ദാസേട്ടൻ പഠിപ്പിച്ചു, പിന്നെ ദാസേട്ടനെ പഠിച്ചു, ഡോക്ടറേറ്റും നേടി!

SHARE
yesudas-hithesh

വ്യത്യസ്ത അനുഭൂതികൾ സമ്മാനിക്കുന്ന ഒരു ഭാവഗീതം പോലെയാണ് ഹിതേഷ് കൃഷ്ണയ്ക്ക് ഗായകൻ കെ.ജെ.യേശുദാസ്. ഗാനഗന്ധർവന്റെ ശിഷ്യനായി, അദ്ദേഹത്തിന്റെ വീട്ടിൽ ഒരംഗത്തെപ്പോലെ താമസിച്ച് അഞ്ച് വർഷം സംഗീതം പഠിക്കുകയും ആ ജീവിതം അടുത്തുനിന്ന് അറിയുകയും അദ്ദേഹത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയും ചെയ്ത യുവാവിന് പക്ഷേ, ദുബായിൽ ജോലി സംഗീതവുമായി ഒട്ടും ബന്ധമില്ലാത്ത മറ്റൊരു മേഖലയിൽ. സ്വകാര്യ കമ്പനിയിൽ ഹെൽത്ത് ഇൻഷുറൻസ് കോഒാർഡിനേറ്റായ കൊല്ലം പുനലൂർ തൊളിക്കോട് കൃഷ്ണവിഹാറിൽ ജി.ഹിതേഷ് കൃഷ്ണയ്ക്കാണ് അപൂർവം ചിലർക്ക് ലഭിച്ച സൗഭാഗ്യം പിന്നീടുള്ള ജീവിതത്തിൽ ഇല്ലാതെ പോയത്.

hithesh2

2000 മുതൽ 2005 വരെയാണ് ഹിതേഷ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് സംഗീതവും പിന്നെ, അദ്ദേഹത്തിൻ്റെ ജീവിതവും പഠിച്ചത്. യേശുദാസിനോടൊപ്പം കച്ചേരികളിലും ഗാനമേളകളിലും പങ്കെടുത്തിട്ടുള്ള ഇൗ യുവാവിന് സംഗീത രംഗത്ത് മികച്ച ഭാവി ഇൗ മേഖലയിലുള്ള പ്രമുഖർ പോലും പ്രവചിച്ചിരുന്നു. എണ്ണിയെടുക്കാൻ പറ്റുന്ന ശിഷ്യഗണങ്ങളിൽപ്പെട്ടിട്ടും എന്തുകൊണ്ടോ ഇഷ്ടമേഖലയിൽ ഉപജീവനം കണ്ടെത്താൻ ഹിതേഷിന് പിന്നീട് സാധിച്ചില്ല. എങ്കിലും വൈകിയിട്ടില്ല, തന്റെ സുവർണനാളുകൾ ഇനിയും മുന്നിൽക്കിടക്കുകയാണെന്ന ഉറച്ച വിശ്വാസത്തിൽ ദുബായിലെ സ്വകാര്യ സദസ്സുകളിൽ പരിപാടികൾ അവതരിപ്പിച്ച് സംഗീതത്തെ മുന്നോട്ട് കൊണ്ടുപോകുന്നു.

ആ വിഗ്രഹം വീണുടയില്ല

യേശുദാസ് എന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ്. ആരൊക്കെ, എന്തൊക്കെ പറഞ്ഞുണ്ടാക്കിയാലും എത്ര വിവാദങ്ങളുയർന്നാലും ഹിതേഷിൻ്റെ മനസിലെ യേശുദാസ് എന്ന വിഗ്രഹം വീണുടയുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെല്ലാം ആ മഹാവ്യക്തിത്വത്തെ അറിയാത്തവരുട ജൽപനങ്ങളായേ കരുതുന്നുള്ളൂ. പാട്ടിന്റെ ആ പാലാഴിയെ അടുത്തറിഞ്ഞ ഒരാളുടെ വാക്കുകളായതിനാൽ തന്നെ ഹിതേഷിനെ പൂർണമായും വിശ്വസിക്കാനേ സാധിക്കൂ. കാരണം, മലയാളികളുടെ മനസിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന, ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഗന്ധർവഗായകന്റെ യഥാർഥമുഖമാണ് ഹിതേഷ് പുറംലോകത്തോട് വെളിപ്പെടുത്തുന്നത്. മലയാളികളുടെ ജീവിതത്തിന്റെ ഒാരോ നിമിഷത്തിലും ഗന്ധർവസംഗീതമുണ്ടെങ്കിലും യേശുദാസ് എന്ന വ്യക്തിയെ തൊട്ടടുത്ത് നിന്ന് കണ്ടയാളാണ് ഹിതേഷ്.

