105 ആടുകളെ കൊന്നുതിന്ന സിംഹത്തെ കര്‍ഷകന്‍ കുത്തിക്കൊന്നു

lion-attack
SHARE

കുറച്ചുകാലമായി കിയോകോ ഒലേ കിസിമോയി എന്ന ആട്ടിടയൻ കാത്തിരിക്കുകയായിരുന്നു ആ സിംഹത്തെ ഒന്നുകാണാൻ. എന്തിനാണെന്നു ചോദിച്ചാൽ കിസിമോയിയുടെ 105 ആടുകളെയാണ് ഏതാനും ദിവസങ്ങൾക്കകം സിംഹം കൊന്നു തിന്നത്. കെനിയയിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കിസിമോയിയുടെ ആടിനെ കെട്ടിയിട്ട സ്ഥലത്ത് സിംഹം വീണ്ടും എത്തി. ഇത്തവണ രണ്ട് സിംഹങ്ങളാണ് ആടുകളെ ആക്രമിക്കാനെത്തിയതെന്ന് കിസിമോയി തന്നെ പറയുന്നു. 

കിസിമോയിയുടെ വാക്കുകളിങ്ങനെ. 'പുലർച്ചെ നാലുമണിയാണ് സമയം. ആടുകളെ കെട്ടിയിട്ട സ്ഥലത്തുനിന്ന്  ഒരു ഗർജനം കേട്ടു. തുടർന്ന് ആടുകളുടെ കൂട്ടക്കരച്ചിലും. അപ്പോൾ ഞാൻ എന്റെ കുന്തവും ടോർച്ചും എടുത്ത് പുറത്തിറങ്ങി. ആടുകളെ കൂട്ടത്തോടെ കെട്ടിയിട്ട സ്ഥലത്തേക്കു പോയി. രണ്ടു സിംഹങ്ങൾ ആടുകളെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നെ കണ്ടതോടെ കൂട്ടത്തിലെ പെൺസിംഹം ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ പ്രണരക്ഷാർഥം കുന്തമുപയോഗിച്ച് അതിനെ കുത്തിക്കൊല്ലുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു'. കിസിമോയി പറയുന്നു.  മറ്റെന്തെങ്കിലും വന്യമൃഗങ്ങളായിരിക്കും ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം കരുതിയത്. എന്നാൽ കൂടിനടുത്തെത്തിയപ്പോഴാണ് സിംഹമാണെന്ന് മനസിലായത്. ആടുകൾ ചത്തതോടെ തനിക്ക് വലിയ ധനനഷ്ടമാണ് ഉണ്ടായതെന്നും ഈ കൃഷിക്കാരൻ പറഞ്ഞു.

കെനിയയിൽ വളർത്തുമൃഗങ്ങളെ സിംഹമടക്കമുള്ള വന്യമൃഗങ്ങൾ വേട്ടയാടുന്നത് നിത്യ സംഭവമാണ്. സിംഹത്തെ കീഴടക്കാൻ പ്രത്യേക പരിശീലനം തന്നെ ഇവിടത്തെ ഗോത്ര വിഭാഗക്കാർക്ക് നൽകുന്നത്. അത്തരത്തിൽ പരിശീലനം ലഭിച്ചതിനാലാണ് തനിക്ക് രക്ഷപ്പെടാനായതെന്നും ഇയാൾ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE