുറികളുമൊന്നും ദയക്ക് അന്യമല്ല. എന്നാൽ തല താഴ്ത്തിപ്പിടിച്ച്, അപഹാസങ്ങളുടെ മധ്യത്തിൽ, സ്വത്വപ്രതിസന്ധിയുടെ നീറ്റലിൽ‌ ആ ഇരുണ്ട നാഴികളിലൂടെ നടന്ന ദയക്കിപ്പോൾ അതേ കലാലയത്തിലെ വെളിച്ചം വീണ ഇടനാഴികളിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കാനാകും. ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഏര്‍പ്പെടുത്തിയ സംവരണത്തിലൂടെ സംസ്ഥാനത്തെ ഒരു കോളേജിൽ ആദ്യമായി പ്രവേശനം നേടിയ ദയ ഗായത്രി, തീർത്ഥ സാവിക, പ്രവീൺ നാഥ് എന്നിവർ മനോരമ ന്യൂസ്.കോമിനോട് സംസാരിക്കുന്നു. അവഗണനയും പരിഹാസവും ഏറ്റുവാങ്ങി ശീലിച്ചവരെ ഒരു കലാലയം നെഞ്ചേറ്റിയ കഥയിലേക്ക്... 

''മഹാരാജാസ് മാറിയോ എന്നറിയില്ല, എന്നാൽ ഞാൻ മാറി'' യെന്നു പറ‍ഞ്ഞാണ് ദയ സംസാരിച്ചു തുടങ്ങിയത്. ഇനിയെന്തു ചെയ്യുമെന്നു നിരാശപ്പെട്ട നാളുകളിൽ പൗലോ കൊയ്ലോുടെ ആൽക്കമിസ്റ്റ് വായിച്ച് ഊർ‍ജ്ജം സംഭരിച്ചിട്ടുണ്ട്. ശലഭസമാധിയിലായിരുന്നു ഏറെ നാൾ. ഇന്ന് അഭിമാനമാണ്, ആ പ്യൂപ്പക്കുള്ളിൽ നിന്ന് പുറത്തുകടന്ന് അവളായതിൻറെ സന്തോഷമാണ്. ''ഈ മുന്നേറ്റത്തിൻറെ ഭാഗമാകാൻ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ പറ‍ഞ്ഞറിയിക്കാനാകില്ല. എന്നേക്കാൾ പ്രായം കുറഞ്ഞവരാണ് സഹപാഠികൾ. അവരൊക്കെ ഒരുപാട് പിന്തുണക്കുന്നുണ്ട്'', ദയ പറയുന്നു.

മഹാരാജാസിൽ ബിഎ മലയാളത്തിനാണ് ദയ ഗായത്രി ചേർന്നിരിക്കുന്നത്. 2013 ൽ ഇതേ കലാലയത്തിൽ ഇക്കണോമിക്സ് ബിരുദത്തിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. അവളാകണമെന്ന ആഗ്രഹമായിരുന്നു മനസ്സു നിറയെ. പഠനത്തിന് രണ്ടാം സ്ഥാനമായിരുന്നു.  മറ്റാരെയുംകാൾ ഇന്നവൾ സ്വയം സ്നേഹിക്കുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ല, സമാധാനത്തോടെ അവളായി ജീവിക്കണം. 

മഹാരാജാസിൽ കാലു കുത്തുമ്പോൾ അമ്പരപ്പും പേടിയുമായിരുന്നു പ്രവീണിനും തീർത്ഥക്കും. ബിഎ ഇംഗ്ലീഷിനാണ് ഇരുവരും ചേർന്നത്. പെൺകുട്ടികളുടെ അടുത്തു ചെന്നിരിക്കാൻ തനിക്ക് ഭയമായിരുന്നുവെന്ന് തീർത്ഥ. ''പ്രവീണും ഞാനും ക്ലാസിൻറെ ഒരു മൂലക്ക് ചെന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല, മറ്റു കുട്ടികൾ അടുത്തു വിളിച്ചിരുത്തി. ലിംഗവ്യത്യാസങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. ട്രാൻസ്ജെൻഡറുകളായല്ല, മനുഷ്യരായാണ് ഞങ്ങളെ അവർ കണ്ടത്. മഹാരാജാസിൽ പഠിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു'', തീർത്ഥ പറയുന്നു.

