അത് വികൃതിയല്ല, പെറ്റമ്മയുടെ വേര്‍പാട്; കണ്ണീരണിയിച്ച് ഇൗ കുട്ടിക്കൊമ്പന്‍, വിഡിയോ

chinnakanal-baby-elephant
SHARE

അതൊന്നും അവന്റെ കുസൃതിയായിരുന്നില്ല. ഉള്ളുലഞ്ഞുള്ള നൊമ്പരമായിരുന്നു. ചിന്നക്കനാലില്‍ നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ വികൃതികള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. എന്നാല്‍ ഇന്ന് അവനെയോര്‍ത്ത് ഇൗറനണിയുകയാണ് നാട്ടുകാര്‍. അവന്റെ ഉള്ളിലെ നൊമ്പരമായിരുന്നു അപ്പോള്‍ മഴയായി പെയ്തിറങ്ങിയതെന്ന് ഗ്രാമം തിരിച്ചറിയുന്നു. അവന്‍ ആ മഴ നനഞ്ഞ് റോഡിലൂടെ അഭയമില്ലാതെ ഒാടി. ഇതെല്ലാം വികൃതിയെന്ന് പറഞ്ഞ് ജനം ചിരിച്ചുകളിച്ചാസ്വദിച്ചു. പക്ഷേ ആ മിണ്ടാപ്രാണി പറഞ്ഞത് ജീവനറ്റ പെറ്റമ്മയെ കുറിച്ചായിരുന്നു. എതിരെ വന്ന ഒാട്ടോറിക്ഷയുടെ ചുവട്ടില്‍ അവന്‍ പറ്റിച്ചേര്‍ന്ന് നിന്നു. അമ്മയുടെ സമീപത്തെന്നപോലെ. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

chinnakanal-baby-elephant-1

വനത്തിനുള്ളിൽ ഇന്നലെ കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള കാട്ടാനയുടെ ജഡമാണ് കുട്ടിക്കൊമ്പനെ പെരുമാറ്റത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്നത്. കാരണം അവന്റെ അമ്മയുടെ ജഡമാണ് ഇന്നലെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.  അമ്മയെ നഷ്ടപ്പെട്ട വേദനയായിരുന്നു അവന്‍ കാട്ടിയത്. ഒാട്ടോറിക്ഷയോട് മുട്ടിയുരുമി നിന്നത് അത് അമ്മയാണോ എന്നറിയാനായിരുന്നു.

അമ്മയുടെ ചൂട് പറ്റിയിരിക്കേണ്ട സമയത്ത് അതില്ലാതായ കുഞ്ഞിന്റെ നൊമ്പരമായിരുന്നു ജനം വികൃതിയായി കണ്ടത്. എന്നാല്‍ അവന്റെ അന്നത്തിനുള്ള വഴിയും അവനെ മുന്നോട്ട് നയിക്കാനുള്ള തുണയും നഷ്ടമായതിന്റെ വേദനയായിരുന്നു അവന്‍ പ്രകടിപ്പിച്ചത്. അമ്മ ആന ചെരിഞ്ഞിട്ട് നാലുദിവസമായെന്നാണ് അധികൃതര്‍ നല്‍കുന്ന   വിവരം. അതിനാല്‍ തന്നെ നാല് ദിവസമായി കുട്ടിയാനയും പട്ടിണിയായിരുന്നു. അതാകാം അവനെ നാട്ടിലെത്തിച്ചത്. കുട്ടിക്കൊമ്പന്‍ ഇപ്പോള്‍ വനം വകുപ്പിന്റെ സംരക്ഷണത്തിലാണ്. വൈകാതെ തന്നെ ആനക്കൊട്ടിലിലേക്ക് മാറ്റും.

MORE IN SPOTLIGHT
SHOW MORE