വ്യക്തി ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വളരെ സൂക്ഷ്മതയും ചിട്ടയും പുലർത്തുന്ന മനുഷ്യ സ്നേഹിയാണ് ദാസ് സാറെന്ന് ഹിതേഷ് പറയുന്നു:

1994ൽ 14–ാമത്തെ വയസിലായിരുന്നു ഞാൻ ദാസ് സാറിന്റെ ശിഷ്യനാകാൻ സമീപിക്കുന്നത്. സംഗീതത്തെ ആത്മാർഥമായി സ്നേഹിക്കുന്നുവെന്ന് മനസിലാക്കി, യാതൊരു വൈമുഖ്യവുമില്ലാതെ എന്നെ ശിഷ്യനായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ വീട് തന്നെ ഗുരുകുലമാക്കി പഠിപ്പിച്ചു. സ്വന്തം മക്കളോടൊപ്പം ഒരു മകനായി കരുതി സ്നേഹിച്ചു. സംഗീതത്തെയും ശിഷ്യന്മാരെയും ഇത്രമാത്രം ജീവിതത്തോട് ചേർത്തുനിർത്തുന്ന മറ്റൊരു കലാകാരനുണ്ടോ എന്ന് സംശയമാണ്. അതിലുപരി, കരുണാർദ്രമായ ഹൃദയമുള്ള നല്ലൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹമെന്നതിന് ഏറെ തെളിവുകൾ നിരത്താൻ സാധിക്കും.

hithesh

സംഗീതസാന്ദ്രമായ ബാല്യകാലം

പുനലൂരിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനും ബിസിനസുകാരനുമായ ഇടമുളയ്ക്കൽ കെ.ഗോപാലകൃഷ്ണൻ–ശോഭനാ ഗോപാലകൃഷ്ണൻ ദമ്പതികളുടെ മകനായാണ് ഹിതേഷ് ജനിച്ചത്. സഹോദരൻ: സതീഷ് കൃഷ്ണ. സംഗീത അന്തരീക്ഷം നിറഞ്ഞ ബാല്യകാലമായിരുന്നു ഹിതേഷിന്റേത്. അച്ഛൻ, അമ്മ, മുത്തശ്ശി, പിതൃ സഹോദരങ്ങൾ എന്നിവരെല്ലാം ചേർന്ന കൂട്ടുകുടുംബത്തിൽ സംഗീതത്തിലലിഞ്ഞായിരുന്നു ജീവിതം. 

വിപണിയിലിറങ്ങുന്ന എല്ലാ പാട്ടുകളുടെയും ഒാഡിയോ കാസറ്റുകൾ വാങ്ങി രാവിലെ മുതൽ വീട്ടിൽ പാടിച്ചുകൊണ്ടിരിക്കും. അത്തരമൊരന്തരീക്ഷത്തിൽ ജനിച്ചു വളർന്നതുകൊണ്ടു തന്നെ ഹിതേഷിന്റെ മനസിൽ സംഗീതം നിറഞ്ഞുനിന്നു. അന്നത്തെ പ്രധാന കാസറ്റ് കമ്പനിയായ തരംഗിണിയുടെ എല്ലാ കാസറ്റുകളും വീട്ടിലെത്തി. കുട്ടികൾക്ക് വേണ്ടി യേശുദാസും ചിത്രയും പാടിയ ഗുണപാഠകഥകളുടെ സ്വരമാധുരി കുട്ടിയായ ഹിതേഷിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. കൊടിയ വേനൽക്കാലം കുളങ്ങൾ വറ്റിയ കാലം.., കരടിമട കൊടുമല ചരിവുകളിൽ... തുടങ്ങുന്ന  ഹിറ്റ് ഗാനങ്ങൾ ഏറെ ആകർഷിച്ചു. പിന്നീടത്, ഉത്സവഗാനങ്ങളായി, ലളിതഗാനങ്ങളായി, സിനിമാ ഗാനങ്ങളായി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.  ഉത്സവഗാനങ്ങളിൽ, നാലുമണിപ്പൂവേ... എന്നു തുടങ്ങുന്ന ഗാനവും മറക്കാനാവില്ല. രാവിലെ മുതൽ കേൾക്കുന്ന മധുര ശബ്ദം ദാസ് സാറിന്റേതായിരുന്നു. അതൊരു കാന്തികശബ്ദമായി തീർന്നു. കൂടാതെ, അന്നു തൊട്ടേ യേശുദാസിന്റെ ആലാപന രീതി ഹഠാദാകർഷിച്ചു. പൂർണതയാണ് ആ ശബ്ദത്തിന്റെ അന്നും ഇന്നുമുള്ള ഏറ്റവും വലിയ പ്രത്യേകതയെന്ന് ഹിതേഷ് പറയുന്നു.

യേശുദാസിനോടും അദ്ദേഹത്തിൻ്റെ പാട്ടുകളോടുമുള്ള ഇഷ്ടം ഹിതേഷിനോടൊപ്പം വളർന്നുകൊണ്ടിരുന്നു. അത് പിന്നീട് സംഗീതം പഠിക്കാനും യേശുദാസിന്റെ പാട്ടുകൾ ഒരു ഭ്രാന്തായി ‌‌‌കൊണ്ടുനടക്കാനും കാരണമായി. എന്റെ സംഗീത പ്രേമം കണ്ട് അച്ഛൻ എന്നെ സംഗീത വിദ്യാലയത്തിൽ ചേർത്തു. 

പഠിച്ചുകൊണ്ടിരിക്കെ ഒരു ദിവസം, അന്ന് ആറ് വയസ്സാണ്, തലേന്ന് നല്ല മഴയുണ്ടായിരുന്നു. യേശുദാസിൻ്റെ പടമുള്ള ഒരു കാസറ്റ് കവർ വീട്ടുമുറ്റത്ത് വീണുകിടക്കുന്നു. ദൈവമേ, ആരാണീ ചിത്രം മഴയത്ത് കൊണ്ടിട്ടതെന്ന് ആലോചിച്ച് അതെടുത്ത് തുടച്ച് പുസ്തകത്തിനുള്ളിൽ വച്ചു. അന്നു മുതൽ മനസിൽ ഒരു ഉൾവിളി തുടങ്ങി– ദാസ് സാറാണ് നിന്റെ ഗുരു. ഞാനാ ചിത്രം പാട്ടുപഠിക്കുന്ന പുസ്തകത്തിൽ ഒട്ടിച്ചു. അന്നുമുതൽ ദാസ് സാറിന്റെ പടങ്ങളും കാസറ്റുകളും പാട്ടുകളുമെല്ലാം ശേഖരിക്കാൻ തുടങ്ങി. 

hithesh6

സംഗീതമെന്നാൽ ദാസ് സാർ, ദാസ് സാറെന്നാൽ സംഗീതം–ഇതായിരുന്നു മനസിലുറഞ്ഞുകിടന്നത്. സംഗീതം പഠിക്കുമ്പോൾ തന്നെ സ്കൂളിലും മറ്റും പാടി സമ്മാനങ്ങൾ നേടി. കലാപ്രതിഭയായി. ജില്ലാ തലത്തിൽ വരെ സമ്മാനങ്ങൾ ലഭിച്ചു. പത്ത് പാസ്സായപ്പോൾ അമ്മൂമ്മ പറഞ്ഞു, എനിക്കൊരു ആഗ്രഹമുണ്ട്. ഹിതേഷിനെകൊണ്ട് വീട്ടിനടുത്തുള്ള കൃഷ്ണൻ്റെ അമ്പലത്തിൽ തന്നെ അരങ്ങേറ്റം ചെയ്യിക്കണം. കച്ചേരിക്ക് പ്രാപ്തനായിട്ടില്ലെന്ന് മനസുപറഞ്ഞു. അതെല്ലാവരും അംഗീകരിച്ചു. അതിനാൽ, ആദ്യമായി പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗാനമേള അരങ്ങേറ്റം നടത്തി. അന്നത്തെ പ്രശസ്തമായ രാഗമാലിക ഒാർക്കെസ്ട്ര ഗ്രൂപ്പായിരുന്നു പിന്നണിയിൽ അണിനിരന്നത്. അന്നത് വളരെ ഗംഭീരമായി പര്യവസാനിച്ചു. തുടർന്ന് ഗാനമേളകൾ തുടർച്ചയായി നടന്നു. രാഗമാലികയുടെ സ്ഥിരം ഗായകനായി. എന്നാൽ അന്നും ഇന്നും തോന്നിയിട്ടില്ല, കച്ചേരി നടത്താൻ മാത്രം സംഗീതം പഠിച്ചു എന്ന്. 

