കംപ്ലയിന്റ് ‘കോംപ്ലിമെന്റ്; ആയി; പരിഹാസത്തിൽ കുളിച്ച് ബിജെപിയുടെ പരാതി: ട്രോൾ വൈഭവം

bjp-deepak-shnkaranarayanan
SHARE

സാമൂഹ്യ പ്രവർത്തകൻ ദീപക് ശങ്കരനാരയണനെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടതിന് തൊട്ടു പിന്നാലെ ഡിജിപിക്ക് പരാതി നൽകാനെത്തിയ ബിജെപി നേതൃത്വം വെട്ടിൽ. കഠ്‌വ ബാലികയുടെ കൊലപാതകത്തിൽ സംഘപരിവാരിനെ രൂക്ഷമായി വിമർശിച്ചു പോസ്റ്റിട്ട ദീപക് ശങ്കരനാരയണനെതിരെയുളള പരാതിയിലാണ് പൊട്ടിച്ചിരിക്കു ഏറെ വകയുളളത്. ‘complaint against facebook post’ എന്നതിനു പകരം ‘compliment against facebook post’ എന്നാണ് ബിജെപി നേതൃത്വം നൽകിയ പരാതിയിൽ പറയുന്നത്. പ്രകോപനപരമായ കമന്റെന്ന് ബിജപി നേതൃത്വം പരാതി നൽകിയ കമന്റിന് ബിജെപിയുടെ തന്നെ അനുമോദനം.

കഠ്‌വ പെൺകുട്ടിയെ ക്രൂരമായി അധിക്ഷേപിച്ച് കമന്റിട്ട ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയർന്നതിന് സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്.പി ഇന്ത്യയുടെ ഫെയ്സ്ബുക്ക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്. 

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം #SolidarityWithDeepak എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ഇതിനിടെ ദീപക് ശങ്കരനാരായണന്‍ എച്ച്.പി.ജീവനക്കാരനല്ലെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE