അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്ക് അധ്യാപകന്റെ ‘സീരിയസ്’ കത്ത്

school-rain
SHARE

ചില പരിഭവങ്ങൾ അങ്ങനെയാണ്, പറയാതെ വയ്യ എന്ന അവസ്ഥയിലായിരിക്കും.  ആകാശത്ത് മഴക്കാർ കണ്ടാൽ കലക്ടറെ സ്വപ്നം കാണുന്ന വിദ്യാർഥികളും കലക്ടറുടെ ഫെയ്സ്ബുക്ക് പേ‍ജിൽ കണ്ണുംനട്ടിരിക്കുന്ന വിദ്യാർഥികളുെടയും അധ്യാപകരുടെയും തിരക്കിൽ വേറിട്ട ഒരു കത്തെഴുതിയിരിക്കുകയാണ് ഇൗ അധ്യാപകൻ.

അവധി നൽകിയതിനല്ല കനത്ത മഴയെ തുടർന്ന് സ്‌കൂളിന് അവധി നൽകിയത് അറിയാൻ വൈകിയ അധ്യാപകൻ കലക്ടർക്ക് എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂർ ഇരിട്ടി സ്വദേശിയും കാസർകോട് പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി അദ്ധ്യാപകനുമായ എന്‍.എൻ.അബൂബക്കർ ആണ് അവധി വിവരം അറിഞ്ഞില്ലെന്നും മഴകാരണമുള്ള അവധി തലേ ദിവസം പ്രഖ്യാപിച്ച് കൂടെ എന്നും ചോദിച്ച് സോഷ്യൽ മീഡിയയിൽ കാസർകോട് ജില്ലാ കലക്റ്റർക്ക് കത്തെഴുതിയത്. 

കാസർകോട് ജില്ലയിലെ പള്ളിക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍ അറബിക് അധ്യാപകനാണ് വികലാംഗനായ അബൂബക്കർ മാഷ്. പക്ഷേ മാഷിന്‍റെ വീട് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ്. ഇരിട്ടിയില്‍ നിന്ന് രാവിലെ 6.30 ന്‍റെ ബസിന് കേറുന്ന മാഷ് 7.20 കണ്ണൂരിലെത്തും. പിന്നെ അവിടെ നിന്ന് ട്രെയിനിൽ കയറിയാണ് സ്കൂളിലെത്തുന്നത്. മഴ തുടങ്ങിയതോടെ ട്രെയിനുകളും വൈകി. അതോടെ യാത്ര ദുരിതമായി.

വൈകീട്ടും അതുപോലെ തന്നെ 4 മണിക്ക് സ്കൂള്‍ വിടും. 4.45 വരെ പത്താം ക്ലാസിന്‍റെ സ്പെഷ്യല്‍ ക്ലാസ്. അത് കഴിഞ്ഞ് ഒരുവിധത്തില്‍ കാഞ്ഞങ്ങാടെത്തുമ്പോള്‍ സമയം 5.30. പിന്നെ അവിടെ നിന്ന് 7 മണിയോടെ കണ്ണൂരെത്തും. പിന്നെ അവിടെ നിന്നും ബസ് പിടിച്ച് വീട്ടിലെത്തുമ്പോള്‍ സമയം രാത്രി 8 കഴിയും.  ഇതാണ് അബൂബക്കർ മാഷിന്റെ യാത്രാക്കഥ.  200 കിലോമീറ്ററോളം ദൂരം യാത്ര ചെയ്താണ് എല്ലാ ദിവസവും സ്കൂളിലെത്തുന്നത്. 

രാവിലെ 8 മണിക്ക് വണ്ടി കണ്ണപുരമെത്തിയപ്പോഴാണ് കലക്ടർ കാസർകോട് ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചത് അറിഞ്ഞത്. കണ്ണപുരമിറങ്ങി വീട്ടിലേക്ക് പോയാല്‍ എത്താന്‍ ഉച്ച കഴിയും. അതിനാല്‍ സ്കൂളിലേക്ക് തന്നെ പോകാന്‍  തീരുമാനിച്ചത്. അതിനേക്കാള്‍ പ്രധാനം 1000-ളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് പള്ളിക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. ഇന്നത്തേയ്ക്കുള്ള കുട്ടികളുടെ ഉച്ച ഭക്ഷണത്തിനാവശ്യമായ കടല ഇന്നലെ തന്നെ വെള്ളത്തിലിട്ട് വയ്ക്കും. ഇന്ന് ഇനി ഈ കടല മുഴുവനും ഉപയോഗ ശൂന്യമാകും. അവധി നൽകാത്തിനും നൽകിയതിനും പ്രശംസയും വിമർശനവും കേൾക്കുന്ന കലക്ടർക്ക് പുതിയ അനുഭവമായിരുന്നു അവധി നേരത്തെ പ്രഖ്യാപിക്കാത്തതിനുള്ള കത്ത്. 

.

സാമൂഹ്യമാധ്യമങ്ങളില്‍  പ്രചരിക്കുന്ന അബൂബക്കർ മാഷിന്‍റെ കത്തിന്‍റെ പൂർണ്ണ രൂപം.

ബഹുമാനപ്പെട്ട കാസറഗോഡ് ജില്ലാ കലക്ടർ,

കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ ഇരിട്ടി നഗരസഭയിൽ നിന്ന് കാസറഗോഡ്‌ ജില്ലയിലെ പള്ളിക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ദിനംപ്രതി 200-ലധികം കിലോമീറ്റർ ബസ്സിലും ട്രെയിനിലുമായി യാത്ര ചെയ്ത് വരുന്ന വികലാംഗനായ അധ്യാപകനാണ് ഞാൻ.  ഇന്നും പതിവ് പോലെ പുലർച്ചെ ഉറക്കമുണർന്ന് ദുരിതപൂർണ്ണമായ യാത്ര പാതി വഴി പിന്നിട്ടപ്പോഴാണ് ശക്തമായ മഴയെത്തുടർന്ന് കാസറഗോഡ് ജില്ലയിലെ ഹോസ്ദുർഗ് , വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് 20/7/18 വെള്ളി അവധി നൽകിക്കൊണ്ടുള്ള താങ്കളുടെ ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയാനിടയായത്.

സാർ,

വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഉചിതമായ തീരുമാനം താങ്കൾ കൈക്കൊണ്ടത് ഉചിതം തന്നെ.  എങ്കിലും അതിനിത്ര കാലവിളംബം വരുത്തിയതെന്തിനെന്ന് മനസ്സിലാവുന്നില്ല.  താരതമ്യേന മഴ കൂടുതലായിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ അവധി നൽകാതെ മഴ കുറഞ്ഞ ഇന്ന്, അതും അധ്യാപകരും വിദ്യാർത്ഥികളും സ്കൂളുകളിലേക്ക് പുറപ്പെട്ട ഈ വൈകിയ വേളയിൽ അവധി പ്രഖ്യാപിച്ചതിന്‍റെ ഔചിത്യം മനസ്സിലാവുന്നില്ല. 

സാർ,

ഞാനേതായാലും സ്കൂളിലേക്ക് പുറപ്പെട്ടു.  പാതിയിലധികം വഴി പിന്നിട്ടു.  മംഗലാപുരത്തേക്കള്ള മലബാർ എക്സ്പ്രസ്സിലിരുന്നാണ് ഇതെഴുതുന്നത്.  ഇനി തിരിച്ചു പോകുന്നതിലർത്ഥമില്ല.  ഇന്ന് ഞാൻ സ്റ്റാഫ് റൂമിൽ എന്‍റെ സീറ്റിലുണ്ടാകും.  ഉച്ചവരെയെങ്കിലും.  താങ്കളുടെ വൈകിയ വിവരവിനിമയത്തിൽ പ്രതിഷേധ സൂചകമായി .

വിനയപൂർവ്വം.

എൻ. എൻ. അബൂബക്കർ

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,

പള്ളിക്കര, കാസറഗോഡ്.

MORE IN SPOTLIGHT
SHOW MORE