ആദ്യമായി യേശുദാസിനെ കണ്ടുമുട്ടിയപ്പോൾ

സംഗീതം പഠിക്കാനും അതുവഴി ദാസ് സാറിലേക്കെത്തുകയുമായിരുന്നു ലക്ഷ്യം. അച്ഛന് അതറിയാമായിരുന്നു. ഒരു ദിവസം അച്ഛൻ പറഞ്ഞു: കഴിയുമെങ്കിൽ വൈകാതെ നമുക്ക് ദാസ് സാറിനെ കാണാൻ ഭാഗ്യം ലഭിക്കും, നന്നായി പ്രാർഥിച്ചോ. അന്നുതൊട്ട് അതുമാത്രമായിരുന്നു പ്രാർഥന. 

അന്ന് അദ്ദേഹത്തെ കാണാൻ കഴിയുക എന്നത് ലോട്ടറിയടിക്കുന്നതിലും വലിയ ഭാഗ്യമായിരുന്നു. മനസുരുകിയുള്ള പാർഥന ദൈവം കേട്ടു. 1993ൽ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ ഒരു കച്ചേരിക്ക് വന്ന ദാസ് സാറിനെ അച്ഛന്റെ സുഹൃത്തുക്കളായ സണ്ണിയങ്കിൾ, സുരേഷേട്ടൻ എന്നിവർ വഴി കണ്ടു. ദിവ്യതേജസ്സ് വന്നു മുന്നിൽനിന്ന അനുഭവമായിരുന്നു അത്. ആ അനുഭവം, അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ ആ രണ്ടുകൈകളുമെടുത്ത് തലയിൽ വച്ച് തൊഴുതു. കാണാൻ ആഗ്രഹിച്ച ദൈവം. എല്ലാവരുമായും സാധാരണ മനുഷ്യനെപ്പോലെയാണ് അദ്ദേഹം ഇടപെട്ടത്. അക്കാര്യത്തിൽ അന്നും ഇന്നും ഒരുപോലെ. 

യേശുദാസ് എന്ന ഗുരു

ദാസേട്ടനെ ദക്ഷിണവച്ച് നമസ്കരിക്കണമെന്ന് അവിടെവച്ച് സുരേഷേട്ടൻ പറഞ്ഞു. ഞാൻ ദക്ഷിണ വയ്ക്കണോ എന്ന തമാശ കലർന്ന ചോദ്യമായിരുന്നു ദാസ് സാറിന്റെ കമൻ്റ്: അതെങ്ങനെയാടോ തന്നെ പഠിപ്പിക്കാതെ ദക്ഷിണ വാങ്ങി ഗുരുവാണെന്ന് അവകാശപ്പെടുക? അതിനൊ‌ക്കെ കീഴ് വഴക്കങ്ങൾ പലതുമില്ലേ?  ഗുരുമുഖത്ത് വന്ന് പഠിക്കേണ്ടേ?–അദ്ദേഹം ആരാഞ്ഞു. അത് ന്യായമാണെന്നു എനിക്കും കൂടി നിന്നവർക്കും തോന്നി. അന്ന് ആ മോഹം ഉപേക്ഷിച്ചു. ഏതായാലും കാണാനും സംസാരിക്കാനും സാധിച്ചല്ലോ, അതു തന്നെ വലിയ ഭാഗ്യമാണെന്ന് കരുതി. 

