പട്ടിണിക്കിടന്ന് മടുത്തു; ദയാവധം തരുമോ കലക്ടറെ; കണ്ണീരുമായി ഭിന്നലിംഗ വ്യക്തി

sujith-kumar-letter
SHARE

‘രാജ്യത്ത് പട്ടിണിയില്ലെന്ന് രാഷ്ട്രീയ നേതാക്കളും ഭരണകൂടവും പറയും. പക്ഷേ, അങ്ങനെയല്ല കേട്ടോ. പട്ടിണിയുണ്ട്. എന്റെ വീട്ടില്‍. ജോലിയില്ലാതെ എങ്ങനെ ആഹാരം കഴിക്കും. ജോലി ചെയ്യാന്‍ യോഗ്യതയുമുണ്ട്, മനസുമുണ്ട്. പക്ഷേ, ജോലി ആരെങ്കിലും തരേണ്ടേ. പിന്നെ, ഒരു വഴിയേയുള്ളൂ. മരണം. ദയാവധം വേണം.’’ തൃശൂര്‍ എടമുട്ടം സ്വദേശി സുജിയെന്ന സുജിത്കുമാറിന്റെ വാക്കുകളില്‍ ദയനീയമായ ജീവിത അവസ്ഥ വ്യക്തമാണ്. 

ട്രാന്‍സ്ജെന്‍ഡറല്ല ഞാന്‍. ജന്‍മനാ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട വ്യക്തി. കേരളത്തില്‍ ആദ്യമായി വോട്ടവകാശം നേടിയ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട ആളാണ്. ബി.എസ്.സി നഴ്സിങ് പഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി നഴ്സിങ് വിദ്യാഭ്യാസ യോഗ്യത നേടി. സൗദിയില്‍ നാലു വര്‍ഷം നഴ്സായി ജോലിയും ചെയ്തു. സ്ത്രീയാണെന്ന് പറഞ്ഞായിരുന്നു സൗദിയില്‍ ജോലി ചെയ്തത്. അവസാനം അവര്‍ ആ സത്യം കണ്ടുപിടിച്ചു. പിന്നെ ജോലിയും പോയി. പലയിടങ്ങളിലും ജോലി തേടിപ്പോയി. സ്വകാര്യ ആശുപത്രികളില്‍ അപേക്ഷ നല്‍കി. അപ്പോഴെല്ലാം ആശുപത്രിക്കാര്‍ പറഞ്ഞ മറുപടി ഇങ്ങനെ. ‘‘നിങ്ങള്‍ ഭിന്നലിംഗക്കാരല്ലേ, ആശുപത്രിയില്‍ വരുന്നവരെല്ലാം നിങ്ങളെ കാഴ്ചവസ്തുവായി കാണും. അതു കൊണ്ട് ജോലി തരാന്‍ പറ്റില്ല.’’ ഇത്തരം മറുപടികള്‍ കേട്ട് മടുത്തതോടെ ഇപ്പോള്‍ ജോലി അന്വേഷിക്കുന്നതും നിര്‍ത്തി. ഇനി ആകെയുള്ള ഒരു പ്രതീക്ഷ സര്‍ക്കാരിലാണ്. നിയമ സഹായിയായി പ്രതിമാസം എട്ടു ദിവസം ജോലി ചെയ്യുന്നുണ്ട്. ശമ്പളം കിട്ടുന്നത് അഞ്ചു മാസം കൂടുമ്പോഴാണെന്ന് മാത്രം. അച്ഛനും അമ്മയും മരിച്ചു. മൂന്നു സഹോദരങ്ങള്‍ കുടുംബസമേതം താമസിക്കുന്നു. അവരുടെ വീടുകളിലേക്ക് പോകാറില്ല. 

sujith-kumar

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടതിനാല്‍ സഹോദരങ്ങള്‍ക്കും വിഷമം. പൂച്ചയും വളര്‍ത്തു നായയും മാത്രമാണ് കൂട്ട്. തൃശൂര്‍ എടമുട്ടത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുമ്പോള്‍ വളര്‍ത്തു മൃഗങ്ങള്‍ അരികിലുണ്ടെന്നതാണ് ഏക ആശ്വാസം. മനുഷ്യരേക്കാളും വളര്‍ത്തുമൃഗങ്ങളാണ് സഹായം ചെയ്യുന്നതെന്ന് സുജി പറയുന്നു. അന്‍പത്തിയൊന്നു വയസേ ആയിട്ടുള്ളൂ. ജീവിക്കണമെന്നുണ്ട്. പക്ഷേ, പട്ടിണിക്കിടന്ന് ജീവിക്കണമെന്നില്ല. പട്ടിണി മാറ്റാന്‍ പോംവഴികളുമില്ല. അതുക്കൊണ്ട് മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു. ആത്മഹത്യം ചെയ്യാനില്ല. രാജ്യത്തെ നിയമം അനുശാസിക്കുന്ന ദയാവധം വേണം. അതു തീരുമാനിക്കേണ്ടത് ജില്ലാ കലക്ടറാണ്. സുജിയുെട നിവേദനം തൃശൂര്‍ കലക്ടറുടെ മേശപ്പുറത്തുണ്ട്. തീരുമാനം കാത്ത് സുജിയും. 

MORE IN SPOTLIGHT
SHOW MORE