ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത; കരച്ചിലോടെ ഈ അമ്മയും അച്ഛനും

flight-singapore
SHARE

മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് ഞങ്ങളുടെ തെറ്റുകൊണ്ടാണോ എന്ന് വേദനയോടെ ചോദിക്കുകയാണ് ഇവിടെ ഒരു അച്ഛനും അമ്മയും. പ്രത്യേക പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് ഇന്ത്യക്കാരായ ദമ്പതികളെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണ് ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു വിമാനത്തിൽ കയറിയപ്പോഴാണു ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഏറെനേരത്തെ അധിക്ഷേപത്തിനുശേഷം ഇറക്കിവിട്ടത്.

ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു. 

സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റന്റെ നേതൃത്വത്തിൽ ജീവനക്കാർ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ ‌നടത്തിയിട്ടുണ്ട്. ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കാര്യം പറഞ്ഞാൽ അവരെല്ലാം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നും ദിവ്യ സങ്കടത്തോടെ പറഞ്ഞു. 

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. ഒൻപതു കിലോയിൽ കുറവായതിനാൽ അവൾക്കു പ്രത്യേകം ടിക്കറ്റ് എടുക്കാറില്ല. മടിയിലാണു മിക്കവാറും ഇരുത്താറുള്ളത്. എന്നാൽ ഇത്തവണ മോൾക്കു ടിക്കറ്റ് എടുത്തിരുന്നു. വിമാനത്തിനുള്ളിൽ കയറുമ്പോൾ ക്യാപ്റ്റൻ ഞങ്ങളുടെ അടുത്തുവന്നു കാര്യങ്ങൾ തിരക്കാറുണ്ട്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റും അനുവദിക്കാറുണ്ട്. ഇത്തവണ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. 

അവധിക്കാലത്തിന്റെ തുടക്കം ദുഃസ്വപ്നം ആകുന്നതു നേരിട്ടനുഭവപ്പെട്ടു. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാൻ ശ്രമിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.

മുഴുവൻ യാത്രക്കാരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. ഞങ്ങളുടെ ലഗേജ് പുറത്തിറക്കിയതായി പിന്നാലെ അറിയിപ്പു വന്നു. തൊട്ടുപിന്നാലെ ഞങ്ങൾക്കും ഇറങ്ങേണ്ടി വന്നു– ദിവ്യ പറഞ്ഞു. ഇത്രയും പറഞ്ഞത് ചിലതു വ്യക്തമാക്കാനാണ്. പരിഹാസങ്ങൾ സഹിക്കാനാവാത്തതിനാലാണ്. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

MORE IN SPOTLIGHT
SHOW MORE