hithesh5

ആ സംസാരത്തിന് ശേഷം അദ്ദേഹം കണ്ണടച്ച് ധ്യാനിച്ചു. രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞ് പെട്ടെന്ന് ചോദിച്ചു. ഇവിടുത്തെ കിഴക്കെവിടെ? വീട്ടുടമ കിഴക്ക് കാണിച്ചുകൊടുത്തു. അദ്ദേഹം എന്റെ കൈ പിടിച്ച് അദ്ദേഹത്തിൻ്റെ കൈക്കുള്ളിൽ വച്ച് ദക്ഷിണ സ്വീകരിച്ചു, അനുഗ്രഹിച്ചു. സുരേഷേട്ടൻ എന്നോട് പാട്ടുപാടാൻ പറഞ്ഞുപ്പോൾ ദാസ് സാർ സമ്മതിച്ചു. എന്താണ് പാടുക എന്ന് ആകെ പരിഭ്രമമായി. പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ... കൊണ്ടുപോകരുതേ എൻ മുരളി, കൊണ്ടുപോകരുതേ..എന്നലളിത ഗാനമാണ് പാടിയത്. പല്ലവി പാടി നിർത്തിയപ്പോൾ ബാക്കി പാടാൻ പറഞ്ഞു. സാർ, ഞാനത് മറന്നുപോയെന്ന് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ഭാര്യ പ്രഭാ മാഡത്തോട് പറഞ്ഞു: ഇവൻ എന്റെ ശിഷ്യൻ തന്നെയാണെടോ..എല്ലാവരും ചിരിച്ചു. പിന്നീട്, പുസ്തകത്തിലെഴുതിയിരുന്നത് നോക്കി പാടി മുഴുമിപ്പിച്ചു. സംഗീതം പഠിക്കുന്നുണ്ടോ എന്ന് ചോദിച്ച്, പാടാൻ പറഞ്ഞു. പാടി കേൾപ്പിച്ചു. 

പിന്നീടാണ്, ഡിപ്ലോമ കോഴ്സ് പഠിച്ചത്. പക്ഷേ, ഭാവിയിലെന്തായിത്തീരും എന്ന ആശങ്ക വീട്ടുകാരിലുണ്ടായപ്പോൾ, പ്രീഡിഗ്രി കഴിഞ്ഞ് സംഗീതം നോക്കാമെന്നായി അച്ഛൻ. പ്രീഡിഗ്രി പാസ്സായി. വീണ്ടും സംഗീതം പഠിക്കാൻ ആഗ്രഹം ശക്തവുമായി. ദാസ് സാറിനെ കാണാൻ പറ്റുന്ന സ്ഥലത്തെല്ലാം ഞങ്ങൾ ചെന്നു. ഞങ്ങളെ കാണുമ്പോൾ തന്നെ തിരിച്ചറിയുന്ന നിലയിലായി കാര്യങ്ങൾ. അദ്ദേഹം നിറഞ്ഞ പ്രോത്സാഹനം തന്നു. ഗുരുവിന്റെ സ്ഥാനം എന്താണെന്ന് മനസിൽ അരക്കിട്ടുറപ്പിച്ചു. പിന്നീടൊരിക്കൽ തിരുവല്ല നഗരസഭയുടെ ധനശേഖരാണാർഥം ഗാനമേള അവതരിപ്പിക്കാനെത്തിയപ്പോൾ ദാസ് സാറിന് വിശ്രമിക്കാൻ സൗകര്യമൊരുക്കിയത് എം. ജി. സോമൻ്റെ വീട്ടിലായിരുന്നു. ഹിതേഷ് ഇനി എന്തുചെയ്യണമെന്ന് അച്ഛന്‍ ആരാഞ്ഞപ്പോൾ സംഗീതം പഠിക്കട്ടെ, എന്നിട്ട് ചെന്നൈയിലേയ്ക്ക് വരൂ എന്ന് നിർദേശിച്ചു. അങ്ങനെ ചിന്മയാ കോളജിൽ ചേർന്നു. തുടർന്ന് ഡോ. ഒാമനക്കുട്ടി ടീച്ചറുടെ ഉടമസ്ഥതയിലുള്ള സംഗീതഭാരതി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎ പഠനം പൂർത്തിയാക്കി. കേരളാ യൂണിവേഴ്സിറ്റിയുടെ ഡിപാർട്മെൻ്റ്  ഒാഫ് മ്യൂസിക്കിൻ്റെ ആദ്യ ബാച്ചിൽ ചേർന്നു പഠിച്ച് എംഎ നല്ല മാർക്കോടെ പാസ്സായി. 