theetha

കൊച്ചി മെട്രോയിൽ കസ്റ്റമർ റിലേഷൻസ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട് തീർത്ഥ. മഹാരാജാസിൽ അഡ്മിഷന്‍ കിട്ടിയപ്പോൾ ജോലി ഉപേക്ഷിച്ചു. ബിരുദപഠനത്തിനു ശേഷം എംഎസ്ഡബ്യൂ പഠിച്ച് സാമൂഹ്യപ്രവർത്തകയാകണമെന്നാണ് തീർത്ഥയുടെ ആഗ്രഹം, ഒപ്പം മോഡലിങ്ങ് മോഹങ്ങളുമുണ്ട്. 

സ്വത്വം വെളിപ്പെടുത്തിയതിൻറെ പേരിൽ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നവനാണ് പ്രവീൺ. മുൻപു പഠിച്ചിരുന്ന കോളേജിൽ നിന്നും കേൾക്കേണ്ടി വന്നതും പരിഹാസ സ്വരങ്ങൾ. പിന്നീട് ഡോക്ടർ ജയന്‍ സി കുന്തന്നൂർ എന്നയാളുടെ സഹായത്തോടെ ഹോര്‍മോൺ ചികിത്സ നടത്തി, അങ്ങനെ പ്രവീണ പ്രവീണ്‍ ആയി. പിന്നീട് ട്രാൻസ് വുമണായ സജ്ന ഷാജി പ്രവീണിനെ ദത്തെടുത്തു. തീര്‍ത്ഥയെപ്പോലെ സാമൂഹ്യപ്രവർത്തന രംഗത്ത് സജീവമാകാനാണ് പ്രവീണിൻറെയും ആഗ്രഹം. മഹാരാജാസിൽ പഠിക്കാനെത്തിയപ്പോഴുണ്ടായ അനുഭവം പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നുവെന്ന് പ്രവീൺ പറയുന്നു. ''അത് കൗതുകം കൊണ്ടാണോ എന്നറിയില്ല. പക്ഷേ യാതൊരു വിവേചനവും ഞാനീ കലാലയത്തിൽ നേരി‍ടുന്നില്ല. ആദ്യം എനിക്കു നേരെ മുഖം തിരിച്ച വീട്ടുകാരുടെ പിന്തുണയും ഇപ്പോൾ ഒപ്പമുണ്ട്. പഠനം പുനരാരംഭിച്ചതിൽ അവർക്ക് ഒരുപാട് സന്തോമുണ്ട്. അമ്മ ഇന്നലെയും വിളിച്ചു. ഓണത്തിന് വീട്ടിലേക്ക് വരണമെന്നു പറഞ്ഞു'', പ്രവീൺ പറഞ്ഞു നിർത്തി. 

three

സ്വന്തം ഉടലിൽ നിന്ന് ആൺ, പെൺ സ്വത്വങ്ങളിലേക്ക് ചേക്കേറിയ മൂവരെയും മഹാരാജാസ് രണ്ടു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഭിന്നലിഗക്കാർ എന്ന് വേര്‍തിരിക്കാതെ മനുഷ്യരായി അവരെ അംഗീകരിക്കുമ്പോൾ പോയ കാലത്തെ വേദനെയെല്ലാം ഇവരിൽ നിന്നും പതിയെ മായാൻ തുടങ്ങിയിട്ടുണ്ട്. സ്വത്വത്തിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകൾ ഇനിയില്ല, ഇവർക്കു മുന്നില്‍ വഴിമാറിത് ചരിത്രം. 

MORE IN SPOTLIGHT
SHOW MORE