ഗുരുകുലത്തിലേയ്ക്ക്...

വീണ്ടും ദാസ് സാറിനെ കാണാൻ ചെന്നൈയിലേയ്ക്ക് പോയി. അദ്ദേഹം സ്വന്തം ഭവനത്തിൽ സന്തോഷപൂർവം സ്വീകരിച്ചു. വീട്ടിൽ തന്നെ നിന്ന് പഠിച്ചോളാൻ പറഞ്ഞു. മറ്റു പലരും ഇങ്ങനെ പഠിച്ചിട്ടുണ്ടെങ്കിലും തന്നോട് പ്രത്യേക വാത്സല്യം കാണിച്ചത് ഹിതേഷിന് ഒരിക്കലും മറക്കാനാവില്ല. അവിടത്തെ ഒരംഗമായി, മകനെപ്പോലെ കഴിഞ്ഞ് സംഗീതത്തിൽ മുങ്ങിത്താണു.

പ്രഭാമ്മ അമ്മയായിരുന്നു ഞങ്ങൾക്ക്. മക്കളെല്ലാം സഹോദരബന്ധം പുലര്‍ത്തി. വകതിരിവില്ലാതെ പെരുമാറി. ഭക്ഷണം, വസ്ത്രം എല്ലാം.. ആഘോഷങ്ങളിൽ മുഴുകിയ അഞ്ചുവർഷം. ദാസ് സാർ‌ എങ്ങനെ പഠിച്ചുവളർന്നു എന്നതുപോലെയായിരുന്നു ഞങ്ങളെയും വളർത്തിയത്. സംഗീതത്തെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യില്ല. രാവിലെ എണീറ്റാൽ മറ്റു കാര്യങ്ങളൊന്നുമില്ല, സംഗീതത്തിൽ മുഴുകൽ തന്നെ. അതെല്ലാം കണ്ടുപഠിക്കാൻ നിർദേശിച്ചു. ഒരു ഉച്ച സമയത്ത് തുടങ്ങി രാത്രി ഒൻപത് വരെ സംഗീതം പഠിച്ച ദിനങ്ങളുണ്ട്. അതൊക്കെ വലിയ അനുഭവമായിരുന്നു. മറ്റേതൊരു സംഗീതജ്ഞരെക്കാളും ദാസ് സാർ എന്തുകൊണ്ട് ഉയരങ്ങളിൽ നിൽക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു അദ്ദേഹത്തിന്റെ സംഗീത തപസ്യ. അന്ന് കിട്ടിയ പരിശീലനം എന്നിലെ സംഗീതത്തെ ഉൗതിക്കാച്ചിയെടുത്തു. പിന്നീട് അദ്ദേഹത്തോടൊപ്പം  കച്ചേരികളിൽ പങ്കെടുക്കാനും ഗാനമേളകളിൽ പാടാനും അവസരം ലഭിച്ചു. ഹൈദരാബാദിലെ ഭക്തിഗാന കച്ചേരിയിലും ചെന്നൈയിലെ ചെറിയ വേളാങ്കണ്ണി പള്ളിയിലും തിരുവനന്തപുരത്തെ പരിപാടിയിലും അദ്ദേഹത്തോടൊപ്പം പാടാനുള്ള മഹാഭാഗ്യം ലഭിച്ചു. ജീവതത്തിൽ ആദ്യമായി വിമാനയാത്ര നടത്തിയത് ദാസ് സാർ എടുത്തു തന്ന ടിക്കറ്റിലാണ്. 

ഡോ.ഹിതേഷ് കൃഷ്ണ

ഞാനടക്കമുള്ള സംഗീത വിദ്യാർഥികൾക്ക് യേശുദാസ് ഇന്നും മഹാ വിസ്മയമാണ്. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികളും ഇൗ ഗന്ധർവഗായകനെ എല്ലായ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ആ മഹാ സംഗീതോപാസകന്റെ ജീവിതം വരും തലമുറയ്ക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ ശേഖരിച്ചുവയ്ക്കണമെന്ന ചിന്തയിലാണ് ഗവേഷണ പ്രബന്ധം എന്ന ആശയത്തിലെത്തിച്ചേർന്നത്.  പത്മഭൂഷൺ യേശുദാസ് നൽകിയ സംഭാവനകൾ‌:  ജീവിക്കുന്ന ഇതിഹാസം എന്ന പേരിലുള്ള പഠനം  ഡോ.കെ.ഒാമനക്കുട്ടി ടീച്ചറിന്‍റെ മേൽനോട്ടത്തിൽ നടത്തി കണ്ണൂർ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.

hithesh4

മലയാള നാടക, സിനിമാ ചരിത്രം: യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ ലഘു ചരിത്രം, യേശുദാസിന്റെ ബാല്യകാല ജീവിതം, വിദ്യാഭ്യാസം, സംഗീതപഠനം, പിന്നണി ഗായകൻ, സാമൂഹിക ജീവിതം, വ്യക്തിത്വം, പുരസ്കാരങ്ങൾ തുടങ്ങിയ സകല തലങ്ങളും സ്പർശിക്കുന്ന ഗവേഷണം ജീവിക്കുന്ന ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായി. ഏഴ് വർഷത്തെ പരിശ്രമ ഫലമായിരുന്നു ഇൗ ഗവേഷണഗ്രന്ഥം. അഞ്ചുവർഷത്തിലേറെ യേശുദാസിനോടൊപ്പം ജീവിച്ചപ്പോൾ ലഭിച്ച അറിവുകൾ മാത്രം മതിയായിരുന്നു ഇത് തയ്യാറാക്കാൻ. എങ്കിലും യേശുദാസുമായി അടുത്തു ബന്ധപ്പെട്ടിരുന്ന സംഗീത സംവിധായകരായ രവീന്ദ്രൻ മാഷ്, അർജുനൻമാഷ്, ശ്രീകുമാരൻ തമ്പി, കാവാലം, എം.ജി.രാധാകൃഷ്ണൻ തുടങ്ങിയവരെ നേരിട്ടുകണ്ട് വിവരങ്ങൾ ശേഖരിച്ചു. 

hithesh7

മഹാഗായകനെക്കുറിച്ചുള്ള കാര്യങ്ങൾ പൂർണമായി അവതരിപ്പിച്ചു എന്ന് ഹിതേഷ് അവകാശപ്പെടുന്നില്ല. പക്ഷേ, ജീവിക്കുന്ന ഒരു സംഗീതജ്ഞനെക്കുറിച്ച് കേരളത്തിലൊരാൾ ഗവേഷണം നടത്തി ഗ്രന്ഥം തയ്യാറാക്കിയത് ഇതാദ്യമാണ്. എ ഫോർ സൈസ് കടലാസിൽ 405 പേജുള്ള പഠനത്തിൽ യേശുദാസിനെക്കുറിച്ചുള്ള അപൂർവ പത്രക്കട്ടിങ്ങുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഹിതേഷ്. 2011ലായിരുന്നു ഹിതേഷിന്റെ വിവാഹം. അന്ന് ചെട്ടികുളങ്ങര ക്ഷേത്ര നടയിൽ വരണമാല്യം ഹിതേഷിന് എടുത്തു നല്‍കിയത് സാക്ഷാൽ യേശുദാസ്. ഇന്ന് ഇൗ യുവാവിന്റെ സംഗീത യാത്രയ്ക്ക് ചേർത്തല നൈപുണ്യ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഭാര്യ ചിത്രയുടെ പൂർണ പിന്തുണയുണ്ട്. അഞ്ചുവയസുകാരൻ അനന്തജിത് കൃഷ്ണനാണ് മകൻ. ഹിതേഷിനെ ബന്ധപ്പെടാനുള്ള യുഎഇയിലെ നമ്പർ: 00971 55 7652992.

MORE IN SPOTLIGHT
SHOW MORE